SignIn
Kerala Kaumudi Online
Saturday, 13 June 2026 1.41 AM IST

'പച്ചില' ചൂടി ചവറ; ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതയജ്ഞത്തിന് സമാപനം

cc
ചവറ ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരാഴ്ച്ചയോളം നീണ്ട് നിന്ന പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടനം വൃക്ഷത്തൈ നട്ടു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംലാ നൗഷാദ് നിർവഹിക്കുന്നു

ചവറ: പരിസ്ഥിതി സംരക്ഷണം കേവലം ഒരു ദിനാചരണമോ മുദ്രാവാക്യമോ മാത്രമല്ല, ഓരോ മനുഷ്യന്റെയും ജീവിതശൈലിയായി മാറണമെന്ന് സന്ദേശം നൽകി ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ 'പച്ചില' പദ്ധതി. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന വൃക്ഷതൈ വിതരണ പരിപാടിയാണ് വിജയകരമായി സമാപിച്ചത്. കാലാവസ്ഥാ വ്യതിയാനം, വർദ്ധിച്ചുവരുന്ന ചൂട്, ജലക്ഷാമം തുടങ്ങിയ വെല്ലുവിളികൾ നേരിടാൻ പ്രകൃതിയോട് ചേർന്ന് ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഈ ഹരിതയജ്ഞം സംഘടിപ്പിച്ചത്.

 സ്കൂളുകൾ കേന്ദ്രീകരിച്ച് ഹരിതസന്ദേശം

ചവറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വനം വകുപ്പിൽ നിന്ന് ലഭ്യമാക്കിയ 5000-ത്തോളം വൃക്ഷത്തൈകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതുസ്ഥാപനങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു വിതരണം. കുറ്റിവട്ടം മുഹമ്മദ് എൽ.പി. സ്കൂൾ, ചിറ്റൂർ ഗവ.യു.പി. സ്കൂൾ, പനയന്നാർകാവ് എസ്.വി.പി.എം. ഹൈസ്കൂൾ, പന്മന മനയിൽ എൽ.പി. സ്കൂൾ, കാമൻകുളങ്ങര എൽ.പി. സ്കൂൾ, കുമ്പളത്തുശങ്കുപിള്ള സ്മാരക ലൈബ്രറി തുടങ്ങിയ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർക്ക് തൈകൾ കൈമാറി.

 നടീൽ മാത്രമല്ല, സംരക്ഷണവും ഉറപ്പാക്കും

നഗരവത്കരണത്തിന്റെ ഭാഗമായി മരങ്ങൾ മുറിച്ചുമാറ്റപ്പെടുകയും പച്ചപ്പ് കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഓരോ വീടുകളിലും സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു തൈയെങ്കിലും നട്ടുപിടിപ്പിക്കണമെന്ന സന്ദേശമാണ് 'പച്ചില' മുന്നോട്ടുവെച്ചത്. വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങാതെ അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും കുട്ടികളിൽ വളർത്തിയെടുക്കാൻ അദ്ധ്യാപകരും ജനപ്രതിനിധികളും പ്രത്യേകം ശ്രദ്ധ ചെലുത്തി. ഓരോ തൈയും മരമായി വളരുമ്പോൾ സമൂഹത്തിനുണ്ടാകുന്ന പ്രയോജനങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും പരിപാടിയുടെ ഭാഗമായി നടന്നു.

 'പച്ചില' പോലുള്ള പദ്ധതികളിലൂടെ വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും പരിസ്ഥിതി ബോധം വളർത്താനും ഹരിത സംസ്കാരം പ്രോത്സാഹിപ്പിക്കാനുമാണ് ചവറ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്

ഷംല നൗഷാദ്,ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL