SignIn
Kerala Kaumudi Online
Monday, 08 December 2025 10.58 PM IST

യു.പിയുടെ തലവര മാറ്റിയ നേതാവ്

Increase Font Size Decrease Font Size Print Page

mulayam-singh-yadav

രാഷ്ട്രീയത്തിലെന്നപോലെ മരണവുമായും ഏറെനാൾ പോരാടിയ ശേഷമാണ് സമാജ്‌വാദി പാർട്ടിയുടെ ഏറ്റവും ഉന്നതനായ നേതാവ് മുലായം സിംഗ് യാദവ് ഈ ലോകം വിട്ടുപോയത്. എൺപത്തിരണ്ടുകാരനായ മുലായം രാജ്യത്തെ വലിയ സംസ്ഥാനമായ ഉത്തർപ്രദേശിലെ സാധാരണ ജനങ്ങൾക്ക് ആരാധ്യനും കാണപ്പെട്ട നേതാവുമായിരുന്നു. അധികാരം സാധാരണക്കാർക്കു നന്മചെയ്യാൻ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആപ്തവാക്യം. മൂന്നുവട്ടം മുഖ്യമന്ത്രിയായിരിക്കാനുള്ള അവസരം ലഭിച്ചു. അപ്പോഴെല്ലാം സാധാരണക്കാർക്കുവേണ്ടി പല നടപടികളും അദ്ദേഹം കൈക്കൊണ്ടു. അതിന്റെ പേരിൽ ഏറെ പഴികളും കേട്ടു. പിന്നാക്ക വിഭാഗങ്ങളുടെയും അധഃസ്ഥിത വിഭാഗങ്ങളുടെയും ഉന്നമനം മുലായം സിംഗിന്റെ രാഷ്ട്രീയ അജണ്ടയിലെ മുഖ്യ ഇനങ്ങളായിരുന്നു. പിന്നാക്ക വിഭാഗങ്ങൾക്ക് മണ്ഡൽ കമ്മിഷൻ ശുപാർശകളെയും മറികടന്ന് ഉയർന്ന സംവരണം ഉറപ്പാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. യു.പിയിൽ പതിറ്റാണ്ടുകൾ നീണ്ടുനിന്ന കോൺഗ്രസ് ആധിപത്യം തച്ചുടച്ചതിൽ മുലായത്തിന്റെ പങ്ക് വലുതാണ്. രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ കരുത്തിൽ ഭരണം പിടിച്ച ബി.ജെ.പിയെ പുറത്താക്കുന്നതിലും അദ്ദേഹത്തിന്റെ രാഷ്ട്രീയചാതുര്യം ഏറെ പ്രകടമാണ്. കോൺഗ്രസിന്റെ ഏറ്റവും വലിയ സ്വാധീന ഭൂമിയായിരുന്ന യു.പിയിൽ അവരെ നിശേഷം ഇല്ലാതാക്കിയ രാഷ്ട്രീയക്കളിയിലും മുലായത്തിന്റെ തന്ത്രങ്ങൾക്ക് തിളക്കമേറെയാണ്.

റാം മനോഹർലോഹ്യയിൽ നിന്നാണ് സോഷ്യലിസ്റ്റ് പാഠങ്ങൾ പഠിച്ചത്. ബിരുദാനന്തരബിരുദം നേടി അദ്ധ്യാപകനായിരിക്കെയാണ് ഇരുപത്തിയെട്ടാം വയസിൽ രാഷ്ട്രീയ പ്രവേശം. അദ്ധ്യാപനവൃത്തി ഉപേക്ഷിച്ച് രാഷ്ട്രീയം തിരഞ്ഞെടുത്ത അദ്ദേഹം അരനൂറ്റാണ്ടിലധികം കാലം യു.പി രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും നിർണായകമായ പല മാറ്റങ്ങൾക്കും കളമൊരുക്കി. മൂന്നുവട്ടം യു.പിയുടെ ഭരണസാരഥ്യം വഹിക്കാൻ അവസരം ലഭിച്ചെങ്കിലും ഒരിക്കൽപോലും അഞ്ചുവർഷം തികച്ച് ആ പദവിയിലിരിക്കാൻ കഴിഞ്ഞില്ല. യു.പി രാഷ്ട്രീയം അത്രമേൽ ധ്രുവീകരിക്കപ്പെട്ടിരുന്ന കാലത്താണ് മൂന്നു തവണയും മുഖ്യമന്ത്രിക്കസേര അദ്ദേഹത്തിലെത്തിച്ചേർന്നത്. എന്നിരുന്നാലും കഷ്ടിച്ച് ഏഴുവർഷം മുഖ്യമന്ത്രിയായിരിക്കാൻ ലഭിച്ച അവസരം സാധാരണക്കാർക്കു ഗുണകരമായ ഒട്ടധികം ഭരണനടപടികൾ മുലായം സർക്കാരിൽ നിന്നുണ്ടായി. യു.പി.എയുടെ ഒന്നാം സർക്കാരിൽ അദ്ദേഹം പ്രതിരോധമന്ത്രിയായിരുന്നു.

1992ൽ സമാജ‌്‌വാദി രൂപീകരണം മുതൽ മുലായമായിരുന്നു ആ പാർട്ടിയുടെ അനിഷേധ്യ നേതാവ്. ഏതാനും വർഷം മുൻപു വരെ അതായിരുന്നു സ്ഥിതി. എന്നാൽ പാർട്ടിയിൽ കുടുംബാംഗങ്ങൾ ഏറിയതോടെ സഹജമായ കുടിപ്പകയിലും അധികാരത്തർക്കത്തിലും പാർട്ടി പിളർപ്പിന്റെ ഘട്ടം വരെ എത്തിയതാണ്. അവസാന നാളുകളിൽ നിരാശപൂണ്ട് പാർട്ടി കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നു .

പ്രധാനമന്ത്രിപദം മുലായംസിംഗിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ഫലിച്ചില്ലെന്നു മാത്രം. തിരഞ്ഞെടുപ്പുകൾ അദ്ദേഹത്തിന് അനായാസ വിജയത്തിനുള്ള പടിക്കെട്ടുകൾ മാത്രമായിരുന്നു. യു.പി നിയമസഭയിലേക്ക് പത്തുതവണയും ലോക്‌സഭയിലേക്ക് ഏഴുതവണയും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. സാധാരണക്കാരുടെ വാഹനമായ സൈക്കിളായിരുന്നു ചിഹ്നം. പുത്രൻ അഖിലേഷ് യാദവ് പിൻഗാമിയായി വന്നപ്പോഴും ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കാൻ ഈ ചിഹ്നം ഉപകരിച്ചു. അഖിലേഷ് മുഖ്യമന്ത്രിയായി ഭരിച്ച അഞ്ചുവർഷക്കാലം യു.പിയുടെ നല്ല കാലമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ അതു നിലനിറുത്താൻ പാർട്ടിക്കു കഴിയാതെപോയി. അമിതാഭ് ബച്ചനെ യു.പിയുടെ ബ്രാൻഡ് അംബാസഡറാക്കിയതും ഉന്നത താരങ്ങളുമായുള്ള അടുത്തബന്ധവും മുലായത്തിന്റെ വ്യക്തിവൈശിഷ്ട്യത്തിന് ഉദാഹരണങ്ങളാണ്. ഒരേസമയം യാദവരുടെയും മുസ്ളിങ്ങളുടെയും നേതാവെന്ന നിലയിൽ മുലായം യു.പി രാഷ്ട്രീയത്തെ കൈയിലെടുത്തത് അത്ഭുതത്തോടെയാണ് നിരീക്ഷകർ കണ്ടത്. യു.പിക്കു മാത്രമല്ല ദേശീയ രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട്.

TAGS: MULAYAM SINGH YADAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.