ചെന്നൈ: ലഹരിക്കേസിൽ നടൻ ശ്രീകാന്തിന്റെ അറസ്റ്റിന് പിന്നാലെ നടൻ കൃഷ്ണയെയും ചെന്നൈ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. 20 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കൃഷ്ണയെ അറസ്റ്റ് ചെയ്‌തത്. കൃഷ്ണയുടെ സുഹൃത്ത് കെവിനും അറസ്റ്റിലായിട്ടുണ്ട്. കൃഷ്ണയെ വൈദ്യപരിശോധനക്കുശേഷം മജിസ്ട്രേട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതേ കേസിൽ നടൻ ശ്രീകാന്ത് ഇപ്പോഴും റിമാൻഡിലാണ്. മയക്കുമരുന്ന് പാർട്ടികളിൽ പതിവായി പങ്കെടുക്കുന്നയാളാണ് കൃഷ്ണയെന്ന് ശ്രീകാന്ത് നേരത്തെ മൊഴി നൽകിയിരുന്നു. ചലച്ചിത്ര നിർമ്മാതാവ് വിഷ്ണു വർധന്റെ സഹോദരനാണ് കൃഷ്ണ. ചോദ്യംചെയ്യലിൽ മയക്കുമരുന്ന് വിതരണവും ഉപയോഗവും നടത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് നടപടി സ്വീകരിച്ചത്.
ശ്രീകാന്ത് ഉൾപ്പെടെയുള്ളവരുടെ ബന്ധങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. ഇന്നുരാവിലെ ചെന്നൈ പൊലീസ് കൃഷ്ണയുടെ ചെന്നൈയിലെ ബസന്ത് നഗറിലെ വസതിയിലെത്തി രണ്ടു മണിക്കൂറോളം പൊലീസ് തെരച്ചിൽ നടത്തിയത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. അതിനിടെയാണ് മയക്കുമരുന്ന് വിതരണം ചെയ്ത കെവിനും അറസ്റ്റിലാവുന്നത്. കെവിന്റെ താമസസ്ഥലത്തുനിന്ന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. അതേസമയം,രണ്ട് നടിമാരും പൊലീസ് നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അഞ്ജലി, ഇരുവർ, ദളപതി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട് കൃഷ്ണ.
ശ്രീകാന്ത് ഉൾപ്പെടെയുള്ള സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്ക് കൊക്കെയ്ൻ വിതരണം ചെയ്തതിനും ആഢംബര മയക്കുമരുന്ന് ലഭ്യമാക്കി പാർട്ടികൾ നടത്തിയതിനുമാണ് നിർമ്മാതാവ് പ്രസാദിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രസാദുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യം ചെയ്യലുകൾക്ക് ശേഷം ജൂൺ 23നാണ് ചെന്നൈ പൊലീസ് ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്തത്.
ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തതായും അറിയപ്പെടുന്ന മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധം പുലർത്തിയതായും പൊലീസ് സംശയിക്കുന്നു. നടന്റെ രക്തസാമ്പിളുകൾ മെഡിക്കൽ പരിശോധനയ്ക്കായി അയച്ചിരുന്നു. പ്രാഥമിക റിപ്പോർട്ടിൽ മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചിരുന്നു. ശ്രീകാന്തിനെ ജൂലായ് ഏഴുവരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |