SignIn
Kerala Kaumudi Online
Friday, 26 April 2024 11.48 PM IST

കൈത്താങ്ങ് വേണം കള്ള് വ്യവസായത്തിന്

toddy

കേരളത്തിന്റെ പരമ്പരാഗത വ്യവസായമെന്ന നിലയിൽ കള്ള് ജനപ്രിയ പാനീയമായി വളരുമെന്നൊക്കെ തൊഴിലാളികൾ സ്വപ്നം കണ്ടിരുന്ന കാലമുണ്ടായിരുന്നു. പ്രത്യേകിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിലെ തൊഴിലാളികൾ. മറ്റു ജില്ലകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ തൊഴിലാളികളുള്ളതും തെങ്ങുകൾ കള്ളുത്‌പാദനത്തിനായി നീക്കിവയ്‌ക്കുന്നതും കണ്ണൂരും കാസർകോട്ടുമാണ്. കള്ള് ചെത്ത് സ്റ്റാറ്റസ് സിമ്പലായി കരുതിയ തൊഴിലാളികൾ ഈ രണ്ട് ജില്ലകളിലും ഏറെയുണ്ടായിരുന്നു. എന്നാൽ ഈ പരമ്പരാഗത വ്യവസായം കുറ്റിയറ്റു പോകുന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

കള്ള് വ്യവസായത്തെ സംരക്ഷിക്കാൻ മാറിമാറി വരുന്ന സർക്കാരുകൾ അരയും തലയും മുറുക്കി രംഗത്ത് എത്തുമെങ്കിലും അധികം വൈകാതെ വീര്യംചോർന്നു പിൻവാങ്ങുന്ന നിലയിലേക്ക് മാറുകയായിരുന്നു. കള്ള് വ്യവസായത്തെ സംരക്ഷിക്കാൻ വീര്യം കുറഞ്ഞ പാനീയമായ നീര പോലും പരീക്ഷിച്ചെങ്കിലും മുട്ടിലിഴഞ്ഞ് അതും എവിടെയുമെത്താതെ പോയി.

കത്തുന്ന ചൂട് കാലത്ത് പോലും നീരയ്ക്ക് വിപണിയിൽ കാലുറപ്പിക്കാൻ കഴിയാത്ത ഗതിയായി. വേനൽ സീസണിൽ വൻകിട കുപ്പിവെള്ള കമ്പനികൾ കോടിക്കണക്കിനു രൂപ ലാഭം കൊയ്യുമ്പോഴാണ് നീര വിപണിയിൽ ആർക്കും വേണ്ടാതായത്. സർക്കാരും കൃഷിവകുപ്പും പിന്തുണ ആവർത്തിക്കുമ്പോഴും ആശ്വാസപദ്ധതികളൊന്നും നീര കർഷകരെ തേടിയെത്തുന്നില്ല.

ആവശ്യക്കാരേറെയുണ്ടെങ്കിലും വിപണി ലഭിക്കാത്തതാണ് നീര പിന്തള്ളപ്പെട്ടതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നീരയെക്കുറിച്ചുള്ള അജ്ഞത പൂർണ്ണമായും ഒഴിവാക്കാനും കഴിഞ്ഞിട്ടില്ല. സർക്കാരിൽ നിന്ന് ആദ്യഘട്ടത്തിൽ നൽകിയ പിന്തുണ ഇപ്പോൾ നീരയ്ക്ക് കിട്ടുന്നില്ലെന്നതും മറ്റൊരു യാഥാർത്ഥ്യമാണ്. കേരകർഷകർക്ക് വൻപ്രതീക്ഷ നല്കിയാണ് നീര ഉത്പാദനത്തിന് കഴിഞ്ഞ സർക്കാർ തുടക്കം കുറിച്ചത്. ഇതിനായി കോടികണക്കിനു രൂപ മുതൽമുടക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടങ്ങിയ പല പദ്ധതികളും പാതിവഴിയിൽ നിലച്ചു.

സഹായം 'സാങ്കേതികം' മാത്രം

കാസർകോ‌‌ട് അഗ്രികൾച്ചറൽ സർവകലാശാലയും കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാളികേരവികസന ബോർഡും നീര ഉത്പാദനത്തിനായി വിവിധ കാർഷിക സംഘങ്ങൾക്ക് സാങ്കേതിക സഹായം നല്കുന്നുണ്ട്. നാളീകേര വികസന ബോർഡിന്റെ ലൈസൻസുള്ള കർഷകസംഘങ്ങൾ മാത്രമാണ് നിലവിൽ ചെറിയ തോതിലെങ്കിലും നീര ഉത്പാദിപ്പിക്കുന്നത്. നിരവധി ഔഷധഗുണങ്ങളുള്ള പാനീയമായിട്ടും വിപണിയിൽ വേണ്ടത്ര പ്രചാരം ലഭിക്കാൻ വേണ്ടത്ര ശ്രമങ്ങളില്ലാത്തതും നീരയ്ക്കു തിരിച്ചടിയായി. റെയിൽവേ സ്റ്റേഷനടക്കമുള്ള ഇടങ്ങളിൽ നീരയുടെ വിപണി വ്യാപിപ്പിക്കാൻ സർക്കാർ തലത്തിൽ നടപടികളുമുണ്ടായിട്ടില്ല.

സ്വഭാവിക രീതിയിൽ സംസ്കരിച്ചെടുക്കുന്ന നീര രണ്ടു ദിവസത്തിൽ കൂടുതൽ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ മിക്കയിടത്തുമില്ല. ഇതുമൂലം നീര പുളിച്ച് കള്ളായി മാറും. ഇത്തരം പ്രതിസന്ധികൾ തരണം ചെയ്യാൻ സർക്കാരിന്റെ ഭാഗത്തു നിന്നും സഹായങ്ങളുണ്ടാവണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. നീര ശേഖരിക്കാൻ പരിശീലനം ലഭിച്ചവരെ ലഭിക്കാത്തതാണ് മറ്റൊരു പ്രതിസന്ധി.

വേണം ടോഡി ബോർഡ്

പരമ്പരാഗത കള്ള് വ്യവസായത്തിന്റെ പ്രോത്‌സാഹനവും ഷാപ്പുകളുടെ നവീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ടോഡി വ്യവസായ ബോർഡിലാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഏക പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട് പദ്ധതിരേഖ തയ്യാറാക്കുന്നതിനും മറ്റുമായി എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ വ്യവസായികളുമായും മറ്റും ചർച്ച നടത്തിയിരുന്നു.

ടോഡി ബോർഡുമായി ബന്ധപ്പെട്ട് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ അനൗദ്യോഗിക ചർച്ചകളും മറ്റും നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ഇതിനു പുറമേ ബഡ്ജറ്റിൽ തുക വകയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ ടോഡി ബോർഡ് മാത്രം വെളിച്ചം കണ്ടില്ല.

ടോഡി ബോർഡ് വരുന്നതിന്റെ ഭാഗമായി, കൃത്രിമക്കള്ള് വ്യാപനം നിയന്ത്രിച്ച് ശുദ്ധമായ കള്ള് നൽകി ഷാപ്പുകളിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുള്ള വൈവിദ്ധ്യമാർന്ന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ടൂറിസം സാദ്ധ്യതകൾ കൂടി കണക്കിലെടുത്തുള്ള കള്ള് ഷാപ്പുകളുടെ നവീകരണം, പുനരുദ്ധാരണം, വൈവിദ്ധ്യവത്കരണം എന്നിവ യാഥാർത്ഥ്യമാകുന്നതോടെ ഈ രംഗത്ത് പ്രവർത്തിക്കുന്ന തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമുൾപ്പടെയുള്ള അരലക്ഷത്തോളം പേർക്ക് ഏറെ ആശ്വാസകരമാകുന്നതാണ് പദ്ധതി.

ഒരു ദിവസം അരലക്ഷത്തിലേറെ ലിറ്റർ കള്ള് ആവശ്യമായി വരുന്നുണ്ട്. ഉത്‌പാദനം കുറയുന്നതു കാരണം ആവശ്യക്കാർക്ക് എത്തിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ഇതു പരിഹരിക്കാൻ കൂടുതൽ തെങ്ങുകൾ ടോഡി ബോർഡ് തന്നെ കണ്ടെത്തി ചെത്താനുള്ള സൗകര്യമൊരുക്കും. പിണറായി, നാറാത്ത്, ആറളം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് കണ്ണൂർ ജില്ലയിലെ കള്ളുത്‌പാദനം കൂടുതലും. പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ ചെത്തിയെടുക്കുന്ന കള്ള് ഉൽപ്പാദനം കുറഞ്ഞ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കും. വീര്യം കൂടിയതിന് പുറമെ വീര്യം കുറഞ്ഞ കള്ള് ഉത്‌പാദിപ്പിക്കുന്ന കാര്യവും ബോർഡിന്റെ പരിഗണനയിലുണ്ട്.

വീര്യത്തിന്റെ പേരിൽ പോര്

കള്ളിലെ ലഹരിയുടെ അളവ് സംബന്ധിച്ച് എക്സൈസും കള്ള് ചെത്ത് വ്യവസായികളും തമ്മിലുള്ള തർക്കം ശക്തമാണ്. തെങ്ങുകളുടെ വളപ്രയോഗം, കാലാവസ്ഥാ വ്യതിയാനം എന്നിവയെ അടിസ്ഥാനമാക്കി കള്ളിന്റെ വീര്യവും കൂടുമെന്നാണ് വ്യവസായികളുടെ നിലപാട്. തെക്ക്, മദ്ധ്യമേഖല, വടക്ക് എന്നിങ്ങനെ വിഭജിച്ച് കള്ളിന്റെ വീര്യം പ്രത്യേകം പരിശോധിക്കണമെന്ന ആവശ്യവും എക്സൈസിനു മുമ്പാകെ വ്യവസായികൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. കള്ളിലടങ്ങിയ സ്റ്റാർച്ചിന്റെ പേരിൽ പലപ്പോഴും പിടിയിലാകുന്നത് വ്യവസായികളും തൊഴിലാളികളുമാണ്. അതിനായി ശാസ്ത്രീയ പരിശോധന വേണമെന്നാണ് ഇവരുടെ ആവശ്യം.

ടോഡി ബോർഡ് വന്നാൽ

കള്ള് ചെത്ത് വ്യവസായത്തിന്റെ വികസനത്തിനും നവീകരണത്തിനും നിരവധി പദ്ധതികളാണ് ടോഡി ബോർഡിൽ നിർദേശിച്ചിട്ടുള്ളത്. ഉത്‌പാദനത്തിനായി അത്യുത്‌പ്പാദന ശേഷിയുള്ള വൃക്ഷത്തോട്ടം വച്ചുപിടിപ്പിക്കുന്നത് മുതൽ കായൽപുറമ്പോക്ക്, റോഡ് പുറമ്പോക്ക്, റവന്യൂ പുറമ്പോക്ക്, മറ്റ് ലഭ്യമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തെങ്ങും കരിമ്പനയും ചൂണ്ടപ്പനയും കൃഷി ചെയ്യും, കള്ളുഷാപ്പുകൾ നടത്താൻ സ്ഥിരം കെട്ടിടം എക്‌സൈസ് വകുപ്പിന്റെ നിയന്ത്രണത്തിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതു ഉൾപ്പടെയുള്ള വൈവിദ്ധ്യവത്കരണ പദ്ധതികളും ഇതോടെ യാഥാർത്ഥ്യമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TODDY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.