
തൃശൂർ: കട്ടപ്പന നരിയംപാറയിൽ നിന്ന് പുതിയ ഇനം നിശാശലഭത്തെ കണ്ടെത്തി തൃശൂർ സെന്റ് തോമസ് കോളേജ്. 'യുമാസിയ വെനിഫിക്ക' എന്ന് പേരിട്ട നിശാശലഭത്തെ സുവോളജി വിഭാഗം ഗവേഷക എ.യു. ഉഷ, അദ്ധ്യാപികയും റിസർച്ച് ഗൈഡുമായ ഡോ. ജോയ്സ് ജോസ്, ജർമൻ ഗവേഷകനായ ഡോ. തോമസ് സോബിക്, മാള കാർമൽ കോളേജ് അദ്ധ്യാപകൻ ഡോ. ടി.ജെ. റോബി എന്നിവരാണ് തിരിച്ചറിഞ്ഞത്.
'മന്ത്രവാദിനിത്തൊപ്പി' എന്നർത്ഥം വരുന്ന വെനിഫിക്കസ് എന്ന വാക്കിൽ നിന്നാണ് ഇവയ്ക്ക് വെനിഫിക്കസ് എന്ന വർഗ നാമം നൽകിയത്. സുടാക്സ എന്ന അന്താരാഷ്ട്ര ജേണലിൽ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 'യുമാസിയ തോമസിയ' എന്ന ഇനം നിശാശലഭത്തെയും ഈ ഗവേഷകസംഘം തിരിച്ചറിഞ്ഞിരുന്നു.
സൈക്കിഡേ കുടുംബത്തിൽപ്പെടുന്ന ഇവ ഇന്ത്യയിൽനിന്ന് കണ്ടെത്തുന്ന യുമാസിയ ജനുസിലെ നാലാമത്തെ ഇനമാണ്. എട്ടു മുതൽ ഒമ്പതു വരെ മില്ലീമീറ്ററാണ് ചിറകിന്റെ നീളം.
ശരീരത്തിന് മൂന്ന് മില്ലിമീറ്റർ നീളമുണ്ട്. ഇവയെ കൽപ്പായൽ (ലൈക്കണുകൾ) പറ്റിപ്പിടിച്ചുവളരുന്ന പാറകളിലാണ് ധാരാളമായി കാണാറുള്ളത്.
ആൽഗയും ഫംഗസും കൂടിച്ചേർന്നുണ്ടാകുന്ന ലൈക്കണുകളെ ഭക്ഷണമാക്കുന്ന ഇവ അവയുടെ ഭാഗങ്ങൾ അടർത്തിയെടുത്ത് ശരീരത്തിനുചുറ്റും കൂടുകൾ നിർമിക്കുമെന്നും തിരിച്ചറിഞ്ഞു. അതിനാൽ ലൈക്കണുകളിൽ നിന്ന് ഇവയെ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |