കോഴിക്കോട്∙ ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള നീക്കം സ്വാഗതാർഹമാണെന്ന് എഴുത്തുകാരി തസ്‌ലിമ നസ്റീൻ. ബംഗ്ലാദേശിൽ പീഡനങ്ങൾ ഏറ്റുവാങ്ങി പുറത്താക്കപ്പെടുന്ന ഭൂരിപക്ഷ മുസ്ലിം വിഭാഗത്തിലെ തന്നെപ്പോലുള്ള പുരോഗമന വാദികൾക്കുകൂടി പൗരത്വം നൽകാൻ സർക്കാർ ശ്രമിക്കണമെന്നും തസ്‌ലിമ നസ്റീൻ പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അവർ.
ബംഗ്ലാദേശിൽ ഏകീകൃത സിവിൽകോഡ് വേണമെന്ന് പുരോഗമനവാദികളാണ് ആവശ്യപ്പെട്ടത്. എന്നാൽ അവിടെ ന്യൂനപക്ഷമായ ഹിന്ദുക്കൾ ഏകീകൃത സിവിൽ കോഡിനെ എതിർക്കുകയാണ്. മുസ്ലിം സ്ത്രീകൾക്ക് മറ്റുവിഭാഗങ്ങളിലുള്ള സ്ത്രീകളെപ്പോലെ സ്വാതന്ത്ര്യം വേണ്ട എന്ന് മതേതരചിന്തകർ പറയുന്നത് മനസിലാവുന്നില്ലെന്നും തസ്‌ലിമ പറഞ്ഞു. ഹിജാബും പർദയും ധരിക്കുന്നവരുടെ എണ്ണം 1994 ൽ ഉള്ളതിനേക്കാൾ എത്രയോ മടങ്ങ് വർദ്ധിച്ചു. വീട്ടിലെ പുരുഷൻമാരുടെ നിർബന്ധപ്രകാരം മാത്രമാണ് പലപ്പോഴും സ്ത്രീകൾ ഹിജാബും പർദയും ധരിക്കുന്നതെന്നും തസ്‌ലിമ പറഞ്ഞു. താനെഴുതുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പത്രങ്ങളും മാസികകളും ഭീഷണികളെ ഭയന്ന് പിന്മാറുമ്പോൾ ഒരു എഴുത്തുകാരിയാണ് കൊല്ലപ്പെടുന്നത്.
കൊൽക്കത്തയിൽ താമസിക്കുമ്പോൾ ആദ്യകാലത്ത് ഇടതുനേതാക്കൾ തന്നെ പിന്തുണച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പുകാലത്ത് ന്യൂനപക്ഷ വോട്ടു നഷ്ടപ്പെടുമെന്നു ഭയന്ന് ഇടതുനേതാക്കൾ ഇനി പിന്തുണയ്ക്കാൻ കഴിയില്ലെന്ന് അറിയിച്ചു. ബംഗാളിഭാഷ സംസാരിക്കുന്നവർക്കിടയിൽ താമസിക്കണമെന്ന തന്റെ ആഗ്രഹമാണ് പിഴുതെറിയപ്പെട്ടത്. അതിൽ വിഷമമില്ലെന്നും ഭാഷയും ജനങ്ങളുടെ സ്നേഹവുമാണ് തന്റെ വീടെന്നും തസ്‌ലിമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |