
പാർലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജാതി സെൻസസ് രാജ്യത്താകെ ചൂടേറിയ ചർച്ചകൾക്ക് വിഷയമാവുകയും, പല പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും ഉറക്കം കെടുത്തുകയും ചെയ്തുതുടങ്ങിയിരിക്കുന്നു. കേന്ദ്രത്തിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ബി.ജെ.പിക്കും ദേശീയ തലത്തിൽ അവരുടെ മുഖ്യ എതിരാളിയായ കോൺഗ്രസിനുമാണ് ഇക്കാര്യത്തിൽ കൂടുതൽ ആശങ്ക. പ്രത്യേകിച്ച്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തിസ്ഗഢ് തുടങ്ങി അഞ്ച് സംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്കു പോകുന്ന സാഹചര്യത്തിൽ.
രാജ്യത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് 27% സംവരണം ശുപാർശ ചെയ്യുന്ന മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കിയതിനെ തുടർന്ന് 1990-കളിൽ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെട്ട ഉണർവും , അതിനെ അക്രമാക്തമായ പ്രക്ഷോഭങ്ങളിലൂടെ നേരിട്ട സവർണ ലോബികൾ മണ്ഡലിനു പകരം കമണ്ഡൽ ഉയർത്തി നടത്തിയ അഴിഞ്ഞാട്ടവും മറക്കാറായിട്ടില്ല. പിന്നാക്ക ജനതയ്ക്ക് ഉദ്യോഗങ്ങളിലും വിദ്യാലയ പ്രവേശനത്തിലും 27% സംവരണം നിലവിൽ വന്നെങ്കിലും, സാമൂഹികമായും വിദ്യാഭ്യാസപരമായും അവഗണനയുടെ പടുകുഴിയിൽ കിടന്നിരുന്ന വിഭാഗങ്ങൾക്ക് അത് പൂർണതോതിൽ ലഭ്യമാക്കാതിരിക്കുന്നതിൽ അധികാരം കൈയാളുന്ന സവർണ ലോബികൾ വിജയിച്ചു. അതിന്റെ ഫലമാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഒത്താശയോടെ നടപ്പിലാക്കിയ ക്രീമിലെയർ സംവിധാനം.
2021- ൽ കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ച ജനസംഖ്യാ സെൻസസ് നടത്തേണ്ട സാഹചര്യം ഇപ്പോൾ ഉരുത്തിരിഞ്ഞിരിക്കുകയാണ്. പുതിയ സെൻസിൽ ജാതി കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം രാജ്യവ്യാപമായി ശക്തിയാർജ്ജിക്കുന്നു. രാജ്യത്ത് പത്തു വർഷത്തിലൊരിക്കൽ സെൻസസ് നടത്തേണ്ടത് കേന്ദ്ര സർക്കാരാണ്. നിർഭാഗ്യവശാൽ, ദേശീയ തലത്തിൽ ജാതി സെൻസസ് നടത്താൻ തയ്യാറല്ലെന്നാണ് കേന്ദ്രത്തിലെ മോദി സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ സ്വന്തം നിലയിൽ നടത്താം.
ഈ പശ്ചാത്തലത്തിൽ വേണം, ബീഹാറിലെ നീതിഷ് കുമാർ സർക്കാർ കഴിഞ്ഞയാഴ്ച പുറത്തു വിട്ട ജാതി സെൻസസിനെയും മറ്റു സംസ്ഥാനങ്ങളും ബീഹാറിന്റെ പാത പിന്തുടരണമെന്ന മുറവിളികളെയും കാണാൻ. കർണാടകത്തിലെ കോൺഗ്രസ് സർക്കാർ നേരത്തേ നടത്തിയ ജാതി സെൻസിന്റെ കണക്കുകൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന ഒഡിഷയും തമിഴ്നാടും ജാതി സെൻസസ് നടത്താനുള്ള നീക്കത്തിലാണ്. രാജസ്ഥാനിലും ഛത്തിസ്ഗഢിലും ഭരണം നടത്തുന്ന കോൺഗ്രസ്, അവിടെ വീണ്ടും അധികാരത്തിൽ വന്നാൽ ജാതി സെൻസസ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ജാതി സെൻസസിനെ അടുത്ത കാലം വരെ അനുകൂലിക്കാതിരുന്ന കോൺഗ്രസ് ഇപ്പോൾ അതിനായി ശക്തിയുക്തം വാദിക്കുന്നത് പിന്നാക്ക ജനതയുടെ പിന്തുണയോടെ ഉത്തരേന്ത്യയിൽ തിരിച്ചുവരവ് മുന്നിൽക്കണ്ടാവാം. മോദി സർക്കാരിന് വെല്ലുവിളിയുമായി രംഗത്തുള്ള കോൺഗ്രസ് ഉൾപ്പെട്ട 'ഇന്ത്യ' മുന്നണിയും പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ജാതി സെൻസസ് ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ്. അതേസമയം, ഇക്കാര്യത്തിലുള്ള ബി.ജെ.പിയുടെ നിലപാട് ദുരൂഹമാണെന്ന് പ്രതിപക്ഷ പാർട്ടികൾ അപലപിക്കുന്നു. ജാതി സെൻസസ് എന്ന ആവശ്യം രാജ്യത്തെ ജാതീയമായി ഭിന്നിപ്പിക്കാനാണെന്നാണ് ബി.ജെ.പി നേതാക്കളുടെ
ആരോപണം. ഈ സന്ദർഭത്തിലാണ് ഇടതു മുണണി ഭരിക്കുന്ന കേരളത്തിലും ജാതി സെൻസസ് നടത്തേണ്ടതിന്റെ ആവശ്യകതയും പ്രസക്തിയും ഉയരുന്നത്.
ജാതി സെൻസ് എന്തിന്?
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും മത ന്യൂനപക്ഷങ്ങൾക്കും പ്രത്യേക പരിരക്ഷകളും അവകാശങ്ങളും ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകിയിട്ടുണ്ട്.ഭരണഘടനയുടെ ആർട്ടിക്കിൾ 15 (4), 16 (4) പ്രകാരം, വിദ്യാഭ്യാസ- ഉദ്യോഗ മേഖലകളിൽ ദളിത്, പിന്നാക്ക വിഭാഗങ്ങൾക്ക് പ്രവേശനത്തിനും നിയമനത്തിനും സംവരണവും പ്രത്യേക പരിരക്ഷകളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വിഭാഗങ്ങൾക്ക് വരുമാനത്തിന്റെ കാര്യത്തിലുള്ള അന്തരം ലഘൂകരിക്കണമെന്നും പദവികളിലും അവസരങ്ങളിലുമുള്ള അസമത്വം ഇല്ലാതാക്കണമെന്നും ആർട്ടിക്കിൾ 38 (2) പറയുന്നു.
ഒപ്പം, ഈ വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രത്യേക ശ്രദ്ധയോടെയുള്ള നടപടികൾ ഉണ്ടാകണമെന്നും ആർട്ടിക്കിൾ 46 നിർദ്ദേശിക്കുന്നുണ്ട്. അവരുടെ വിഷമതകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച ശുപാർശകൾ സമർപ്പിക്കാൻ രാഷ്ട്രപതിക്ക് കമ്മിഷനെ നിയമിക്കാമെന്ന് നിർദ്ദേശിക്കുന്നതാണ് ആർട്ടിക്കിൾ 340(1).
ഇങ്ങനെ നിയമിക്കപ്പെട്ട കാക കലേക്കർ കമ്മിഷൻ 1955-ലും, ബി.പി.മണ്ഡൽ കമ്മിഷൻ 1980-ലും റിപ്പോർട്ടുകൾ സമർപ്പിച്ചു. ജാതി തിരിച്ച ജനസംഖ്യാ കണക്കുകൾ ലഭ്യമല്ലാത്തതു കാരണം റിപ്പോർട്ട് തയ്യാറാക്കുന്നതിൽ ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടുവെന്നും, മേലിൽ സെൻസസ് നടത്തുമ്പോൾ ജാതി തിരിച്ച കണക്കെടുപ്പ് നിർബന്ധമായും ഉണ്ടാകണമെന്നും ഈ കമ്മിഷനുകൾ നിർദ്ദേശിച്ചു. ഭരണഘടന ഉറപ്പു നൽകുന്ന ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം ഭരണത്തിന്റെ എല്ലാ മേഖലകളിലും ഉറപ്പാക്കുന്നതിന് ജാതി തിരിച്ച കണക്കെടുപ്പ്
അനിവാര്യമാണെന്ന് സംവരണം സംബന്ധിച്ച കേസുകളിൽ സുപ്രീം കോടതി ഉൾപ്പെടെ പല തവണ നിർദ്ദേശിച്ചിട്ടുണ്ട്.
ആ സെൻസസ് മുക്കിയത് എന്തിന്?
ബ്രിട്ടീഷ് ഭരണകാലത്ത് 1871 ലാണ് ഇന്ത്യയിൽ ആദ്യമായി ജാതി സെൻസസ് തുടങ്ങിയത്. കടുത്ത ഫ്യൂഡലിസ്റ്റ്, ജാതിപ്പിശാചിന്റെ പിടിയിലമർന്ന്, സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ ചവിട്ടിമെതിക്കപ്പെട്ടിരുന്ന പട്ടിണിപ്പാവങ്ങളായ ജനകോടികളെ ഉയർത്തിക്കൊണ്ടുവരാനുള്ള കണക്കെടുപ്പായിരുന്നു ലക്ഷ്യം.1931 വരെ ബ്രിട്ടീഷ് സർക്കാർ ജാതി സെൻസസ് നടത്തി. അന്നത്തെ ഉദ്യോഗ തലങ്ങളിൽ കടുത്ത ബ്രാഹ്മണ മേധാവിത്വമാണെന്നും, ഭൂരിപക്ഷം വരുന്ന അവർണ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസമോ, താഴേക്കിടയിലുള്ള ജോലികൾ പോലുമോ കേരളത്തിൽ ഉൾപ്പെടെ ലഭിക്കുന്നില്ലെന്നുമായിരുന്നു അന്നത്തെ സെൻസസുകളിലെ കണ്ടെത്തൽ.
ഈ ബ്രാഹ്മണ മേധാവിത്വം കുറയ്ക്കുന്നതിനെക്കുറിച്ചും അന്ന് ആലോചനകൾ നടന്നു. പിന്നീട്, സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യ സർക്കാർ നിലവിൽ ശേഷം 1951-ലാണ് നെഹ്റു സർക്കാർ അദ്യത്തെ സെൻസസ് നടത്തിയത് .വളരെ ആസൂത്രിതമായി, പിന്നാക്ക, മുന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയായിരുന്നു അന്നു മുതൽ 2001 വരെ രാജ്യത്ത് നടന്ന എല്ലാ സെൻസസുകളും. പാർലമെന്റിന് അകത്തും പുറത്തും നടന്ന പ്രക്ഷോഭങ്ങളെ തുടർന്ന് 2011-ൽ സെൻസസിനൊപ്പം സാമൂഹിക, സാമ്പത്തിക, ജാതി കണക്കുകൾ കൂടി ശേഖരിക്കാൻ അന്നത്തെ കേന്ദ്ര സർക്കാർ നിർബന്ധിതമായെങ്കിലും അതിന്റെ റിപ്പോർട്ട് ഇനിയും വെളിച്ചം കാണാത്തതും ദുരൂഹമാണ്.
കൃത്യമായ കണക്കുകൾ ലഭ്യമല്ലാത്തതിനാൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരണ യോഗ്യമല്ലെന്നാണ് കേന്ദ്ര സർക്കാർ ഈയിടെ സുപ്രീം കോടതിയിൽ ബോധിപ്പിച്ചത്. എന്നാൽ, ഈ സെൻസസ് 99 ശതമാനവും കുറ്റമറ്റതാണെന്ന് രജിസ്ട്രാർ ജനറൽ ഒഫ് ഇന്ത്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.അപ്പോൾ, സത്യാവസ്ഥ പുറത്തു വരാതിരിക്കാൻ 2011- ലെ സെൻസസ് റിപ്പോർട്ട് പൂഴ്ത്തിവച്ചിരിക്കുകയാണോ എന്ന സംശയം ബലപ്പെടുന്നു.
വല്ലാതെ ഭയക്കുന്നു
ബീഹാറിലെ 13 കോടി ജനങ്ങളിൽ 63 ശതമാനവും പിന്നാക്കക്കാരാണെന്നാണ് സെൻസസ് വെളിപ്പെടുത്തുന്നത്. അതിൽത്തന്നെ 36 % പേർ സർക്കാരിന്റെ യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്ത അതിപിന്നാക്കക്കാരാണ്. പട്ടിക വിഭാഗക്കാർ 21%, മുസ്ലീങ്ങൾ 17.7%. വെറും 15.53% വരുന്ന മുന്നാക്ക വിഭാഗത്തിനാണ് ഭരണത്തിലും ഉദ്യോഗങ്ങളിലും നിയമ നിർമ്മാണ സഭകളിലും എപ്പോഴും വൻ മേൽക്കൈ!
കേരളം ഉൾപ്പെടെ രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സെൻസസ് നടത്തിയാൽ ഏതാണ്ട് ഇതു തന്നെയാവും സ്ഥിതി. അതോടെ, 85% വരുന്ന പിന്നാക്ക- ദളിത് ജനതയ്ക്ക് അധികാരത്തിൽ ഉൾപ്പെടെ അർഹമായ പങ്കാളിത്തം വേണമെന്ന മുഴിവിളിയുയരും. ജാതി സെൻസസിനെ അധികാരികൾ ഭയക്കുന്നതും അതുകൊണ്ടുതന്നെ.
കേരളത്തിലും ജാതി സെൻസസ് നടത്തണമെന്ന് വിവിധ പിന്നാക്ക,ദളിത് സംഘടനകൾ, പ്രമുഖ ഭരണഘടനാ വിദഗ്ദ്ധനും നാഷണൽ ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്ടറുമായ പ്രൊഫ. മോഹൻ ഗോപാലിന്റെയും, പിന്നാക്ക വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷിയുടെയും നേതൃത്വത്തിൽ 2021 ഒക്ടോബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ഒരു കൂടിക്കാഴ്ചയ്ക്കു പോലും അവരെ സർക്കാർ ഇതുവരെ ക്ഷണിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |