ന്യൂഡൽഹി: ലോകത്തിന് മാതൃകയായ കേരളത്തിലെ ആരോഗ്യരംഗം തകർച്ചയുടെ വക്കിലാണെന്ന് ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തൽ തെളിയിക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി ഗുരുതരമായ വിഷയത്തിൽ മൗനം പാലിക്കുന്നത് സാധാരണക്കാരുടെ കാര്യത്തിൽ താത്‌പര്യമില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നം സംവിധാനത്തിലെ തകരാറാണെന്ന് ആരോഗ്യ മന്ത്രി സമ്മതിക്കുന്നതും സർക്കാരിന്റെ പരാജയമാണ് കാണിക്കുന്നത്. ആദ്യ പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന ശൈലജയുടെ കാലം മുതൽ തുടങ്ങിയ പ്രശ്‌നങ്ങളാണിത്.
തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പരിയാരം മെഡിക്കൽ കോളേജുകൾ വൻ പ്രതിസന്ധിയിലാണ്. കോട്ടയം മെഡിക്കൽ കോളേജിൽ വിദഗ്ദ്ധർക്ക് പകരം ആയിരക്കണക്കിന് പാർട്ടി അനുഭാവികളെ താത്‌ക്കാലികക്കാരായി തിരുകിക്കയറ്റി. താലൂക്ക് ആശുപത്രികളിലും പി.എച്ച്.സികളിലും ഡോക്ടർമാരും നഴ്‌സുമാരും മരുന്നുകളുമില്ല.
വാർഷികാഘോഷത്തിന് വാരിക്കോരി കോടികൾ ചെലവാക്കുന്ന സർക്കാരിന് പാവപ്പെട്ട രോഗികൾക്ക് മരുന്ന് വാങ്ങാൻ പണമില്ല.സത്യം തുറന്നു പറഞ്ഞ ഡോ. ഹാരിസിനെതിരായ വിജിലൻസ് നീക്കം തെറ്റായ നടപടിയാണ്. പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |