ആറന്മുളയിലെ തറവാട് അടച്ചുപൂട്ടി
പത്തനംതിട്ട: മണ്ണിനെയും മരങ്ങളെയും മനുഷ്യരെയും സ്നേഹിച്ച കവയിത്രി സുഗതകുമാരിയുടെ തറവാട് അവഗണനയുടെ സ്മാരകമായി. ആറൻമുളയിലെ തന്റെ വാഴുവേലി തറവാട് സുഗതകുമാരി പുരാവസ്തുവകുപ്പിന് കൈമാറിയെങ്കിലും അതിനെ സ്മാരകമായി സംരക്ഷിക്കാൻ നടപടി വൈകുന്നു.
സുഗതകുമാരിയുടെ പിതാവും സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരുന്ന ബോധേശ്വരന്റെ ഓർമ്മകൾ നിറഞ്ഞ മണ്ണു കൂടിയാണിത്. തുടക്കത്തിൽ ചില നവീകരണ പ്രവർത്തനങ്ങൾ നടത്തിയ പുരാവസ്തുവകുപ്പ് പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. മരങ്ങൾ പലതും വെട്ടിനശിപ്പിച്ചു. മതിലിൽ വള്ളിപ്പടർപ്പുകൾ നിറഞ്ഞു. മുറ്രത്ത് കരിയിലകളും ചെളിയും നിറഞ്ഞു. തറവാട് അടച്ചുപൂട്ടിയ നിലയിലാണ്.
2018 ലെ പ്രളയത്തിൽ തറവാടിന് കേടുപാടുകൾ സംഭവിച്ചിരുന്നു. സുഗതകുമാരി തറവാട് കൈമാറിയ ശേഷം,സർപ്പക്കാവ് പുനരുദ്ധാരണം, മൂടിപ്പോയ കുളം വീണ്ടെടുക്കൽ, പടിപ്പുര നിർമ്മാണം എന്നിവയ്ക്ക് ആറന്മുള വാസ്തുവിദ്യ ഗുരുകുലം പ്ളാൻ തയ്യാറാക്കി. 2019 ജനുവരിയിൽ ആരംഭിച്ച ജോലികൾ 2020 ജനുവരിയോടെയാണ് പൂർത്തിയാക്കിയത്. 64 ലക്ഷം രൂപയിലധികം ചെലവിട്ടു. പക്ഷേ നവീകരണ ജോലികൾ പാതി വഴിയിൽ ഉപേക്ഷിച്ചു.
മരങ്ങളും വള്ളിപ്പടർപ്പുകളും വെട്ടി മാറ്റരുതെന്ന് സുഗതകുമാരി നിർദ്ദേശിച്ചിരുന്നെങ്കിലും പുരാവസ്തു വകുപ്പ് നവീകരണത്തിന് ഏൽപ്പിച്ച സ്വകാര്യ ഏജൻസി മരങ്ങൾ പലതും വെട്ടിമാറ്റി. സർപ്പക്കാവ് വെട്ടി നശിപ്പിച്ചതും കാവിലെ വിഗ്രഹങ്ങളിൽ പെയിന്റ് പൂശിയതും വിവാദമായിരുന്നു. തുടർ പ്രവർത്തനമുണ്ടായില്ല. ഇവിടം സാഹിത്യ മ്യൂസിയമാക്കാനും ആലോചനയുണ്ടായിരുന്നു. പരിസ്ഥിതി സ്നേഹത്തിന്റെയും കാവ്യ ജീവിതത്തിന്റെയും സ്മരണയ്ക്കായി പൊതുജനങ്ങൾക്ക് തറവാട് തുറന്നു നൽകണമെന്നായിരുന്നു സുഗതകുമാരിയുടെ ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |