ന്യൂഡൽഹി: അതിർത്തിയിൽ ചൈനീസ് കടന്നുകയറ്റമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ സുപ്രീംകോടതി അതിരൂക്ഷമായി വിമർശിച്ചു. 2000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂമി ചൈന കൈവശപ്പെടുത്തിയെന്ന വിവരം രാഹുലിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. രാഹുൽ അവിടെ ഉണ്ടായിരുന്നോ? എന്തെങ്കിലും തെളിവുകളുണ്ടോ? കൈയിൽ ഒന്നുമില്ലാതെ ഇത്തരം പ്രസ്‌താവനകൾ നടത്തുന്നത് എന്തിനാണെന്നും ചോദിച്ചു.
അതിർത്തിയിൽ സംഘർഷമുണ്ടാകുമ്പോൾ ഇത്തരത്തിൽ പറയാമോ?. ഒരു യഥാർത്ഥ ഇന്ത്യക്കാരനായിരുന്നെങ്കിൽ ഇങ്ങനെയൊന്നും പറയില്ലെന്ന കടുത്ത നിരീക്ഷണവും നടത്തി. അതേസമയം, രാഹുലിനെതിരെ ലക്‌നൗ കോടതിയിലുള്ള മാനനഷ്‌ടക്കേസിലെ തുടർനടപടികൾ മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ലക്നൗ കോടതിയുടെ സമൻസും കേസും
റദ്ദാക്കണമെന്ന രാഹുലിന്റെ ഹർജിയാണ് പരിഗണിച്ചത്. അലഹബാദ് ഹൈക്കോടതി ഇതിനു വിസമ്മതിച്ചിരുന്നു.
ഭാരത് ജോഡോ യാത്രയിലെ രാഹുലിന്റെ പരാമർശങ്ങൾക്കെതിരെ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ) മുൻ ഡയറക്‌ടർ ഉദയ് ശങ്കർ ശ്രീവാസ്‌തവയാണ് മാനനഷ്‌ടക്കേസ് സമർപ്പിച്ചിരുന്നത്. അരുണാചൽ പ്രദേശിൽ ചൈനീസ് പട്ടാളക്കാർ ഇന്ത്യൻ സൈനികരെ മർദ്ദിക്കുന്നുവെന്ന പ്രസംഗം സേനയെ അപകീർത്തിപ്പെടുന്നതാണെന്ന് വാദിച്ചു. 2020ൽ ഗാൽവൻ താഴ്‌വരയിലുണ്ടായ സംഘർഷമാണ് രാഹുൽ ചൂണ്ടിക്കാട്ടിയത്. എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻസുപ്രീം കോടതി ഉത്തരവിട്ടു.
യഥാർത്ഥ പൗരൻ പറയും:
രാഹുലിന്റെ അഭിഭാഷകൻ
പ്രതിപക്ഷ നേതാവെന്ന നിലയിൽ സുപ്രധാന വിഷയങ്ങൾ ഉന്നയിക്കാനാകില്ലെന്ന് വരുന്നത് ദൗർഭാഗ്യകരമായ സാഹചര്യമാണെന്ന് രാഹുലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി കോടതിയിൽ പറഞ്ഞു. മാദ്ധ്യമങ്ങളിൽ വന്ന കാര്യങ്ങളാണിത്. ഇന്ത്യൻ സൈനികരെ മർദ്ദിച്ചു കൊന്നുവെന്നും അത് ആശങ്കാജനകമെന്നും ഒരു യഥാർത്ഥ ഇന്ത്യൻ പൗരൻ പറയുമെന്നും കൂട്ടിച്ചേർത്തു.
അതിർത്തിയിൽ സംഘർഷമുണ്ടാകുമ്പോൾ ഇരുവശത്തും ആൾനാശമുണ്ടാകുന്നത് അസ്വാഭാവികമാണോയെന്ന് കോടതി തിരിച്ചു ചോദിച്ചു. പാർലമെന്റിൽ ഉന്നയിക്കുന്നതിനു പകരം സാമൂഹിക മാദ്ധ്യമങ്ങളിലാണോ ആരോപിക്കുന്നതെന്നും ആരാഞ്ഞു.
വി.ഡി. സവർക്കർക്കെതിരെ പരാമർശം നടത്തിയതിൽ നേരത്തെ ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ച് രാഹുലിനെതിരെ കടുത്ത നിലപാടെടുത്തിരുന്നു. സവർക്കർ സ്വാതന്ത്ര്യ സമരസേനാനിയാണെന്നും മോശം പരാമർശം തുടർന്നാൽ രാഹുലിനെതിരെ സ്വമേധയാ കേസെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |