SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.01 PM IST

വൈദ്യുതി ലൈൻ പാടത്ത് പൊട്ടിവീണു: പിതാവിനും മക്കൾക്കും ഷോക്കേറ്റ് ദാരുണാന്ത്യം

Increase Font Size Decrease Font Size Print Page

family

കുമളി: പാടത്ത് പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പിതാവിനും രണ്ടാൺമക്കൾക്കും ദാരുണാന്ത്യം. വണ്ടൻമേട് രാജക്കണ്ടം നായർസിറ്റി ചെമ്പകശ്ശേരിൽ കനകാധരൻ (57), മക്കളായ വിഷ്ണു (31), വിനീത് (24) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു ദുരന്തം.

hobvishnu

ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ മഴയിൽ ഏലത്തോട്ടത്തിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി പാടത്തേക്ക് വീണിരുന്നു.

മഴയ്ക്ക് ശേഷം പശുവിന് പുല്ല് ചെത്താൻ പാടത്ത് പോയ കനകാധരനെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് മക്കൾ തിരഞ്ഞിറങ്ങിയത്. അവരെയും കാണാത്തതിനെ തുടർന്ന് മാതാവ് ഓമന അന്വേഷിച്ചെത്തിയപ്പോഴാണ് മൂവരെയും ഷോക്കേറ്റ നിലയിൽ പാടത്ത് കണ്ടത്. ഓമനയുടെ നിലവിളി കേട്ട് ഓടിക്കൂടിയവർ കെ.എസ്.ഇ.ബിയിൽ വിളിച്ചറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

hobvineeth

സ്വന്തമായുള്ള നാലേക്കർ ഭൂമിയിൽ ഏലവും ഇഞ്ചിയും പച്ചക്കറികളും കൃഷിചെയ്താണ് ഇവർ കഴിഞ്ഞിരുന്നത്. വിഷ്ണുവിന്റെ ഭാര്യ ആതിര. രണ്ടു വയസുള്ള ഗൗതം മകനാണ്. വിനീത് അവിവാഹിതനാണ്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വൈദ്യുതി ലൈൻ പൊട്ടി വീണാൽ

 വൈദ്യുതി ഓഫീസിൽ വിവരം അറിയിക്കുന്നതിനൊപ്പം പരിസരത്തുള്ളവർക്കും മുന്നറിയിപ്പ് നല്കുക.

 പാടത്ത് ലൈൻ പൊട്ടിക്കിടക്കുന്നത് കണ്ടാൽ അടുത്തുചെല്ലുകയോ വെള്ളത്തിൽ ചവിട്ടുകയോ ചെയ്യരുത്.
 മരമോ ശിഖരങ്ങളോ ലൈനിൽ തട്ടിയാൽ അറ്റകുറ്റപ്പണിക്ക് മുതിരാതെ വൈദ്യുതി ജീവനക്കാരെ അറിയിച്ച് നീക്കം ചെയ്യുക
 വൈദ്യുതലൈൻ താഴ്ന്നു കിടക്കുന്നതു കണ്ടാലും അധികൃതരെ അറിയിക്കണം.

അറിയിക്കാൻ

എമർജൻസി നമ്പർ 94 96 01 01 01. ടോൾഫ്രീ നമ്പർ 1912. wss.kseb.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.

TAGS: FATHER AND SON, DIED OF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ