
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും സാഹചര്യം രൂക്ഷമാകുന്നു. അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്‌റ്റർ ഇറാൻ വെടിവച്ചിട്ടതിന് പിന്നാലെ ഇറാൻ ദ്വീപുകൾക്ക് നേരെ അമേരിക്ക ശക്തമായ മിസൈൽ ആക്രമണം നടത്തിയിരിക്കുകയാണ്. ഹോർമുസിന് സമീപമുള്ള ബന്ദർ അബ്ബാസ്, ഖിഷം ദ്വീപ്, ജാസ്‌ക്, സിറിക് എന്നീ പ്രദേശങ്ങളിലാണ് അമേരിക്കൻ വ്യോമാക്രമണം ഉണ്ടായത്. ഇതിന് മറുപടിയായി ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പടയ്‌ക്ക് നേരെയും ജോർദാനിലെ അമേരിക്കയുടെ വ്യോമ കേന്ദ്രത്തിന് നേരെയും ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് മിസൈൽ ആക്രമണം നടത്തിയതോടെ മേഖലയിൽ കനത്ത ആശങ്ക നിലനിൽക്കുകയാണ്.
അമേരിക്കൻ സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് (സെന്റ്‌കോം) തങ്ങളുടെ ഭാഗത്ത് നിന്ന് ആക്രമണം നടന്നതായി സ്ഥിരീകരിച്ചു. അപ്പാച്ചെ ഹെലികോപ്‌റ്റർ തകർത്തതിനും അമേരിക്കൻ സൈനികർക്കും വാണിജ്യ കപ്പലുകൾക്കും നേരെ നടന്ന നിരന്തരമായ ആക്രമണങ്ങൾക്കുമുള്ള മറുപടിയായാണ് ഈ നടപടിയെന്ന് സെന്റ്‌കോം വ്യക്തമാക്കി. വ്യോമസേനയുടെയും നാവികസേനയുടെയും ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ച് ഇറാന്റെ എയർ ഡിഫൻസ് സംവിധാനങ്ങൾ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുകൾ, റഡാർ സൈറ്റുകൾ എന്നിവയാണ് അമേരിക്ക ലക്ഷ്യമിട്ടത്.
യുഎസ് ആക്രമണത്തിന് ശേഷം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി അമേരിക്കയ്‌ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി. യുദ്ധക്കളത്തിലെ തോൽവികൾക്ക് ശേഷം ഇറാന്റെ ദൃഢനിശ്ചയം പരീക്ഷിക്കാനാണ് വാഷിംഗ്‌ടണിന്റെ ശ്രമമെന്നാണ് അരാഗ്‌ചി കുറിച്ചിരിക്കുന്നത്. ഇറാന്റെ സായുധ സേന ഒരു ആക്രമണത്തിനും ഭീഷണിക്കും മുന്നിൽ വഴങ്ങില്ലെന്നും യുഎസ് സേന ഇറാൻ വിട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
തകർന്നത് യുഎസിന്റെ കരുത്തുറ്റ പോരാളി
ഇതുവരെ നിർമിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും കരുത്തുറ്റ ആക്രമണ ഹെലികോപ്‌റ്ററാണ് ഇന്നലെ തകർന്നുവീണ എഎച്ച് -64 അപ്പാച്ചെ ഗൺഷിപ്പ്. യുഎസ് കരസേനയ്‌ക്കായി എഴുപതുകളിൽ വികസിപ്പിച്ചെടുത്ത ഈ ഹെലികോപ്‌റ്റർ ടാങ്കുകൾ തകർക്കാനും വ്യോമ പിന്തുണ നൽകാനും ഏത് കാലാവസ്ഥയിലും പ്രവർത്തിക്കാനും അനുയോജ്യമാണ്. ഇറാനെതിരെയുള്ള പോരാട്ടത്തിൽ യുഎസിന്റെ കരുത്തുള്ള പോരാളിയായിരുന്നു ഈ ഹെലികോപ്‌റ്റർ. നിലവിൽ ഇവയുടെ നിരവധി പതിപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട്. അതിൽ എഎച്ച്-64ഇ അപ്പാച്ചെ ഗാർഡിയനാണ് ഏറ്റവും ആധുനികം.
അപ്പാച്ചെ ആദ്യമായി പങ്കാളിയാകുന്ന വലിയ പോരാട്ടം ഗൾഫ് യുദ്ധത്തിലായിരുന്നു. ഇറാഖി റഡാർ കേന്ദ്രങ്ങളും കവചിത വാഹനങ്ങളും തകർക്കുന്നതിൽ ഇത് നിർണായക പങ്ക് വഹിച്ചു. തുടർന്ന് അഫ്‌ഗാനിലും ഇറാഖിലും വ്യാപകമായി ഉപയോഗിച്ചു. എല്ലാ പോരാട്ടങ്ങളിലും മികവ് തെളിയിച്ച ഈ ഹെലികോപ്‌റ്റർ യുഎസിന് പുറമേ ബ്രിട്ടൺ, ഇന്ത്യ, ജപ്പാൻ, സൗദി അറേബ്യ തുടങ്ങിയ സേനകളും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |