പത്തനംതിട്ട : കാത്തുകാത്തിരുന്ന ആ കാര്യമെത്തി. വൈദ്യുതി പോസ്റ്റുകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിംഗ് പോയിന്റുകൾ ജില്ലയിൽ സ്ഥാപിച്ചു തുടങ്ങി. ആദ്യഘട്ടത്തിൽ 30 ചാർജിംഗ് പോയിന്റുകളാണ് സ്ഥാപിക്കുന്നത്. ഇത് ഏറെക്കുറെ പൂർത്തിയായി. ഇനി കാമറ, മോഡം, ഇന്റർനെറ്റ് എന്നിവ കൂടി ഘടിപ്പിച്ചാൽ വാഹനങ്ങൾക്ക് ചാർജ് ചെയ്യാം. ജൂൺ ആദ്യ വാരം എല്ലാ പോയിന്റുകളുടെയും ഉദ്ഘാടനം നടത്താനുള്ള ശ്രമങ്ങളിലാണ് കെ.എസ്.ഇ.ബി.
ജില്ലയിൽ പ്രധാനമായും ഒാട്ടോറിക്ഷകൾക്കു വേണ്ടിയാണ് ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നത്. എപ്പോഴും നിരത്തിലോടുന്ന വാഹനമെന്ന നിലയിലാണ് ഒാട്ടോറിക്ഷകൾക്ക് ആദ്യ പരിഗണന ലഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട് വൈദ്യുതി പോസ്റ്റിൽ ചാർജിംഗ് പോയിന്റുകൾ സ്ഥാപിച്ചപ്പോൾ ചാർജ് ചെയ്യാനെത്തിയവർ ഏറെയും ഒാട്ടോറിക്ഷക്കാരായിരുന്നു. ഒരു തവണ ബാറ്ററി ഫുൾ ചാർജ് ചെയ്താൽ 80 - 100 കിലോമീറ്റാറാണ് ഒാട്ടോറിക്ഷകൾക്ക് ലഭിക്കുന്നത്. ചാർജ് വേഗത്തിൽ തീരുന്നതുകൊണ്ട് ഒാട്ടോറിക്ഷ സ്റ്റാൻഡുകൾക്ക് അടുത്തുള്ള വൈദ്യുതി പോസ്റ്റുകളിലാണ് ചാർജിംഗ് പോയിന്റുകൾ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ, ഇലക്ട്രിക് സ്കൂട്ടറുകൾക്കും കാറുകൾക്കും ബാറ്ററി ചാർജ് ചെയ്യാമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
ഒരു മണ്ഡലത്തിൽ അഞ്ച് പോയിന്റുകൾ
നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലാണ് ചാർജിംഗ് പോയിന്റുകൾ അനുവദിച്ചത്. ഒരു മണ്ഡലത്തിൽ അഞ്ച് ചാർജിംഗ് പോയിന്റുകൾ അനുവദിച്ചു. ജില്ലയ്ക്ക് ആകെ 25 പോയിന്റുകൾ. ഇതുകൂടാതെ അഞ്ച് പോയിന്റുകൾ കൂടി അനുവദിച്ചിട്ടുണ്ട്. ഇത് ആവശ്യക്കാർ കൂടുതലുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കും.
പ്രവർത്തനം മൊബൈൽ ആപ്പ് വഴി
ഇലക്ട്രിക് ചാർജിംഗ് പോയിന്റുകളുടെ പ്രവർത്തനം മൊബൈൽ ആപ്പ് വഴിയാണ്. പ്ളേസ്റ്റോറിൽ നിന്ന് HIEV India എന്ന ആപ്ളിക്കേഷൻ ഡൗൺലോഡ് ചെയ്താൽ ഒാൺലൈൻ ബിസിനസ് ആപ്പിലേതു പോലെയാണ് പ്രവർത്തനം. അടയ്ക്കുന്ന തുകയ്ക്ക് അനുസരിച്ചുള്ള യൂണിറ്റുകൾ ചാർജ് ചെയ്യാം.
തിരിച്ചറിയാം
ഇലക്ട്രിക് ചാർജിംഗ് പോയിന്റുകൾ തിരിച്ചറിയാൻ വൈദ്യുതി പോസ്റ്റുകളിൽ പച്ചയും മഞ്ഞയും കളർ അടിച്ചിട്ടുണ്ട്. വാഹനങ്ങൾ പോസ്റ്റുകൾക്ക് സമീപം പാർക്ക് ചെയ്ത് ചാർജ് ചെയ്യാം.
'' ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ജൂൺ ആദ്യവാരം പ്രവർത്തിച്ചു തുടങ്ങും.
കെ.എസ്.ഇ.ബി അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |