SignIn
Kerala Kaumudi Online
Monday, 23 February 2026 5.07 AM IST

കായിക പ്രതിഭകളോട് നിന്ദ കാണിക്കരുത്

Increase Font Size Decrease Font Size Print Page
g

ദേശീയ, അന്തർദേശീയ കായിക മേളകളിൽ അഭിമാനാർഹമായ സ്ഥാനം നേടുന്നവർക്ക് സംസ്ഥാന സർക്കാർ പാരിതോഷികങ്ങൾ പ്രഖ്യാപിക്കാറുണ്ട്. കായിക മേഖലയിലെ പ്രതിഭകളെ ഇവിടെത്തന്നെ പിടിച്ചുനിറുത്തുന്നതിനായി അവർക്ക് ഉചിതമായ തൊഴിലും നൽകാറുണ്ട്. മറ്റു പല സംസ്ഥാനങ്ങളും നമ്മെക്കാൾ എത്രയോ ഉയർന്ന തോതിലാണ് കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാറുള്ളത്. അന്താരാഷ്ട്ര മീറ്റുകളിൽ മെഡൽ നേടുന്ന താരങ്ങളെ സമ്മാനങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുന്ന സമീപനമാണ് ഈ സംസ്ഥാനങ്ങൾ സ്വീകരിക്കാറുള്ളത്. ഇപ്പോൾ ഇതൊക്കെ പറയാൻ കാരണം, കഴിഞ്ഞ ഞായറാഴ്ച സമാപിച്ച ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി മെഡൽ നേട്ടം പങ്കുവച്ച മലയാളി താരങ്ങളിൽ ചിലരിൽ നിന്നുണ്ടായ പരിദേവനങ്ങൾ ശ്രദ്ധയിൽപ്പെട്ടതാണ്.

അത്യദ്ധ്വാനത്തിലൂടെ രാജ്യത്തിനും സ്വന്തം നാടിനും വേണ്ടി നേടിയ അത്യുജ്ജ്വല നേട്ടങ്ങളെ ഒന്നു പ്രശംസിക്കാൻ പോലും ഭരണകർത്താക്കൾ തയ്യാറാകാത്തതിലായിരുന്നു അവരുടെ സങ്കടവും രോഷവും. സാധാരണ രാജ്യത്തിനു പുറത്തുവച്ച് നടക്കുന്ന ഏതു മീറ്റിലും മലയാളി താരങ്ങൾ നേട്ടമുണ്ടാക്കുമ്പോൾ അവരെ അഭിനന്ദിക്കാനും സ്വീകരിച്ച് ആനയിക്കാനും മന്ത്രിമാരും മറ്റും തിക്കിത്തിരക്കി വരാറുണ്ട്. എന്തുകൊണ്ടോ, ഏഷ്യൻ ഗെയിംസിലൂടെ രാജ്യത്തിന് അഭിമാന മുഹൂർത്തങ്ങൾ സമ്മാനിച്ച കായിക പ്രതിഭകളെ അഭിനന്ദിക്കാൻ കായിക വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പോലും മുന്നോട്ടുവന്നില്ലെന്നത് കായിക കേരളത്തിനു മൊത്തത്തിൽ അപമാനകരമായി എന്നു പറയാതിരിക്കാൻ വയ്യ. കായിക മേഖലയോടു കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ബാഡ്‌മിന്റൺ താരം പ്രണോയ് പ്രതികരിച്ചിരുന്നു. ചൈനയിൽ സ്വർണം നേടിയ മുഹമ്മദ് അനസും സമാനരീതിയിൽ പ്രതികരണം നടത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നല്ല ഓഫർ വന്നാൽ കേരളം വിടാൻ മടിക്കുകയില്ലെന്നാണ് അനസ് പറഞ്ഞത്.

രാജ്യാന്തര കായിക മത്സരങ്ങളിൽ മെഡൽ നേടുന്നവർക്ക് പാരിതോഷികവും മെച്ചപ്പെട്ട ജോലിയും നൽകേണ്ടത് കായിക മേഖലയുടെ വളർച്ചയ്ക്ക് അനിവാര്യമാണ്. കായിക രംഗത്തോടുള്ള സംസ്ഥാനത്തിന്റെ സമീപനം അത്രയൊന്നും മെച്ചമല്ലെങ്കിലും ഇത്തരത്തിലുള്ള ഓരോ മീറ്റു കഴിയുമ്പോഴും നേട്ടം കൊയ്‌ത മലയാളി താരങ്ങൾക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാറുണ്ട്. ഇക്കുറിയും ആ പതിവ് തെറ്റിക്കുകയില്ലെന്നാണ് കായിക വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്‌മാൻ ഉറപ്പുനൽകിയിട്ടുണ്ട്.

മന്ത്രിസഭ ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി വിശദീകരിച്ചിരുന്നു. എന്നാൽ മന്ത്രിസഭ കൂടുന്നതു കാത്തിരിക്കാതെ, താരങ്ങൾക്ക് സന്തോഷവും ആത്മവിശ്വാസവും പകരുന്ന പ്രസ്താവന നടത്താൻ കായിക മന്ത്രിക്ക് കഴിയേണ്ടതല്ലേ? ദേശീയ, അന്തർദേശീയ മീറ്റുകളിൽ നേട്ടമുണ്ടാക്കുന്നവർക്ക് മുൻപും പാരിതോഷികം നൽകിയിട്ടുള്ളതാണ്. ഓരോ തവണയും ഓരോ സമീപനം സ്വീകരിക്കുന്നതിനു പകരം ഈ വിഷയത്തിൽ കൃത്യമായ മാനദണ്ഡം രൂപീകരിക്കാവുന്നതാണ്. സ്വർണമെഡലാണെങ്കിൽ തുക എത്ര, വെള്ളിക്കും വെങ്കലത്തിനും എത്ര എന്ന് നിശ്ചയിച്ചുറപ്പിച്ചാൽ പ്രഖ്യാപനം എളുപ്പമാകും. മീറ്റ് തുടങ്ങുന്നതിനു മുൻപേ പാരിതോഷികം എങ്ങനെയായിരിക്കുമെന്നും പ്രഖ്യാപിക്കാവുന്നതാണ്. അനാവശ്യ വിവാദങ്ങൾക്കും പരിഭവങ്ങൾക്കുമുള്ള സാദ്ധ്യത ഇതോടെ ഇല്ലാതാകും.

കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മുൻനിരയിൽ വന്ന മലയാളി താരങ്ങളിൽ പലർക്കും ഇനിയും അർഹമായ ജോലി നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. യോഗ്യതയുടെ പേരിലും മറ്റു സാങ്കേതിക കാരണങ്ങാളാലും ഇവരുടെ നിയമനങ്ങൾ നീണ്ടുപോവുകയാണ്. നൂറുകണക്കിന് രാഷ്ട്രീയ നിയമനങ്ങൾ നടക്കുന്ന സംസ്ഥാനത്ത് കായിക പ്രതിഭകളുടെ ജോലിക്കാര്യം വരുമ്പോൾ അതിനു തടയിടുന്നത് അപരാധം തന്നെയാണ്. അതു തിരുത്താൻ മന്ത്രിസഭയാണ് നടപടിയെടുക്കേണ്ടത്.

TAGS: SPORTS PLAYERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.