ഡൽഹിയിലെ പ്രധാന ക്ഷേത്രത്തിലും ഹരിയാനയിലെ സൈനിക കേന്ദ്രത്തിലും സ്‌ഫോടനത്തിന് പദ്ധതിയിട്ട് ഐഎസ്ഐ
ന്യൂഡൽഹി: ഡൽഹിയിലെ ക്ഷേത്രങ്ങളിലും ഹരിയാനയിലെ സൈനിക കേന്ദ്രങ്ങളിലും പാക് ചാരസംഘടനയായ ഐഎസ്‌ഐ സ്‌ഫോടനത്തിന് പദ്ധതിയിട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം പിടിയിലായവരിൽ നിന്നാണ് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിന് വിവരം ലഭിച്ചത്. സ്‌ഫോടനം നടത്താനിരുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളും പ്രതികൾ ഐഎസ്‌ഐയ്‌ക്ക് കൈമാറിയിട്ടുണ്ട്.
ഐഎസ്‌ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഷഹ്‌സാദ് ബാട്ടി എന്ന ഭീകരനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഡൽഹിയിലെ വിവിധ പൊലീസ് സേനകൾ. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ ഷഹ്‌സാദ് ബാട്ടിയുടെ മൂന്ന് സംഘാംഗങ്ങളെ ഡൽഹി പൊലീസിന്റ സ്‌പെഷ്യൽ സെൽ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഓൺലൈനിലൂടെ ഭീകരസംഘടനയിലേക്ക് ആളുകളെ ചേർക്കുന്നു എന്നതിന്റെ പേരിലാണ് ഇവരെ പിടികൂടിയത്. പല സംസ്ഥാനങ്ങളിൽ നിന്നായിരുന്നു അറസ്റ്റ്. ഇവരെ ചോദ്യംചെയ്‌തപ്പോഴാണ് സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
ഡൽഹിയിലെ ചരിത്രപ്രാധാന്യമുള്ള ഒരു ക്ഷേത്രത്തിലും ഹരിയാന ഹിസാറിലെ മിലിട്ടറി ക്യാമ്പിലും ഡൽഹി സോണിപഥ് ദേശീയപാതയിലെ തിരക്കേറിയ ഒരു ധാബയിലും സ്‌ഫോടനങ്ങൾ നടത്താൻ ഇവർ ലക്ഷ്യമിട്ടിരുന്നതായി കണ്ടെത്തി. ഈ സ്ഥലങ്ങളുടെ വിവിധ കോണുകളിൽ നിന്നുള്ള ചിത്രങ്ങളും ലൊക്കേഷനും സഹിതം സോഷ്യൽ മീഡിയയിലൂടെ ഇവർ ഷഹ്‌സാദ് ബാട്ടിയുടെ സംഘത്തിന് കൈമാറിയിട്ടുണ്ട്. സമാനമായ രീതിയിൽ ഐഎസ്‌ഐയ്‌ക്ക് വേണ്ടി പല സ്തലങ്ങളിൽ നിന്നും യുവാക്കൾ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.