മലപ്പുറം: പി.വി.അൻവറിനെ അനുനയിപ്പിക്കാൻ രാത്രി അദ്ദേഹത്തിന്റെ വീട്ടിൽ പോയ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ രൂക്ഷ വിമർശനം. ശനിയാഴ്ച രാത്രി 11ന് അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തിയ രാഹുൽ മടങ്ങിയത് 12നാണ്. അടച്ചിട്ട മുറിയിലായിരുന്നു ചർച്ച. അൻവറുമായി ചർച്ച വേണ്ടെന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയെ പിന്തുണച്ചാൽ മാത്രം അദ്ദേഹത്തിന് വഴങ്ങിയാൽ മതിയെന്നുമായിരുന്നു കോൺഗ്രസ് നിലപാട്. സി.പി.എം സ്ഥാനാർത്ഥിയായി എം.സ്വരാജ് എത്തിയതോടെ കടുത്ത മത്സരത്തിന് വഴിയൊരുങ്ങിയ സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ അനുനയത്തിന് ശ്രമിച്ചത്. കൂടിക്കാഴ്ച രഹസ്യമായിരുന്നെങ്കിലും ഇരുവരും ഹസ്തദാനം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചു.
യു.ഡി.എഫ്-കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ല കൂടിക്കാഴ്ചയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. അനുനയത്തിന് ജൂനിയർ എം.എൽ.എയെ ആരെങ്കിലും ചുമതലപ്പെടുത്തുമോ. രാഹുൽ ചെയ്തത് തെറ്റാണ്. കോൺഗ്രസ് നേതാക്കളാരും അൻവറുമായി സംസാരിക്കാൻ പാടില്ല. മുന്നണി എടുത്ത നിലപാടിൽ ഉറച്ചു നിൽക്കും. രാഹുലിനോട് വിശദീകരണം ചോദിക്കില്ല. അദ്ദേഹം അനിയനെ പോലെയാണ്. വ്യക്തിപരമായി ശാസിക്കും- വി.ഡി.സതീശൻ പറഞ്ഞു.
ആദ്യം കൂടിക്കാഴ്ചയെ ന്യായീകരിച്ച രാഹുൽ പിന്നീട് തെറ്റാണെന്ന് സമ്മതിച്ചു. അൻവറിനെ കണ്ടത് പാർട്ടി നിർദ്ദേശ പ്രകാരമല്ലെന്ന് വ്യക്തമാക്കി. പിണറായിസത്തിനെതിരെ സംസാരിക്കുന്ന വ്യക്തിയെന്ന നിലയിൽ അദ്ദേഹം എടുക്കേണ്ട നിലപാടല്ല ഇപ്പോൾ എടുക്കുന്നതെന്ന് തോന്നിയതിനാലാണ് സന്ദർശിച്ചത്. തീരുമാനങ്ങൾ അതിവൈകാരികമായി എടുക്കരുതെന്ന് കൂടിക്കാഴ്ചയിൽ പറഞ്ഞു. ചർച്ചയ്ക്കായി പാർട്ടി ചുമതലപ്പെടുത്താൻ അത്ര ഉയരത്തിലുള്ള ആളല്ല ഞാൻ. ആ ബോദ്ധ്യമുണ്ട്. അങ്ങനെ ചർച്ച നടത്താനാണെങ്കിൽ പാർട്ടിയിൽ മുതിർന്ന നേതാക്കളുണ്ടെന്നും രാഹുൽ പറഞ്ഞു.
പിണറായിസത്തെ താഴെയിറക്കാനുള്ള കാര്യങ്ങൾ വളരെ സൗഹാർദ്ദപരമായാണ് സംസാരിച്ചത്. കാത്തിരിക്കണമെന്ന് രാഹുൽ പറഞ്ഞു. പിണറായിസത്തിന്റെ ഏറ്റവും വലിയ ഇരയാണ് രാഹുൽ.
പി.വി.അൻവർ
രാഹുൽ മാങ്കൂട്ടത്തിൽ-പി.വി.അൻവർ കൂടിക്കാഴ്ച മഹാപാതകമായി കാണുന്നില്ല. ഞങ്ങൾ പല ആളുകളേയും കാണുന്നുണ്ട്. അൻവറിന് മുന്നിൽ യു.ഡി.എഫ് വാതിലടച്ച് കുറ്റിയിട്ടു എന്ന് മാദ്ധ്യമങ്ങളാണ് പറയുന്നത്.
അടൂർ പ്രകാശ്,യു.ഡി.എഫ് കൺവീനർ
ആരും നിർദ്ദേശിച്ചിട്ടില്ല: സണ്ണി ജോസഫ്
കണ്ണൂർ: പി.വി അൻവറിനോട് സംസാരിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനോട് ആരും നിർദ്ദേശിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. വ്യക്തിപരമായ കൂടിക്കാഴ്ചയാവാം. അതിലെ തെറ്റും ശരിയും നോക്കുന്നില്ല. പിണറായിക്കെതിരായ പോരാട്ടത്തിൽ ശക്തമായ ജനകീയ ഐക്യം വേണമെന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്. ആ തലത്തിലുള്ള പ്രതിഫലനമായിരിക്കാം സന്ദർശനം.അൻവറുമായി കൂടിക്കാഴ്ച നടത്തിയതിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് വിശദീകരണം തേടണോരെന്ന് ആലോചിക്കും.
അൻവർ കൂടി ഉണ്ടായിരുന്നെങ്കിൽ ഗുണമാകില്ലേയെന്ന ചോദ്യത്തിന് ,പായസത്തിൽ മധുരം കൂടിയാലും പ്രശ്നമില്ലല്ലോ, എന്നായിരുന്നു മറുപടി. അൻവർ ഒറ്റക്ക് മത്സരിച്ചാലും യു.ഡി.എഫിന് പ്രശ്നമില്ല. രാഷ്ട്രീയത്തിൽ ഒരു വാതിലും പൂർണ്ണമായി അടയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |