
കൊച്ചി: വി.എസ്.എസ്.സി പോലെ തന്ത്രപ്രധാനമായ ഒരു സ്ഥാപനത്തിലേക്കുള്ള മത്സരപ്പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവത്തെ കർശനമായി നേരിടണമെന്നും സർക്കാർ ജോലിക്കുവേണ്ടി നടത്തുന്ന ഇത്തരം തട്ടിപ്പുകൾ അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി.
വി.എസ്.എസ്.സിയിൽ ടെക്‌നിഷ്യൻ - ബി (ഫിറ്റർ) തസ്തികയിലേക്ക് നടത്തിയ എഴുത്തുപരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ പ്രതിയായ ഹരിയാന സ്വദേശി അമിത്തിന്റെ ജാമ്യഹർജി തള്ളിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഇതു പറഞ്ഞത്. രാജ്യത്തിന്റെ അഭിമാനമായ ഒരു സ്ഥാപനത്തിലേക്കുള്ള നിയമനത്തിൽ തട്ടിപ്പുനടത്തിയ പ്രതിയാണ് ഹർജിക്കാരനെന്നും കോടതി വിലയിരുത്തി. അന്യസംസ്ഥാനക്കാരനായ പ്രതിക്ക് ജാമ്യംനൽകിയാൽ ഒളിവിൽ പോകാനിടയുണ്ടെന്നും ഇത് അന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ആഗസ്റ്റ് 20ന് തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിൽ നടന്ന മത്സരപ്പരീക്ഷയിൽ അമിത് മറ്റൊരാൾക്കുവേണ്ടി ഹാജരായതിനെത്തുടർന്ന് കന്റോൺമെന്റ് പൊലീസ് അറസ്റ്റുചെയ്തിരുന്നു. ആഗസ്റ്റ് 22മുതൽ ഇയാൾ കസ്റ്റഡിയിലാണ്.
സമാനമായ കേസുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിലും മ്യൂസിയം പൊലീസിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ നിരപരാധിയാണെന്നും പരീക്ഷയെഴുതാനെത്തിയ സുഹൃത്തിന് കൂട്ടുവന്നതാണെന്നുമായിരുന്നു അമിത്തിന്റെ വാദം. അമിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യഹർജി തള്ളിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |