
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി അടക്കം ഹെവി വാഹനങ്ങളിൽ ഡ്രൈവർ സീറ്റിനും മുൻ സീറ്റിലും നവംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഇന്നലെ ചേർന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒക്ടോബർ ഒന്നു മുതൽ നടപ്പിലാക്കാനായിരുന്നു മുൻ തീരുമാനം. പിന്നീട് ഒരു മാസം സാവകാശം അനുവദിച്ചിരുന്നു.എ.ഐ ക്യാമറ സ്ഥാപിച്ചതിനെ തുടർന്ന് റോഡ് അപകടങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ കണക്കും താൻ നിയമസഭയിൽ പറഞ്ഞ കണക്കും പൊലീസ് സോഫ്റ്റ് വെയറിൽ അന്നു വരെയുള്ള കണക്കും തമ്മിൽ വ്യത്യാസമില്ലെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുക്കയാണ്. വസ്തുതകൾ മനസ്സിലാക്കാതെയാണ് പ്രതികരണമെന്നും കണക്കുകൾ നിരത്തി മന്ത്രി പറഞ്ഞു.
2023 ആഗസ്റ്റിലെ റോഡപകടം സംബന്ധിച്ച് , സെപ്തംബർ ആറിന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്ന കണക്ക്, സെപ്തംബർ അഞ്ചിന് കേരളാ പോലീസിന്റെ റാപ്പിഡ് സോഫ്റ്റ് വെയറിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. അതേ സമയം നിയമസഭയിൽ സെപ്തംബർ 12ന് താൻ നൽകിയ മറുപടി സെപ്തംബർ 11ന് ലഭ്യമായ രേഖകൾ അടിസ്ഥാനപ്പെടുത്തിയുള്ളതും. റോഡ് അപകടങ്ങളിൽ ഗുരുതരമായി പരിക്ക് പറ്റിയവർ ഐ.സി.യുവിലും വെന്റിലേറ്ററിലും ചികിത്സയിൽ കഴിയുന്നതിനാൽ മരിക്കുന്നവരുടെ എണ്ണത്തിൽ ആദ്യം കിട്ടുന്ന കണക്ക് വളരെ കുറവാണെങ്കിലും വ്യത്യാസം വരാമെന്ന് നിയമസഭയിൽ താൻ ചൂണ്ടിക്കാട്ടിയിരുന്നു. വസ്തുത ഇതായിരിക്കെ, പ്രതിപക്ഷ നേതാവിന്റെ ആരോപണം രാഷ്ട്രീയ പേരിതവും വസ്തുതാ വിരുദ്ധവുമാണ്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം.
2022 ജൂൺ വരെ കേരളത്തിൽ 1,60,49,041 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2023 ജൂൺ മാസം വരെ 1,68,20,672 വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. 7,71,631 വാഹനങ്ങൾ ഒരു വർഷത്തിനുള്ളിൽ വർദ്ധിച്ചു. 4.8 ശതമാനമാണ് വാഹനപ്പെരുപ്പം. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന്റെ കണക്കു പ്രകാരം കേരളത്തിലെ പ്രധാന സർക്കാർ ആശുപത്രികളിലെ കാഷ്വാലിറ്റിയിൽ 2022 ജൂണിൽ 13,219 റോഡ് അപകടവും 2023 ജൂണിൽ 12,421
അപകടവുമാണ് റിപ്പോർട്ട് ചെയ്തത്. 2022 ജൂലായിൽ 6608ഉം 2023 ജൂലായിൽ 6088ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |