SignIn
Kerala Kaumudi Online
Tuesday, 09 June 2026 6.28 PM IST

പാക് അധീന കാശ്മീരിൽ സംഘ‌ർഷം രൂക്ഷം; പ്രതിഷേധകാ‌ർക്ക് നേരെ സുരക്ഷാസേനയുടെ വെടിവയ്പ്പ്, പതിനൊന്ന് മരണം

pakisthan-occupied-kashmi

ശ്രീനഗർ: പാക് അധീന കാശ്മീരിൽ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പതിനൊന്നു മരണം. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മേഖലയിൽ സാധാരണക്കാർക്ക് നേരെ പാകിസ്ഥാൻ അധികൃതർ അമിത ബലപ്രയോഗം നടത്തുകയാണെന്നും റാവലകോട്ടിൽ ജൂൺ അഞ്ച് മുതൽ പ്രതിഷേധം ശക്തമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

മേഖലയിലെ പാകിസ്ഥാൻ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് നിലവിലെ പ്രതിഷേധം. ബർണാല, ഭിംബർ, മിർപൂർ, കോട്ലി, മുസാഫറബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം ആഞ്ഞടിക്കുകയാണ്. ജനക്കൂട്ടത്തിന് നേരെ സുരക്ഷാസേന വ്യാപകമായി കണ്ണീർവാതകവും ലാത്തിച്ചാർജ്ജും പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി പാക് അധികൃതർ മേഖലയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാ‌ർത്താവിനിമയ സംവിധാനങ്ങൾ പൂർണ്ണമായും വിച്ഛേദിച്ചതായും പ്രതിഷേധക്കാരെ കൂട്ടത്തോടെ അറസ്റ്റുചെയ്ത് നീക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, പിഒകെയിലെ പാക് അതിക്രമങ്ങൾക്കെതിരെ ബ്രിട്ടനിലും പ്രതിഷേധം ശക്തമാവുകയാണ്. പാക് അധീന കശ്മീരിലെ മനുഷ്യാവകാശ ലംഘനത്തിൽ ബ്രിട്ടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 50ലധികം ബ്രിട്ടീഷ് എംപിമാർ ബ്രിട്ടീഷ് സർക്കാരിന് കത്ത് നൽകി.

തങ്ങളുടെ ബന്ധുക്കളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് യുകെയിലെ നിരവധി പാക് പൗരന്മാർ പരാതിപ്പെട്ടതായി പാക് വംശജനായ ബ്രാഡ്‌ഫോർഡ് ഈസ്റ്റ് എംപി ഇമ്രാൻ ഹുസൈൻ വ്യക്തമാക്കി. ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണാൻ പാകിസ്ഥാന് മേൽ നയതന്ത്ര സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.

ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിലവിൽ പ്രതിഷേധം നടക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി പാക് അധീന കാശ്മീരിൽ സാമ്പത്തികവും രാഷ്ട്രീയവുമായ വിവിധ വിഷയങ്ങളിൽ നിരന്തരമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു സിവിൽ സൊസൈറ്റി സഖ്യമാണ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി. ഇവർ നടത്തിയ പല സമരങ്ങളും അവസാനിച്ചത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ്. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്താണ് കഴിഞ്ഞ ആഴ്ച അധികൃതർ ഈ സംഘടനയെ നിരോധിച്ചത്.

പാക് അധീന കാശ്മീരിലെ റീജിയണൽ അഡ്മിനിസ്‌ട്രേഷൻ ഭീകരവിരുദ്ധ നിയമപ്രകാരമാണ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയെ നിരോധിച്ചത്. നിരോധനം നിലവിലുണ്ടെങ്കിലും തങ്ങളുടെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കയറ്റം, വൈദ്യുതി ക്ഷാമം, തൊഴിലില്ലായ്മ, രാഷ്ട്രീയ അവഗണന എന്നിവയാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്ന പ്രധാന വിഷയങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, PAKISTHAN OCCUPIED KASHMIR, PROTEST, SECURITY FORCE, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360