യാത്രക്കാർക്ക് കൗതുകമായി വഴിയോരത്തെ ആല

Friday 11 July 2025 10:01 PM IST

മുഹമ്മ: വഴിയോരത്ത് ആല തീർത്ത് പണിയായുധങ്ങൾ നിർമ്മിക്കുന്ന കുടുബം കാഴ്ചക്കാർക്ക് കൗതുകവും ആവശ്യക്കാർക്ക് ആദായകരവുമാകുന്നു. ഭോപ്പാൽ ജില്ലയിലെ ഗോവിന്ദപുരം ഗ്രാമവാസികളായ നാലംഗ കുടുംബമാണ് ഉരുക്കിൽ പണിയായുധങ്ങൾ നിർമ്മിച്ച് കരവിരുത് കാട്ടുന്നത്. മുഹമ്മ കെ.എസ്.എഫ്.ഇക്ക് സമീപത്തെ താത്കാലിക ആലയിൽ നിന്ന്

വിവിധ തരം പിച്ചാത്തികൾ,​ അരിവാളുകൾ,​ കോടാലികൾ, തോട്ടികൾ തുടങ്ങിയവ ആദായവിലയ്ക്ക് വാങ്ങാനാകുമെന്നതാണ് നാട്ടുകാരുടെ നേട്ടം. മാത്രമല്ല, ആവശ്യക്കാരുടെ ഇഷ്ട ഉപകരണങ്ങൾ കൺമുന്നിൽ വച്ചുതന്നെ ഇവർ നിർമ്മിച്ച് നൽകുകയും ചെയ്യും. വീടുകളിലെ പഴയ അരിവാളും വെട്ടുകത്തിയുമെല്ലാം കാച്ചി മൂർച്ച കൂട്ടി വാങ്ങുന്നതിനായി നിരവധി പേരാണ് ഇവരെ സമീപിക്കുന്നത്. കുറഞ്ഞ ചെലവിൽ നിമിഷനേരം കൊണ്ട് ശരിയാക്കി കിട്ടുമെന്നതാണ് മറ്റൊരു പ്രത്യേകതയാണ്.

ആലയിൽ പണി തകൃതിയാകുമ്പോൾ ഇവർക്കുള്ള ചായയും പലഹാരങ്ങളും ചപ്പാത്തിയുമെല്ലാം കൂടെയുള്ള വീട്ടമ്മ അടുത്തിരുന്ന് തയ്യാറാക്കും. ചുരുക്കത്തിൽ,

ഇവരുടെ ജോലിയും വിശ്രമവും വിനോദവും ഭക്ഷണവും ഉറക്കവുമെല്ലാം ഈ വഴിയോരത്താണ്. വേനൽ കത്തിയെരിയുമ്പോൾ വലിയ രണ്ടു കുടകൾ നിവർത്തിവയ്ക്കും അത്രതന്നെ.

ഗോവിന്ദപുരം ഗ്രാമത്തിൽ നിന്ന് മാത്രം 70 ഓളം കുടുംബങ്ങളാണ് ഇത്തവണ

കേരളത്തിൽ എത്തിയിട്ടുള്ളത്. ഒരു സ്ഥലത്ത് ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ തമ്പടിക്കും.

ഒരു ദിവസവും ആയിരക്കണക്കിന് രൂപയുടെ പണിയായുധങ്ങളാണ് ഇവർ വിറ്റഴിക്കുന്നത്.

കാലവർഷത്തിന് മുമ്പ് നാട്ടിലേയ്ക്ക് ട്രെയിൻ കയറും.നാട്ടിൽ എത്ര പണിയെടുത്താലും ഒന്നും മിച്ചം പിടിക്കാൻ കഴിയില്ല. അതുകൊണ്ടാണ് കുട്ടികളും കുലത്തൊഴിലുമായി കേരളത്തിലെത്തിയതെന്ന് അവർ പറയുന്നു.