ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ഗതാഗതക്കുരുക്ക് നീണ്ടത് 32 മണിക്കൂർ. ഇതിനിടെ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇൻഡോർ- ദേവാസ് ഹൈവേയിലെ എട്ടു കിലോമീറ്ററിൽ വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച ഗതാഗതക്കുരുക്ക് നീണ്ടത് വെള്ളിയാഴ്ച രാത്രിവരെ. നാലായിരത്തോളം വാഹനങ്ങൾ ഒന്നര ദിവസത്തോളം കുടുങ്ങിക്കിടന്നു. ഹൈവേയിലെ നിർമ്മാണ പ്രവർത്തനങ്ങളും കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടുമാണ് വൻ ഗതാഗതക്കുരുക്കിലേക്ക് നയിച്ചത്. ഗതാഗതം സർവീസ് റോഡുകളിലൂടെ തിരിച്ചുവിട്ടതും കുരുക്ക് വർദ്ധിപ്പിച്ചു.
സന്ദീപ് പട്ടേലാണ് (32) കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാതെ മരിച്ച ഒരാൾ. നെഞ്ചുവേദന അനുഭവപ്പെട്ട സന്ദീപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടത്. മണിക്കൂറുകളോളം ഇവിടെ കുടുങ്ങിയ സന്ദീപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
കമൽ പഞ്ചൽ (62), ബൽറാം പട്ടേൽ (55) എന്നിവരാണ് ജീവൻ നഷ്ടമായ മറ്റു രണ്ടുപേർ. വെള്ളിയാഴ്ചയാണ് ഇരുവരുടെയും മരണം റിപ്പോർട്ട് ചെയ്തത്. ഒന്നര മണിക്കൂറോളം ഗതാഗതക്കുരുക്കിൽപ്പെട്ടുവെന്നും ഈ സമയം അസ്വസ്ഥത അനുഭവപ്പെട്ട അച്ഛൻ കാറിൽ കുഴഞ്ഞുവീഴുകയായിരുന്നെന്നും കമലിന്റെ മകൻ വിജയ് പറഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
അതേസമയം, ഹൈവേയിൽ തടസമില്ലാത്ത ഗതാഗതം ഉറപ്പാക്കാൻ എൻ.എച്ച്.എ.ഐ, ഐ.എം.സി, ട്രാഫിക് പോലീസ്, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരോട് കളക്ടർ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |