തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം,​ രക്ഷപ്പെടുത്തിയത് ക്രിക്കറ്റ് ഹെൽമറ്റ് ധരിപ്പിച്ച്

Saturday 30 May 2026 9:43 PM IST

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം. സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാപൂരിൽ തിരഞ്ഞെടുപ്പിന് പിന്നാലെ അക്രമങ്ങൾക്കിരയായ പാർട്ടി പ്രവർത്തകരെ കാണാനെത്തിയപ്പോഴായിരുന്നു സംഭവം. അഭിഷേക് ബാനർജിക്ക് നേരെ ചീമുട്ടയെറിയുകയും അദ്ദേഹത്തിന്റെ ഷർട്ട് വലിച്ചു കീറുകയും ചെയ്തു. ഒടുവിൽ ക്രിക്കറ്റ് കളിക്കുമ്പോൾ ധരിക്കുന്ന ഹെൽമെറ്റ് വച്ചാണ് അദ്ദേഹത്തെ ആൾക്കൂട്ടത്തിൽ നിന്ന് പുറത്തുകൊണ്ടുവന്നത്.

കൊല്ലപ്പെട്ട തൃൺമൂൽ പ്രവർത്തകന്റെ വീട് സന്ദ‍ർശിക്കാൻ പോകുന്നതിനിടെയാണ് ജനക്കൂട്ടം അഭിഷേക് ബാനർജിയെ ആക്രമിച്ചത്. അഭിഷേകിന് നേരെ തടിച്ചുകൂടിയ ജനക്കൂട്ടം ചോർ,​ ചോർ (കള്ളൻ,​ കള്ളൻ)​ എന്ന് മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്തു. ആക്രമണങ്ങൾക്ക് പിന്നിൽ ബി.ജെ.പിയാണെന്ന് അഭിഷേക് ബാനർജി ആരോപിച്ചു. അവർ എന്നെ കൊല്ലാനാണ് ശ്രമിക്കുന്നത്. പൊലീസ് കൂടുതൽ സേനയെ അയച്ച് ഇരകളുടെ കുടുംബങ്ങൾക്ക് സംരക്ഷണം നൽകുന്നത് വരെ ഈ സ്ഥലം വിട്ട് പോകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം ആരോപണങ്ങൾ ബി.ജെ.പി ബംഗാൾ ഘടകം നിഷേധിച്ചു. മുട്ടയേറിലോ കൈയേറ്റത്തിലോ ബി.ജെ.പിക്ക് പങ്കില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷൻ സമിക് ഭട്ടാചാര്യ അറിയിച്ചു. അഭിഷേക് ബാനർജിക്ക് എതിരായ ആക്രമണത്തെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അപലപിച്ചു.