SignIn
Kerala Kaumudi Online
Sunday, 28 April 2024 11.17 PM IST

മുൻമന്ത്രി ഡോ.എം.എ. കുട്ടപ്പന് അന്ത്യാഞ്ജലി

kuttappan

കൊച്ചി: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പന് (76) ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. എറണാകുളം ഡി.സി.സി ഓഫീസിലും പൊറ്റക്കുഴി നിവ്യനഗറിലെ സാകേത് വസതിയിലും പൊതുദർശനത്തിനുശേഷം പച്ചാളം ശ്‌മശാനത്തിൽ സംസ്ഥാന ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു.

ചൊവ്വാഴ്ച രാത്രി 11 ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2016ൽ പക്ഷാഘാതത്തെത്തുടർന്ന് രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

മൃതദേഹത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ആന്റോ ആന്റണി, എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, ഉമ തോമസ്, മുൻമന്ത്രി എസ്. ശർമ്മ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വി.എം. സുധീരൻ, പി.സി. ചാക്കോ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി അസിസ്റ്റന്റ് കളക്ടർ ഹർഷൽ മീണ പുഷ്പചക്രം സമർപ്പിച്ചു.
നാലുതവണ നിയമസഭാംഗമായിരുന്ന അദ്ദേഹം 2001 ജൂൺ 26 മുതൽ 2004 ആഗസ്റ്റ് 29വരെ എ.കെ. ആന്റണി സർക്കാരിൽ സാമൂഹ്യക്ഷേമ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 1980ൽ വണ്ടൂരിൽ നിന്നാണ് ആദ്യമായി നിയമസഭയിൽ എത്തിയത്. 1987ൽ ചേലക്കരയിലും 1996, 2001 വർഷങ്ങളിൽ ഞാറയ്ക്കൽ മണ്ഡലത്തിൽനിന്നും വിജയിച്ചു.

എ.ഐ.സി.സി അംഗം, കെ.പി.സി.സി ജനറൽ സെക്രട്ടറി, നിർവാഹക സമിതി അംഗം, എസ്.സി, എസ്.ടി സെൽ ചെയർമാൻ, ഭാരതീയ ഡിപ്രസ്ഡ് ക്ലാസ് ലീഗ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് നിയമസഭാ പാർട്ടി വിപ്പുമായിരുന്നു. ഖാദി ഗ്രാമ വ്യവസായ കമ്മിഷൻ അംഗം, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് അംഗം, കോഴിക്കോട് സർവകലാശാല സെനറ്റ്അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
എം.ബി.ബി.എസ്, എം.എസ് ബിരുദധാരിയാണ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ 1973 -75 കാലഘട്ടത്തിൽ പീഡിയാട്രിക് സർജറി അദ്ധ്യാപകൻ, 1983-87 കാലത്ത് കൊച്ചി തുറമുഖട്രസ്റ്റ് ആശുപത്രി മെഡിക്കൽ ഓഫീസർ എന്നീ നിലകളിലും പ്രവർത്തിച്ചു. സർക്കാർ ജോലി രാജിവച്ചാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. പരേതരായ എ. അയ്യപ്പന്റെയും കല്യാണിയുടെയും മകനായി 1947 ഏപ്രിൽ 12നാണ് ജനനം. ഭാര്യ: ബിബി ജോൺ (റിട്ട. അദ്ധ്യാപിക). മക്കൾ: അജിത് പ്രശാന്ത്, അനന്തു പ്രവീൺ.

അനുശോചനം

ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. നിയമസഭാ സാമാജികൻ, മന്ത്രി, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ അംഗം, ദക്ഷിണ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് അംഗം, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, കെ.പി.സി.സി ഭാരവാഹി എന്നീ നിലകളിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.

വി.ഡി. സതീശൻ

പ്രതിപക്ഷ നേതാവ്

ജനസേവനത്തിനായി ജീവിതം സമർപ്പിച്ച സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു അദ്ദേഹം. ഏറ്റെടുത്ത ചുമതലകളിൽ തന്റേതായ കഴിവുകൾ പ്രകടിപ്പിച്ച നേതാവാണ് എം.എ. കുട്ടപ്പൻ. ഞാൻ കെ.പി.സി.സി പ്രസിഡന്റായിരിക്കുമ്പോൾ അദ്ദേഹം ജനറൽ സെക്രട്ടറിയും എ.ഐ.സി.സി അംഗവുമായിരുന്നു.

രമേശ് ചെന്നിത്തല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MA KUTTAPPAN FUNARAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.