കൊച്ചി: സഹകരണ സംഘങ്ങളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ രജിസ്ട്രാറോ, ജോയിന്റ് രജിസ്ട്രാറോ സംഘത്തിൽ നേരിട്ട് പ്രാഥമിക പരിശോധന നടത്തേണ്ടതില്ലെന്ന് ഹൈക്കോടതി ഫുൾ ബെഞ്ച്. കീഴുദ്യോഗസ്ഥന്റെ പരിശോധനാ റിപ്പോർട്ടും ബന്ധപ്പെട്ട രേഖകളും വിശദാംശങ്ങളും പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിടാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ, ജസ്റ്റിസ് സി. പ്രദീപ്‌കുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്.
രജിസ്ട്രാറോ ജോയിന്റ് രജിസ്ട്രാറോ നേരിട്ട് പ്രാഥമിക പരിശോധന നടത്തിയതിന് ശേഷമേ സഹകരണ നിയമത്തിലെ 65-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണത്തിന് ഉത്തരവിടാവൂ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തേ നിർദ്ദേശിച്ചിരുന്നു. എന്നാൽ പ്രാഥമിക പരിശോധനയില്ലാതെ തന്നെ വിശദമായ പരിശോധനയ്‌ക്ക് ഉത്തരവിടാമെന്ന് മറ്റൊരു ബെഞ്ചും വിധിച്ചു. രണ്ട് ഡിവിഷൻ ബെഞ്ചുകൾ വ്യത്യസ്ത നിലപാട് സ്വീകരിച്ചതിനെ തുടർന്ന് നിയമ പ്രശ്‌നം പരിഹരിക്കാനായി ചീഫ് ജസ്റ്റിസ് കേസ് മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.
സംസ്ഥാനത്ത് ആയിരക്കണക്കിന് സഹകരണ സംഘങ്ങളുണ്ടെന്നും പ്രാഥമിക പരിശോധന വേണമെന്ന് നിഷ്‌കർഷിച്ചാൽ അപ്രായോഗികമാകുമെന്നും സർക്കാർ വിശദീകരിച്ചു. ഇത് നിയമ വ്യവസ്ഥയെ തന്നെ ഇല്ലാതാക്കുമെന്നും സ്‌പെഷ്യൽ ഗവ പ്ലീഡർ പി.പി. താജുദിൻ വാദിച്ചു. ഇത് കണക്കിലെടുത്ത കോടതി, നിയമ വ്യവസ്ഥകൾ നിർവീര്യമാക്കുന്ന തരത്തിൽ നിയമത്തെ വ്യാഖ്യാനിക്കാനാവില്ലെന്ന് വ്യക്തമാക്കി. അന്വേഷണം ആവശ്യമാണോയെന്ന് വിലയിരുത്താൻ നേരിട്ടുള്ള പരിശോധന ആവശ്യമില്ല. റിപ്പോർട്ടുകളും രേഖകളും പരിശോധിച്ചാൽ മതി. ഈ വിധിക്ക് അനുസൃതമായി കോടതികളിൽ നിലനിൽക്കുന്ന കേസുകൾ തീർപ്പാക്കണമെന്നും ഫുൾ ബഞ്ച് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |