SignIn
Kerala Kaumudi Online
Wednesday, 01 May 2024 12.48 PM IST

പണത്തെക്കാൾ മൂല്യം ഈ സേവനത്തിന്

kk

സേവനത്തിനുള്ള പാത അതിവിശാലവും വൈവിദ്ധ്യപൂർണവുമാണെന്നു കാട്ടിത്തരുന്ന മഹത്തായ ഒരു കൂട്ടായ്മയെക്കുറിച്ചുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരായ മുപ്പതുപേരുൾക്കൊള്ളുന്ന ഈ സംഘം ജനശ്രദ്ധ നേടിയത് എട്ടുവർഷത്തിലധികമായി ചെയ്തുകൊണ്ടിരിക്കുന്ന സൗജന്യ സേവനങ്ങളുടെ പേരിലാണ്. നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നവരാണവർ. കാസർകോട് അരയി ഗ്രാമവാസികളായ ഈ സന്നദ്ധസേനയുടെ സഹായം ആവശ്യപ്പെട്ടാൽ സ്ഥലത്തെത്തി ഒരു പൈസ പോലും പ്രതിഫലം പറ്റാതെ പ്രവൃത്തി ഏറ്റെടുക്കും. എട്ടുവർഷത്തിനിടെ അഞ്ഞൂറ് സംരംഭങ്ങൾ പൂർത്തിയാക്കി അരയി ഗ്രാമത്തിന്റെ മാത്രമല്ല സമീപ പ്രദേശങ്ങളുടെ മുഴുവൻ സ്നേഹാദരങ്ങൾക്കു പാത്രമാകാൻ അവർക്കു സാധിച്ചു. യുവത്വത്തെ ജനസേവനത്തിന്റെ ക്രിയാത്മക പാതയിലേക്കു തിരിച്ചുവിട്ടതിലൂടെ സമൂഹത്തിനു അമൂല്യമായൊരു സന്ദേശം കൂടി നൽകുകയാണ് 'വൈറ്റ് ആർമി' എന്ന പേരിൽ അറിയപ്പെടാനാഗ്രഹിക്കുന്ന സേവക സംഘം. ഗ്രാമീണരുടെ ഏതു ജോലിയും ഏറ്റെടുക്കും. കല്ലും മണ്ണും മറ്റു സാധനങ്ങളും ചുമന്നെത്തിക്കണമെങ്കിൽ അതാകാം. വീടുകെട്ടാനും കിണർ വൃത്തിയാക്കാനും മതിലോ വേലിയോ നിർമ്മിക്കാനും തയ്യാർ. ഇലക്ട്രിക്, പ്ളംബിംഗ്, പെയിന്റിംഗ് എന്നുവേണ്ട ഏതു വീട്ടാവശ്യങ്ങൾക്കും പറ്റിയ പണിക്കാരുണ്ട്. ഏതു പണിയും കൂലിയില്ലാതെ ചെയ്തുതീർക്കുമെന്നതാണ് എടുത്തുപറയേണ്ട കാര്യം.

വൈറ്റ് ആർമി ഇതിനകം ഇരുന്നൂറു വീടുകളുടെ നിർമ്മാണത്തിൽ പങ്കാളികളായി. നാല്പത്തിയഞ്ചു വീടുകൾ പൂർണമായും ഇവർ തനിയെയാണ് പൂർത്തിയാക്കിയത്. പുതിയൊരു വീടിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടാണ് 501-ാമത്തെ സേവന സംരംഭം ആഘോഷമാക്കിയത്. ഇതുവരെ ചെയ്ത പണികൾക്ക് കൂലി കണക്കാക്കിയാൽ 40 ലക്ഷത്തിൽപ്പരം രൂപയ്ക്കു തുല്യം വരും. കൂലി നൽകാൻ കൈയിൽ പണമില്ലാതെ വിഷമിച്ചുനിന്ന എത്രയോ സാധാരണ കുടുംബങ്ങൾക്ക് വൈറ്റ് ആർമിയുടെ സേവനം വിലമതിക്കാനാവാത്തതായി.

അതിസമ്പന്നർക്കും സമൂഹത്തിലെ മേൽത്തട്ടിലുള്ളവർക്കും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർക്കും മാത്രമേ സമൂഹത്തെ സേവിക്കാനാവൂ എന്ന പരമ്പരാഗത സങ്കല്പം തിരുത്തിയെഴുതുന്നതാണ് പുതുമയാർന്ന ഈ സംരംഭം. വീടിനും നാടിനും ഒരു പ്രയോജനവുമില്ലാതെ അലസ ജീവിതം നയിക്കുന്ന അനേകരുണ്ട്. സമൂഹത്തിനു വേണ്ടി ജീവിതത്തിൽ എന്തെങ്കിലും ചെയ്യാൻ അവസരമുണ്ടാകുന്നത് വലിയ കാര്യമാണ്. യുവാക്കളെ അതിനായി സജ്ജമാക്കിയാൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാം. രാഷ്ട്രീയ ചേരിതിരിവുകൾ ശക്തമായതോടെയാണ് നാട്ടിൻപുറങ്ങളിൽ പോലും പണ്ടുകാലത്തെ സേവന കൂട്ടായ്മകൾ വേരറ്റു പോയതെന്നു പറയാം. അയൽക്കാരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് പല കാര്യങ്ങളും നടന്നിരുന്നത്. വിവാഹമായാലും ചടങ്ങുകളായാലും കൂലി നൽകി ആളെ വയ്ക്കേണ്ട ആവശ്യം അന്നില്ലായിരുന്നു.

സേവന സന്നദ്ധരായ യുവജന കൂട്ടായ്മ ഏതു നാടിനും അഭിമാനം പകരുന്നതു തന്നെയാണ്. നാടിന്റെ അഭിവൃദ്ധിക്കുതകുന്ന പലതും ചെയ്യാൻ ഇത്തരം കൂട്ടായ്മകൾക്കു സാധിക്കും. സാധാരണ കുടുംബങ്ങൾക്കാവും ഇതിന്റെ ഏറ്റവും വലിയ ഗുണം. സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതി പാവപ്പെട്ട കുടുംബങ്ങളെ ഉദ്ദേശിച്ചാണ്. പണിക്കാർക്ക് കൂലി കൊടുക്കാനില്ലാത്തതിന്റെ പേരിൽ മാത്രം പണി പകുതിക്കു നിലച്ചുപോയ എത്രയോ വീടുകളുണ്ട്. കാസർകോട് മാതൃക സ്വീകരിച്ചാൽ ഇത്തരം വീടുകൾക്കു ശാപമോക്ഷം ലഭിക്കും. യുവജന കൂട്ടായ്മയ്ക്ക് ഇടപെടാൻ പറ്റിയ നിരവധി സംരംഭങ്ങൾ ചുറ്റിലുമുണ്ട്. അതിനു പറ്റിയ വിധം അവരെ സംഘടിപ്പിച്ചെടുക്കാൻ സമൂഹം തന്നെ മുൻകൈയെടുക്കണം. കാസർകോട്ടെ 'വൈറ്റ് ആർമി' കൊളുത്തിയ ദീപത്തിന്റെ പ്രകാശം സംസ്ഥാനമാകെ പരക്കേണ്ടതു തന്നെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.