ന്യൂഡൽഹി: നേരത്തേയെത്തിയ കാലവർഷം ഡൽഹി ഉൾപ്പെടെ വടക്കെ ഇന്ത്യയിൽ ജനജീവിതം താറുമാറാക്കി.
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്‌ഫോനത്തെ തുടർന്നുള്ള മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികൾ മരിച്ചു.
കാണാതായ ഏഴ് പേർക്കായി തെരച്ചിൽ ഊർജ്ജിതം. ബാർകോട്ടിലിൽ സിലായ് ബാൻഡിന് സമീപം ശനിയാഴ്‌ച പുലർച്ചെയാണ് അപകടം. മണ്ണിടിഞ്ഞ് ഇവരുടെ ഷെഡ്ഡിന് മുകളിൽ പതിക്കുകയായിരുന്നു. ഉത്തരാഖണ്ഡിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. താണപ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജൂലായ് എട്ടോടെ എത്തുമെന്ന് പ്രതീക്ഷിച്ച കാലവർഷമാണ് രണ്ടു ദിവസമായി ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ പെയ്യുന്നത്. ഡൽഹിയിൽ ശനി, ഞായർ ദിവസങ്ങളിൽ രോഹിണി, പിതംപുര, കരവാൽ നഗർ, രജൗരി ഗാർഡൻ, ദ്വാരക, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങി പല ഭാഗങ്ങളിലും ശക്തമായ മഴയും കാറ്റുമാണ്. ചില സ്ഥലങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശി. താണ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പലയിടത്തും ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്‌തു. ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ മഴയ്‌ക്കൊപ്പം ഇടിമിന്നലുമുണ്ടായി.
ഹിമാചലിലെ ബിലാസ്പൂർ, ചമ്പ, ഹാമിർപൂർ, കാംഗ്ര, കുളു, മണ്ഡി, ഷിംല, സിർമൗർ, സോളൻ, ഉന ജില്ലകളിൽ വെള്ളപ്പൊക്ക സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മാണ്ഡിയിലെ പാണ്ടോ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചതിനാൽ ബിയാസ് നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ചാർ ധാം യാത്ര
നിറുത്തിവച്ചു
കനത്ത മഴയെ തുടർന്ന് ചാർ ധാം തീർത്ഥാടന യാത്ര നിറുത്തിവച്ചിരിക്കുകയാണ്. തീർത്ഥാടകർ ശ്രീനഗർ, രുദ്രപ്രയാഗ്, വികാസ്‌നഗർ, ബാർകോട്ട് തുടങ്ങിയ സ്ഥലങ്ങളിലാണുള്ളത്. യമുനോത്രി, ഗംഗോത്രി ഹൈവേകൾ മണ്ണിടിച്ചിലിൽ തടസപ്പെട്ടു. ഉത്തരകാശി, രുദ്രപ്രയാഗ്, ഡെറാഡൂൺ, തെഹ്‌രി, പൗരി, ചമ്പാവത്, ബാഗേശ്വർ, ഉദം സിംഗ് നഗർ, ഹരിദ്വാർ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അണക്കെട്ടുകൾ
നിറഞ്ഞു
മൺസൂൺ ആരംഭിച്ചതോടെ ഗുജറാത്തിലെ 206 ജലസംഭരണികളിലും ശരാശരി ജലനിരപ്പ് 46.21 ശതമാനമായി ഉയർന്നു.
13 സംഭരണികൾ 100 ശതമാനം നിറഞ്ഞു. അഹമ്മദാബാദ് ജില്ലയിൽ ഇതുവരെ ശരാശരി 24 ശതമാനം മഴ ലഭിച്ചു.
പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണിത്. 2024 ജൂൺ 28 വരെ ശരാശരി മഴ 4.74 ശതമാനമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |