SignIn
Kerala Kaumudi Online
Wednesday, 10 June 2026 4.08 AM IST

'ശിക്ഷ കഠിനമായിരിക്കും, ആരായാലും ക്ഷമിക്കില്ല; സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി വിജയ്

cm-vijay

ചെന്നൈ: തമിഴ്നാട്ടിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപീകരിച്ച പ്രത്യേക വനിതാ സുരക്ഷാ വിഭാഗമായ 'സിങ്കപ്പെൺ പ്രത്യേക ദൗത്യ സംഘം' ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളോട് തന്റെ സർക്കാർ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും, സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വിജയ് മുന്നറിയിപ്പ് നൽകി.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി 354 കോടിയിലധികം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. തുടക്കത്തിൽ നിലവിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ പുനർവിന്യാസിച്ച് കൊണ്ടായിരിക്കും ദൗത്യസംഘം പ്രവർത്തിക്കുക. രണ്ടാം ഘട്ടത്തിൽ ഇതിനായി 2,500 പുതിയ തസ്തികകൾ സൃഷ്ടിക്കും. തമിഴ്‌നാട്ടിലുനീളം സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനാണ് 'സിങ്കപ്പെൺ ദൗത്യസംഘം' രൂപീകരിച്ചിരിക്കുന്നത്. സ്ത്രീകൾക്കെതിരെ കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരിക്കും സംഘം പ്രവർത്തിക്കുക. കൂടാതെ സ്ത്രീകൾ കൂടുതൽ എത്തുന്ന സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്യും. ചടങ്ങിൽ പ്രത്യേക സേനയ്ക്കായുള്ള വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിർവ്വഹിച്ച ശേഷം അതിലൊരു വാഹനം വിജയ് സ്വയം ഓടിക്കുകയും ചെയ്തു.

മുൻ ഡിഎംകെ സർക്കാരിനെതിരെ വിജയ് പരോക്ഷമായി വിമർശനം ഉന്നയിച്ചു. മയക്കുമരുന്ന് ഉപയോഗമാണ് തമിഴ്നാട്ടിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമെന്നും ഡിഎംകെ കഴിഞ്ഞ കുറേ വർഷങ്ങളായി പ്രശ്നം ഫലപ്രദമായി കൈകാര്യം ചെയ്തിരുന്നില്ലെന്നും വിജയ് ആരോപിച്ചു. 'സ്ത്രീ സുരക്ഷയ്ക്ക് ഭംഗം വരുത്തുന്നവർ ആരായാലും അവരോട് ക്ഷമിക്കില്ല. ഇതൊരു മുന്നറിയിപ്പായി നൽകുകയാണ്. ശിക്ഷ വളരെ കഠിനമായിരിക്കും. ഇരകൾക്ക് പെട്ടെന്ന് നീതി ഉറപ്പാക്കാൻ പൊലീസ് വേഗത്തിൽ കുറ്റപത്രം സമർപ്പിക്കണം. അതേസമയം, നിരപരാധികളായ ആരും പീഡിപ്പിക്കപ്പെടുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണം,' - വിജയ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAY, TAMILADU, CM VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360