
തൃശൂർ: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രത്തിൽ വ്യാപക തകരാറ്. ചില പോളിംഗ് സ്റ്റേഷനുകളിൽ ഇതുവരെ വോട്ടിംഗ് ആരംഭിച്ചിട്ടില്ല. മറ്റിടങ്ങളിൽ വോട്ടിംഗ് ആരംഭിച്ച് മിനിട്ടുകൾക്കകംതന്നെ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കുകയായിരുന്നു.
കണ്ണൂരിലെ രാമന്തളി ജിഎം യു പി സ്കൂൾ, രാമനാട്ടുകര ഗണപത് യുപി സ്കൂൾ, മുക്കം നഗരസഭ താഴക്കോട് ഗവ.എൽപി സ്കൂൾ, ചക്കിട്ടപാറ പഞ്ചായത്തിലെ ചക്കിട്ടപാറ സെന്റ് ആന്റണീസ് എൽപി സ്കൂൾ, കോഴിക്കോട് ബേപ്പൂർ വെസ്റ്റ് ഗവ.എൽപി സ്കൂൾ, പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലിഷ് മീഡിയം സ്കൂൾ തുടങ്ങിയയിടങ്ങളിൽ ക്രമീകരിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങളാണ് തകരാറിലായത്.
ഇന്ന് വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്. സമയം അവസാനിക്കുമ്പോൾ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെ റീപോളിംഗും ഇന്നാണ്. എല്ലായിടത്തും ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
അതേസമയം, കാഞ്ഞങ്ങാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരെ പോളിംഗ് സ്റ്റേഷനിൽ നിന്ന് പുറത്താക്കി. കാഞ്ഞങ്ങാട് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സനൂപ് ജോൺ, നിഷാദ് എന്നിവർക്കെതിരെയാണ് നടപടി. ഇന്നലെ രാത്രി ഇരുവരും മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുകയായിരുന്നു. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിൽ ഇരുവർക്കെതിരെയും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |