കുഞ്ഞ് ദുവയ്ക്ക് കൂട്ട് വരുന്നു; വീണ്ടും അമ്മയാകാൻ പോകുന്ന സന്തോഷം പങ്കുവച്ച് ദീപിക പദുക്കോൺ
ബോളിവുഡ് സൂപ്പർ താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിംഗും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചു. ദമ്പതികൾ അവരുടെ മകൾ ദുവയെ ചേർത്തുനിർത്തി ഗർഭ പരിശോധന കിറ്റ് പിടിച്ചുനിൽക്കുന്ന മനോഹരമായ ചിത്രം സഹിതം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഒട്ടേറെ പേരാണ് ആശംസകളുമായി എത്തുന്നത്.
2018 നവംബറിൽ ഇറ്റലിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു ദീപികയും രൺവീർ സിംഗും വിവാഹിതരായത്. 2024 സെപ്തംബർ എട്ടിനാണ് ഇരുവർക്കും മകൾ ജനിച്ചത്. ജനിച്ച് രണ്ടുമാസങ്ങൾക്ക് ശേഷം മകളുടെ പേര് താരങ്ങൾ വെളിപ്പെടുത്തിയിരുന്നു. 'ദുവ പദുകോൺ സിംഗ് ' എന്നായിരുന്നു പേര്. ദുവ എന്നാൽ പ്രാർത്ഥന എന്നാണർത്ഥം. ഞങ്ങളുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരമാണ് അവൾ എന്നാണ് അന്ന് ദീപിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
തന്റെ ആദ്യ ഗർഭം സങ്കീർണ്ണമായിരുന്നുവെന്ന് ദീപിക ഒരിക്കൽ പങ്കുവച്ചിരുന്നു. പ്രത്യേകിച്ച് അവസാന മൂന്ന് മാസങ്ങളിൽ. എട്ട് മുതൽ ഒമ്പത് വരെ മാസങ്ങൾ ശാരീരികമായും വൈകാരികമായും തളർച്ചയുണ്ടാക്കുന്നതായിരുന്നുവെന്നും ഒരേ സമയം വ്യത്യസ്ത വികാരങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്നും ദീപിക പറഞ്ഞിരുന്നു. ധുരന്ധർ 2 എന്ന സിനിമയുടെ ചിത്രീകരണത്തിൽ നിന്ന് ഇടയ്ക്കിടെ ഇടവേളകൾ എടുക്കുന്ന തന്റെ ഭർത്താവ് രൺവീർ സിംഗിനോടുള്ള നന്ദിയും ദീപിക അന്ന് രേഖപ്പെടുത്തിയിരുന്നു.