കൊച്ചി: ഡെങ്കിപ്പനി പ്രതിരോധത്തിനായി ഇന്ന് 'ഡെങ്കി ഹർത്താൽ' ആചരിക്കും. ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനുള്ള പ്രചാരണത്തിന് ഇന്ന് തുടക്കമാകും. കളക്ടറേറ്റ് പരിസരത്ത് ഉറവിടനശീകരണം നടത്തി കളക്ടർ ജാഫർ മാലിക് ഉദ്ഘാടനം നിർവഹിക്കും. ഈവർഷം ഇതുവരെ അഞ്ചു ഡെങ്കിപ്പനി മരണങ്ങൾ ഉണ്ടായി. 776 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും 291 സ്ഥിരീകരിച്ച കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്തു.
തൃക്കാക്കര, ഇടക്കൊച്ചി , തമ്മനം , പച്ചാളം, എളമക്കര സൗത്ത് എന്നിവിടങ്ങളിലും കളമശേരി നഗരസഭയിലും കുന്നത്തുനാട്, വാഴക്കുളം പഞ്ചായത്തുകളിലുമാണ് കൂടുതൽ പേർക്ക് രോഗം പിടിപെട്ടത്. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിൽ വീടുകൾ, ഫ്ളാറ്റുകൾ , സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് രോഗ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധം. ആഴ്ച തോറും വീടും ചുറ്റുപാടും സ്ഥാപനങ്ങളും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കണം.
ഇതിനായി ഞായറാഴ്ചകളിൽ വീടുകളിലും വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.
പടർത്തുന്നത് ഈഡിസ് കൊതുക്
ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് കൊതുകുകൾ വീട്ടിനകത്തും വീടിനു സമീപവുമാണ് പ്രജനനം നടത്തുന്നത്. വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങൾ, വലിച്ചെറിയുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകൾ, ചെടികളുടെ അടിയിൽ വച്ചിരിക്കുന്ന ട്രേ, ഉപയോഗശൂന്യമായ ടയറുകൾ, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർപോളിൻ, റബ്ബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ,. പൈനാപ്പിൾ ചെടിയുടെ ഇലകൾക്കിടയിലും, കൊക്കോ തോടുകൾ, കമുങ്ങിൻ പാളകൾ, നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകൾ, വീടിന്റെ ടെറസ്, സൺഷെയ്ഡ്, പാത്തികൾ എന്നിവിടങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലുമാണ് കൊതുകുകൾ പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |