
തൃശൂർ: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗിലുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ച ബൈക്കുകളുടെ ഉടമകൾ കൺസ്യൂമർ കോടതിയിൽ ഹർജി നൽകും. നഷ്‌ടപരിഹാരം ലഭിക്കുന്നതിനും തുടർനടപടികൾ ആലോചിക്കുന്നതിനുമായി ടു വീലർ യൂസേഴ്‌സ് അസോസിയേഷനാണ് വേദിയൊരുക്കിയത്. റെയിൽവേയിൽ നിന്ന് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയിൽ വ്യക്തിപരമായി കേസുകൾ ഫയൽ ചെയ്യാൻ യോഗം തീരുമാനിച്ചു.
കഴിഞ്ഞ ഞായറാഴ്‌ച രാവിലെ ആറരയോടെയാണ് തൃശൂർ റെയിൽവേ പാർക്കിംഗിൽ തീപിടിത്തമുണ്ടായത്. 300ഓളം ബൈക്കുകൾ കത്തിനശിച്ചു. റെയിൽവേയുടെ അനാസ്ഥയാണ് തീപിടിത്തത്തിന്റെ തീവ്രത വർദ്ധിപ്പിച്ചതെന്ന് ദൃക്‌സാക്ഷികളിലൊരാളായ സുനിൽ പറഞ്ഞിരുന്നു. ബൈക്കുകൾക്ക് തീപിടിച്ച കാര്യം ഉടൻ തന്നെ സ്റ്റേഷൻമാസ്റ്ററെ അറിയിച്ചിട്ടും അവർ അഗ്നിരക്ഷാ സേനയെ അറിയിക്കാൻ വൈകിയെന്നാണ് സാക്ഷി പറയുന്നത്.
ഈസ്റ്റ് എസ്‌ഐയെ വിളിച്ച് പറഞ്ഞതിനെത്തുടർന്നാണ് 6.40ന് ആദ്യത്തെ യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയത്. അപ്പോഴേക്കും തീ ആളിപ്പടരുകയും അണയ്‌ക്കാൻ കഴിയാത്തവിധം രൂക്ഷമാവുകയും ചെയ്‌തു. പാർക്കിംഗ് സ്ഥലത്ത് അൽപ്പനേരം മുമ്പ് നിർത്തിയിട്ട സ്വന്തം വണ്ടി കത്തുന്നത് അകലെനിന്ന് കാണുകയല്ലാതെ മറ്റൊന്നും ചെയ്യാനായില്ലെന്നും സുനിൽ പറഞ്ഞു.
വാടിന്റെ താക്കോൽ, വണ്ടിയുടെ ഒറിജിനൽ രേഖകൾ, ക്യാമറയുടെ ലെൻസ് പോലുള്ള വിലപിടിപ്പുള്ള വസ്‌തുക്കൾ തുടങ്ങിയവ പലർക്കും നഷ്‌ടമായിട്ടുണ്ട്. സ്ഥലം എംപി ഇതുവരെയും തീപിടിത്തത്തെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. റെയിൽവേയുടെ ഭാഗത്ത് നിന്ന് സഹകരണമുണ്ടായില്ല. കത്തിനശിച്ച 120ലേറെ വാഹനങ്ങളുടെ ഉടമകൾ യോഗത്തിനെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |