ഉപരാഷ്ട്രപതിക്ക് മറുപടി
ന്യൂഡൽഹി: ജനാധിപത്യത്തിലെ മൂന്ന് തൂണുകൾക്കും മുകളിലാണ് ഭരണഘടനയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. പാർലമെന്റാണ് പരമോന്നതമെന്ന് പറയുകയും വിശ്വസിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ, തന്നെ സംബന്ധിച്ചിടത്തോളം ഭരണഘടനയാണ് പരമോന്നതം.
പാർലമെന്റാണ് പരമോന്നതമെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ പറഞ്ഞിരുന്നു. ഇതിന് പരോക്ഷമായി മറുപടി നൽകുകയായിരുന്നു ചീഫ് ജസ്റ്റിസ്. ജന്മനാടായ മഹാരാഷ്ട്ര അമരാവതിയിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമനിർമ്മാണസഭ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്ന് തൂണുകൾ ഭരണഘടനയ്‌ക്ക് കീഴിലാണ്. ഭരണഘടനയിൽ ഭേദഗതി കൊണ്ടുവരാൻ പാർലമെന്റിന് അധികാരമുണ്ട്. എന്നാൽ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജഡ്‌ജിമാർ സ്വതന്ത്രമായി ചിന്തിക്കണം. ആളുകൾ എന്തു പറയുമെന്ന് നോക്കി തീരുമാനമെടുക്കാൻ കഴിയില്ല. സർക്കാരിനെതിരെ ഉത്തരവെഴുതി എന്നതുകൊണ്ടു മാത്രം ജഡ്‌ജി സ്വതന്ത്രനാകില്ലെന്നും കൂട്ടിച്ചേർത്തു.
ജഡ്‌ജിമാർ സൂപ്പർ പാർലമെന്റ് ചമയുകയാണെന്നും, ഭരണഘടനയിലെ 142-ാം അനുച്ഛേദം ആണവ മിസൈലായി മാറിയിരിക്കുന്നെന്നുമാണ് ഉപരാഷ്‌ട്രപതി നേരത്തേ തുറന്നടിച്ചത്. നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച വിധിയോടുള്ള അതൃപ്‌തിയാണ് ധൻകർ പ്രകടിപ്പിച്ചത്.
പിതാവ് പറഞ്ഞു;
വക്കീലായി
തനിക്ക് ആർക്കിടെക്‌ട് ആകാനായിരുന്നു ആഗ്രഹം. എന്നാൽ താൻ അഭിഭാഷകനാകണമെന്ന് പിതാവ് ആർ.എസ്. ഗവായി താത്‌പര്യം പ്രകടിപ്പിച്ചു. അത് അനുസരിക്കുകയും ചെയ്തു. കേരള മുൻ ഗവർണറാണ് ആർ.എസ്. ഗവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |