ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിൽ മരിച്ച ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയുടേതടക്കം 47 മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു. രൂപാണി അടക്കം 25 പേരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. മുൻമുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് ഗുജറാത്തിൽ ഇന്ന് സർക്കാർ ദുഃഖാചരണം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ തട്ടകമായിരുന്ന രാജ്കോട്ടിൽ ഇന്ന് സംസ്‌കാര ചടങ്ങുകൾ നടക്കും.
വിമാനത്തിലുണ്ടായിരുന്ന പത്തനംതിട്ട സ്വദേശി രഞ്ജിത ആർ.നായരുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിശോധനാഫലം ഇന്ന് പുറത്തുവന്നേക്കും. അപകടത്തിൽ 274 പേർ മരിച്ചെന്നാണ് കണക്കുകൾ.
നടപടികൾ ലളിതമാക്കി സർക്കാർ
മരണ സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭ്യമാക്കാൻ ഗുജറാത്ത് സർക്കാർ നടപടിയെടുത്തു. ഇതിനായി ഏകജാലക സംവിധാനം ഏർപ്പെടുത്തി. മാനസികമായി തകർന്നിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ആശ്വാസമേകാൻ കൗൺസിലിംഗ് സംവിധാനവുമൊരുക്കി.
ആദ്യയോഗം ഇന്ന്
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണസമിതിയുടെ ആദ്യയോഗം ഇന്ന് നടക്കും. മൂന്നു മാസത്തികം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ശ്രമം. യു.എസിലെ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ്, ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ എന്നിവർ ഇന്നലെ അപകടസ്ഥലം സന്ദർശിച്ചു.
നിർണായകം ബ്ലാക് ബോക്‌സ് ഡേറ്റ
അപകടസ്ഥലത്തു നിന്ന് കണ്ടെത്തിയ ബ്ലാക് ബോക്‌സിന്റെ ഫൊറിൻസിക്, ടെക്‌നിക്കൽ പരിശോധന തുടരുകയാണ്. കോക്പിറ്റിലെ മുഴുവൻ സംഭാഷണം ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ച ശേഷം ഏജൻസികൾ കൃത്യമായ നിഗമനത്തിലെത്തുമെന്ന് ഏവിയേഷൻ വിദഗ്ദ്ധർ വ്യക്തമാക്കി. സംഭവസമയം എയർ ട്രാഫിക് കൺട്രോളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ മൊഴി അന്വേഷണസംഘം ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |