
മുംബയ്: 2025 ഏകദിന ലോകകപ്പ് കിരീടനേട്ടത്തോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ നീണ്ട കാത്തിരിപ്പിനായിരുന്നു അറുതിയായത്. ഇപ്പോഴിതാ പുതിയ ആത്മവിശ്വാസത്തോടെ അടുത്ത പോരാട്ടത്തിന് ഒരുങ്ങുകയാണ് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം. ജൂൺ 12 ന് ആരംഭിക്കുന്ന വനിതാ ട്വന്റി-20 ലോകകപ്പിനാണ് ഇന്ത്യ ഒരുങ്ങുന്നത്. 2025ലെ ലോകകപ്പ് വിജയം ടീമിലുള്ളവരുടെ മാനസികാവസ്ഥയെ പൂർണമായും മാറ്റിമറിച്ചുവെന്ന് മദ്ധ്യനിര ബാറ്റർ ജെമീമ റോഡ്രിഗസ് വ്യക്തമാക്കി. ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട സാദ്ധ്യതകളെക്കുറിച്ച് ജിയോസ്റ്റാറിന്റെ ചാമ്പ്യൻസ് ഹഡിൽ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. വലിയ ടൂർണമെന്റുകളുടെ ഫൈനലിൽ ഉണ്ടാകാറുള്ള മാനസിക സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിഞ്ഞ വർഷത്തെ വിജയം സഹായിച്ചുവെന്നാണ് ജെമീമയുടെ വിലയിരുത്തൽ.
'കഴിഞ്ഞ തവണ ടീമിലെ ഓരോരുത്തരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോയവരാണ്. ആ കടമ്പ നമ്മൾ ഒരിക്കൽ വിജയകരമായി മറികടന്നു, അത് വീണ്ടും ആവർത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. മുൻപൊക്കെ കിരീടവിജയം നമ്മൾ സങ്കൽപ്പിക്കുക മാത്രമാണ് ചെയ്തിരുന്നതെങ്കിൽ, ഇപ്പോൾ അത് നമ്മൾ അനുഭവിച്ചറിഞ്ഞു. ഇത് ടീമിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി.'- ജെമീമ പറഞ്ഞു.
കഴിഞ്ഞ തവണ ലോകകപ്പ് നേടിയ മുൻനിര താരങ്ങളെല്ലാം ടീമിൽ നിലനിൽക്കുമ്പോൾ തന്നെ, ഇത്തവണ കഴിവ് തെളിയിക്കാൻ ഒട്ടനവധി യുവതാരങ്ങളും സ്‌ക്വാഡിലുണ്ട്. വലിയ ടൂർണമെന്റുകളിലെ സമ്മർദ്ദത്തെ അതിജീവിക്കാൻ യുവതാരങ്ങളെ സഹായിക്കേണ്ടത് സീനിയർ കളിക്കാരുടെ ചുമതലയാണെന്ന് വനിതാ ടീമിന്റെ പരിശീലകൻ അമോൽ മുജുംദാർ ഓർമ്മിപ്പിച്ചു. തങ്ങളുടെ അനുഭവസമ്പത്ത് യുവതാരങ്ങളുമായി പങ്കുവയ്ക്കാൻ സീനിയേഴ്സ് കാത്തിരിക്കുകയാണെന്ന് ജെമീമയും വ്യക്തമാക്കി.
ലോക ചാമ്പ്യന്മാരായി എത്തുന്നതിനാൽ ഇത്തവണ ഇന്ത്യ ടൂർണമെന്റിലെ 'അണ്ടർഡോഗ്സ്' അല്ല, മറിച്ച് കിരീടം നേടാൻ ഏറ്റവും സാദ്ധ്യതയുള്ള ടീം തന്നെയാണ്. ആ വെല്ലുവിളിയെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും ജെമീമ പറയുന്നു. 'ഒരു തവണ ജയിച്ചാൽ അവിടെ നിർത്താൻ ആരും ആഗ്രഹിക്കില്ല. അത് രണ്ടും മൂന്നുമൊക്കെയായി ഉയർത്താനാണ് ശ്രമിക്കുക. ലോകത്തെവിടെ പോയാലും സ്വന്തം നാട്ടിൽ കളിക്കുന്ന അനുഭൂതിയാണ് ഇന്ത്യൻ ആരാധകർ നമുക്ക് സമ്മാനിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണയും നമ്മൾ തന്നെയാണ് ഫേവറിറ്റുകൾ, അതിൽ യാതൊരു സംശയവുമില്ല.' ജെമീമ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |