തിരുവനന്തപുരം: 'പിണറായിസം' അവസാനിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിട്ടുള്ള പി.വി.അൻവറിന് എൽ.ഡി.എഫ് മാത്രമല്ല, യു.ഡി.എഫും ഇപ്പോൾ മുഖ്യശത്രുവാണ്. അൻവറിന്റെ പോർവിളി മുമ്പൊരിക്കലുമില്ലാത്ത ഐക്യത്തിലേക്ക് യു.ഡി.എഫിനെ
എത്തിക്കുകയും ചെയ്തു.
മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലുള്ള എൽ.ഡി.എഫിന് നിലമ്പൂർ സാങ്കേതികമായി ഒരു പ്രശ്നവും സൃഷ്ടിക്കില്ല. പക്ഷേ, ഇടതു മുന്നണിവിട്ട അൻവർ
മുഖ്യമന്ത്രിയെ വ്യക്തിപരമായി ടാർഗറ്റ് ചെയ്തതോടെ കളിമാറി. യു.ഡി.എഫിലെ ചക്കളത്തിൽ പോരു നോക്കി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്ന തന്ത്രം പയറ്റാൻ കാത്തുനിൽക്കാതെ എം.സ്വരാജിനെ കളത്തിലിറക്കി പോരിന് മൂച്ഛ കൂട്ടിയ ഇടതു പക്ഷം രണ്ടും കല്പിച്ചാണ്. പ്രതിപക്ഷ നേതാവും യു.ഡി.എഫ് കൺവീനറും കെ.പി.സിസി പ്രസിഡന്റും ഒരേമനസോടെ നിലയുറപ്പിച്ചതോടെ അൻവറിന്റെ യു.ഡി.എഫ് പ്രവേശവും അസ്ഥാനത്തായി. രമേശ് ചെന്നിത്തലയും കെ.സുധാകരനുമൊക്കെ അഴകൊഴമ്പൻ അഭിപ്രായപ്രകടനം നടത്തിയെങ്കിലും കോൺഗ്രസും യു.ഡി.എഫും അതുക്കും മേലേക്ക് പോയി. യു.ഡി.എഫ് കൺവീനർ അടൂർപ്രകാശ് മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കൃത്യമായ ലക്ഷ്യത്തോടെയാണ്.
തനിക്ക് താനും പുരയ്ക്ക് തൂണും എന്ന മട്ടിലേക്ക് മാറിയ അൻവറിന് രണ്ട് പോംവഴികൾ മാത്രം. ഒന്നുകിൽ യു.ഡി.എഫിന് വിധേയനാവുക, അല്ലെങ്കിൽ സഹതാപ തരംഗമുണ്ടാക്കി പരമാവധി വോട്ടു നേടുക. ആരു ജയിച്ചാലും അത് 'താൻ കാരണമാണെന്ന' വൈക്കം മുഹമ്മദ് ബഷീർ സിദ്ധാന്തം കണ്ടെത്തി ആശ്വസിക്കാമെന്ന് മാത്രം. അൻവറിനെ കാണാൻ പോയ രാഹുൽമാങ്കൂട്ടത്തിൽ എം.എൽ.എയുടെ നടപടി പുറമെ ആരും ഗൗരവത്തിലെടുത്തില്ലെങ്കിലും മുതിർന്ന നേതാക്കൾ രൂക്ഷമായ ഭാഷയിൽ അതൃപ്തി രേഖപ്പെടുത്തിയതായാണ് അറിയുന്നത്. അൻവർ മത്സരത്തിനിറങ്ങുകയും കാര്യമായ വോട്ടുകൾ കിട്ടാതിരിക്കുകയും ചെയ്താൽ രാഷ്ട്രീയ വനവാസമല്ലാതെ മറ്റു മാർഗ്ഗവുമില്ല. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിറുത്തി തുച്ഛമായ വോട്ടുകൾ നേടിയപ്പോൾ മുതൽ അൻവറിന്റെ രാഷ്ട്രീയ ഗ്രാഫ് താഴ്ന്ന് തുടങ്ങിയിരുന്നു.
കേരള കോൺഗ്രസ് വിട്ട് എത്തിയ മോഹൻജോർജിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ മത്സരം കൊഴുപ്പിക്കാനില്ലെന്ന സൂചനയാണ് ബി.ജെ.പി നൽകുന്നത്.
കണക്കുകൾ അൻവറിന്
അനുകൂലമല്ല
2011-ൽ സ്വന്തം പ്രദേശമായ ഏറനാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച പി.വി.അൻവർ 11,246 വോട്ടുകൾക്കാണ് മുസ്ലീം ലീഗിലെ പി.കെ.ബഷീറിനോട് തോറ്റത്.
2016-ൽ ഇടതുപക്ഷ പിന്തുണയിൽ നിലമ്പൂർ മണ്ഡലത്തിൽ ആര്യാടൻ ഷൗക്കത്തിനെ 11,504 വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി അൻവർ നിയമസഭയിലെത്തി. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി 12,284 വോട്ടുകളാണ് അന്ന് നേടിയത്.
2021ൽ 2700 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് കിട്ടിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായ വി.വി പ്രകാശിനെ സ്വന്തം പാട്ടിക്കാർ വാരിയെന്ന ആക്ഷേപം അന്ന് കേട്ടിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥിക്ക് അന്ന് കിട്ടിയതാവട്ടെ 8595 വോട്ടും.
സംസാരിക്കുന്ന ഈ കണക്കുകൾ അൻവറിന് പ്രതീക്ഷ നൽകുന്നതല്ല. ഇനിയുള്ള കാര്യങ്ങൾ രാഷ്ട്രീയ അടിയൊഴുക്കിലാണ്.
അനുകൂലം
അനുകൂലം
ആര്യാടൻ ഷൗക്കത്ത്
മുസ്ലിംലീഗിന്റെ കൈമെയ് മറന്നുള്ള പിന്തുണ ഇപ്പോഴുണ്ട്. നിലമ്പൂരിന് സുപരിചിതനാണെന്നതും ആര്യാടൻ മുഹമ്മദിന്റെ മകനെന്നതും അനുകൂലഘടകമാണ്. നിലമ്പൂർ നഗരസഭാ ചെയർമാനായുള്ള പ്രവർത്തനവും ആദിവാസി മേഖലകളിലടക്കം ചെയ്ത കാര്യങ്ങളും ഗുണം ചെയ്യും. കോൺഗ്രസ് നേതൃനിര ഐക്യത്തോടെ രംഗത്തുണ്ട്.
എം. സ്വരാജ്
സി.പി.എമ്മിലെ യുവനേതാക്കളിൽ ശ്രദ്ധേയനായതിനാൽ സ്വന്തം നാട്ടുകാർക്ക് താല്പര്യം കൂടും. ഇടതുപക്ഷത്തിന്റെ വോട്ടുകൾ ചോരാതെ നിറുത്താനുള്ള കഴിവ് സ്വരാജിനുണ്ടെന്നാണ് വിലയിരുത്തൽ. പാലസ്തീൻ വിഷയത്തിലെ നിലപാടുകൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
പ്രതികൂലം
അൻവർ പിടിക്കുന്ന വോട്ടുകൾ ആർക്ക് ക്ഷീണമുണ്ടാക്കുമെന്ന ആശങ്കയിലാണ് ഇരുമുന്നണികളും. ഇരു മുന്നണികളിലെയും നേതാക്കൾ ഓർക്കാൻ ഇഷ്ടപ്പെടാത്ത മുൻകാലനിലപാടുകളും പ്രവൃത്തികളും പറഞ്ഞാകും അൻവറിന്റെ പ്രചാരണം.
പി.വി. അൻവർ വിഷയം അടഞ്ഞ അദ്ധ്യായം. നിലമ്പൂരിൽ മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ്. അതിൽ യു.ഡി.എഫ് വിജയിക്കും. കോൺഗ്രസ് ഒറ്റക്കെട്ടായി യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കും.
-പി.കെ.കുഞ്ഞാലിക്കുട്ടി
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി
പി.വി.അൻവറുമായി ഇനി ചർച്ചയ്ക്കും ഇടപെടലുകൾക്ക് ഇനി പ്രസക്തിയില്ല. അൻവറിനെ മുന്നണിയിൽ എടുക്കുന്നതിനോട് ആർക്കും എതിർപ്പില്ല. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അൻവർ പിന്തുണയ്ക്കുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ല. അൻവർ മത്സരിക്കുന്നത് യു.ഡി.എഫിനെ ബാധിക്കില്ല. അവിടെ നടക്കുന്നത് രാഷ്ട്രീയ മത്സരമാണ്. യു.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും.
-രമേശ് ചെന്നിത്തല
കോൺഗ്രസ് നേതാവ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ വെല്ലുവിളിയല്ല. യു.ഡി.എഫ് മത്സരത്തിനിറങ്ങിയത് അൻവറിനെ കണ്ടല്ല. ആര്യാടൻ ഷൗക്കത്ത് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. അൻവറിന് മുന്നിൽ യു.ഡി.എഫ് വാതിൽ അടച്ചെന്നോ തുറന്നെന്നോ പറയാനില്ല. നാമനിർദ്ദേശ പത്രിക സമർപ്പിച്ചാലും പിൻവലിക്കാൻ സമയമുണ്ട്.
-അടൂർ പ്രകാശ്
യു.ഡി.എഫ് കൺവീനർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |