ജപ്പാനിൽ മസ്‌ജിദ് പണിത് പാക് പൗരന്മാർ; അനുമതി നൽകിയിട്ടില്ലെന്നും അനധികൃത നിർമാണമെന്നും അധികൃതർ

Wednesday 03 June 2026 2:13 PM IST

ടോക്കിയോ: ജപ്പാനിൽ മസ്‌ജിദ് പണിത് പാകിസ്ഥാൻ പൗരന്മാർ. പിന്നാലെ കെട്ടിടം പണിതത് അനുമതിയില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ജാപ്പനീസ് അധികൃതർ. ജപ്പാനിലെ കവാഗോയിൽ 4500 ചതുരശ്ര അടിയിൽ പർവത - വന മേഖലയിലാണ് യശിയോ മസ്‌ജിദ് നിർമിച്ചിരിക്കുന്നത്. നഗരവൽക്കരണ നിയന്ത്രണ മേഖലയിലാണ് ഈ പ്രദേശം വരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക അനുമതിയില്ലാതെയുള്ള നിർമ്മാണം ഇവിടെ നിരോധിച്ചിട്ടുണ്ട്.

2025 മാർച്ചിൽ ഫുജിമി ആസ്ഥാനമായുള്ള ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നിന്ന് കവാഗോ വിലാസത്തിൽ രജിസ്റ്റർ ചെയ്ത ഒരു സ്ഥാപനത്തിലേക്ക് മസ്‌ജിദ് നി‌ർമിച്ചിരിക്കുന്ന ഭൂമി കൈമാറ്റം ചെയ്യപ്പെട്ടതായി സ്വത്ത് രേഖകൾ കാണിക്കുന്നു. ആവശ്യമായ ക്ളിയറൻസില്ലാതെയാണ് പള്ളി പണിതതെന്നാണ് കവാഗോ സിറ്റി അധികൃതർ പറയുന്നത്. 2000ൽ ഒരു ഫാക്‌ടറിയിലായിരുന്നു മസ്‌ജിദ് പ്രവർത്തനം ആരംഭിച്ചത്. 2007ൽ മത കോർപ്പറേഷനായി രജിസ്റ്റർ ചെയ്തു.

റിപ്പോർട്ടുകൾ പുറത്തുവന്നതിനുപിന്നാലെ നിയമങ്ങൾ പാലിക്കണമെന്ന് ജപ്പാനിലെ പാക് പൗരന്മാരോട് പാകിസ്ഥാൻ എംബസി ആവശ്യപ്പെട്ടു. ആരാധനാലയങ്ങളുടെ നിർമ്മാണമുൾപ്പെടെ എല്ലാ കാര്യങ്ങളിലും ജാപ്പനീസ് നിയമങ്ങൾ പൂർണമായും പാലിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ അനുമതികൾ നേടാതെ ഒരു നിർമ്മാണ പദ്ധതിയും ആരംഭിക്കാൻ പാടില്ലെന്നും എംബസി പാക് പൗരന്മാരോട് നിർദേശിച്ചു.

പാക് എംബസിക്ക് ഇത്തരം പദ്ധതികളുമായി യാതൊരു ബന്ധവുമില്ലെന്നും അധികൃതർ വ്യക്തമാക്കി. ജാപ്പനീസ് നിയമങ്ങൾക്കനുസൃതമായി ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാകിസ്ഥാൻ അംബാസഡർ മസ്‌ജിദിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തതെന്നും എംബസി അറിയിച്ചു.