വാഷിംഗ്‌ടൺ: ചൈനാ ബന്ധം ആരോപിച്ച് ഇന്ത്യൻ വംശജനായ നയതന്ത്ര വിദഗ്ദ്ധൻ യുഎസിൽ അറസ്റ്റിൽ. യുഎസ് ഗവേഷകൻ ആഷ്‌ലി ടെല്ലിസ് ആണ് അമേരിക്കയുടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ സൂക്ഷിച്ചതിനും ചൈനീസ് ഉദ്യോഗസ്ഥരെ സന്ദർശിച്ചതിനും അറസ്റ്റിലായത്. റോമിലേയ്ക്ക് പറക്കാനിരിക്കെ ഒക്‌ടോബർ 11നാണ് ആഷ്‌ലി അറസ്റ്റിലായത്.
64കാരനായ ആഷ്‌ലിയുടെ അറസ്റ്റ് വിവരം വിർജീനിയയുടെ കിഴക്കൻ ജില്ലയുടെ യുഎസ് അറ്റോർണി ലിൻഡ്‌സെ ഹാലിഗൻ ആണ് പുറത്തുവിട്ടത്. 'അന്തർദേശീയ, ആഭ്യന്തര ഭീഷണികളിൽ നിന്ന് അമേരിക്കൻ ജനതയെ സംരക്ഷിക്കുന്നതിൽ സർക്കാർ വലിയ ശ്രദ്ധനൽകുന്നു. പൗരന്മാരുടെ സുരക്ഷയെ ബാധിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസിലെ വസ്തുതകളും നിയമങ്ങളുമെല്ലാം വ്യക്തമാണ്. നീതി പുലർത്താൻ വേണ്ടതെല്ലാം ചെയ്യും'- ഹാലിഗൻ വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പത്ത് വർഷത്തെ തടവും 250,000 ഡോളർ പിഴയുമായിരിക്കും ടെല്ലിസിന് ലഭിക്കുകയെന്ന് അറ്റോർണിയുടെ ഓഫീസ് അറിയിച്ചു.
രണ്ട് ദശാബ്ധത്തിലധികം യുഎസ് സർക്കാരിന്റെ ഉപദേഷ്‌ടാവായി ശമ്പളമില്ലാതെ പ്രവർത്തിച്ചയാളാണ് ടെല്ലിസ്. സ്വവസതിയിൽ ഇദ്ദേഹം ആയിരത്തിലധികം പേജുകളുള്ള അതീവരഹസ്യ വിവരങ്ങൾ സൂക്ഷിച്ചുവെന്നാണ് കണ്ടെത്തൽ. സെപ്‌തംബർ 25ന് യുഎസ് വ്യോമസേനയുടെ ആസ്ഥാന കേന്ദ്രത്തിൽ പ്രവേശിച്ച അദ്ദേഹം രഹസ്യ രേഖകൾ പകർത്തിയെടുത്തെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിർജീനിയയിലുള്ള റെസ്റ്റോറന്റിൽ വച്ച് പലതവണ അദ്ദേഹം ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തിയെന്നും അറ്റോർണി ഓഫീസ് വ്യക്തമാക്കി.
ഇന്ത്യയിൽ നിന്നുള്ള യുഎസ് പൗരനായ ടെല്ലിസ്, കാർണഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ സീനിയർ ഫെലോ ആണ്. ഏഷ്യയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര സുരക്ഷയിലും യുഎസ് വിദേശ, പ്രതിരോധ നയത്തിലും ഊന്നൽ നൽകുന്നതാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.
യുഎസ് വിദേശകാര്യ സർവീസിലും അദ്ദേഹം കമ്മിഷൻ ചെയ്യപ്പെട്ടു. ന്യൂഡൽഹിയിലെ യുഎസ് എംബസിയിൽ അംബാസഡറുടെ മുതിർന്ന ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന്റെ കീഴിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. ഇന്ത്യയുമായുള്ള സിവിൽ ആണവ കരാറിലും നിർണായക പങ്ക് വഹിച്ചു. എന്നാൽ, സമീപ കാലങ്ങളിൽ, ഇന്ത്യയുമായുള്ള യുഎസ് ബന്ധത്തെ വിമർശിച്ച് അദ്ദേഹം പലതവണ രംഗത്തെത്തിയിരുന്നു. ഇന്ത്യ പലപ്പോഴും അമേരിക്കൻ വിരുദ്ധമായ നയങ്ങൾ പിന്തുടരുന്നുണ്ടെന്നും, റഷ്യയുമായും ഇറാനുമായും ബന്ധം പുലർത്തുന്നുവെന്നും ടെല്ലിസ് ആരോപിച്ചിരുന്നു. ഇന്ത്യ എപ്പോൾ വേണമെങ്കിലും ചൈനയോളം ശക്തമാകുമെന്ന് സംശയിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |