അന്ത്യകർമങ്ങൾ കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം, മരിച്ചയാൾ വീടിന് മുന്നിൽ നിൽക്കുന്നു; ഞെട്ടി കുടുംബം

Thursday 21 May 2026 12:50 PM IST

റാഞ്ചി: മരിച്ചെന്ന് കരുതി അന്ത്യകർമങ്ങൾ നടത്തി അടക്കം ചെയ്‌ത യുവാവ് ദിവസങ്ങൾക്ക് ശേഷം ജീവനോടെ തിരിച്ചെത്തി. ജാർഖണ്ഡിലാണ് സംഭവം. 45കാരനായ വിശ്രാം മുണ്ടയാണ് വീട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ചുകൊണ്ട് തിരിച്ചെത്തിയത്.

മേയ് പത്തിനാണ് മുണ്ടയെ കാണാതായത്. ഒരു വിവാഹത്തിൽ പങ്കെടുക്കാനായി വീട്ടിൽ നിന്ന് പോയ അദ്ദേഹം തിരിച്ചെത്തിയിരുന്നില്ല. കുടുംബം വ്യാപക തെരച്ചിൽ നടത്തിയെങ്കിലും മുണ്ടയെ കണ്ടെത്താനായില്ല. അടുത്തദിവസം ഒരു അഴുക്കുചാലിൽ നിന്ന് പൊലീസിന് അജ്ഞാത മൃതദേഹം ലഭിച്ചു. വിവരമറിഞ്ഞ് ഖുന്തി സദർ ആശുപത്രിയിലെത്തിയ ബന്ധുക്കൾ അത് മുണ്ടയാണെന്ന് പറഞ്ഞ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മൃതദേഹത്തിന്റെ ഉയരം, ശരീരഘടന, മുഖം എന്നിവ മുണ്ടയുടേത് പോലെയായിരുന്നു എന്നാണ് ഗ്രാമവാസികളും പറയുന്നത്. ഗോത്ര ആചാരങ്ങളനുസരിച്ചാണ് ആ മൃതദേഹം സംസ്‌കരിച്ചത്. ഈ സംഭവങ്ങൾ നടന്നതറിയാതെ ദിവസങ്ങൾക്ക് ശേഷം മകളുടെ വാടക വീട്ടിലേക്ക് മുണ്ട എത്തി. ആദ്യം വീട്ടുകാർ ഭയന്നെങ്കിലും പിന്നീട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. ആരെയും അറിയിക്കാതെ താൻ രാംഗഡിലേക്ക് പോയതാണെന്ന് അദ്ദേഹം പറഞ്ഞു. അടക്കം ചെയ്‌ത മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനായി പുറത്തെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.