ഭുവനേശ്വർ: പ്രൊഫസർക്കെതിരെ ലെെംഗികാതിക്രമ പരാതി നൽകിയിട്ടും നടപടി എടുക്കാതിരുന്നതിനെ തുടർന്ന് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിനിയുടെ നില അതീവ ഗുരുതരം. ഒഡീഷയിലെ ബാലസോറിലെ ഫക്കീർ മോഹൻ ഓട്ടോണമസ് കോളേജിലാണ് സംഭവം. 95 ശതമാനം പൊള്ളലേറ്റ് 20കാരി ഭുവനേശ്വറിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
അവൾക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്ന് വിദ്യാർത്ഥിനിയുടെ സഹോദരൻ പറഞ്ഞു. യുവതിയുടെ പരാതി കോളേജ് അധികൃതർ ഗൗരവമായി എടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും യുവതിക്ക് നീതി ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അദ്ധ്യാപകനെതിരെ നൽകിയ പരാതി പിൻവലിക്കാൻ കോളേജ് അധികൃതർ യുവതിയോട് ആവശ്യപ്പെട്ടതായും സഹോദരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'യുവതിയുടെ ശരീരത്തിൽ 95 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇത് വൃക്കളെയും ശ്വാസകോശത്തെയും ബാധിച്ചു. ഇപ്പോഴും യുവതിയുടെ നില ഗുരുതരമാണ്' - ഡോക്ടർ വ്യക്തമാക്കി. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് കോളേജിൽ പെട്രോളൊഴിച്ച് തീകൊളുത്തിയത്. മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകാതെ ജൂൺ മുപ്പതിനാണ് വകുപ്പ് മേധാവി സമീർ കുമാർ സാഹുവിനെതിരെ വിദ്യാർത്ഥിനി പ്രിൻസിപ്പലിന് പരാതി നൽകിയത്.
മോശമായി പെരുമാറിയെന്നും തനിക്ക് വഴങ്ങിയില്ലെങ്കിൽ പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് പരാതിയിലുണ്ട്. എന്നാൽ കോളേജ് അധികൃതർ അദ്ധ്യാപകനെതിരെ ഒരു നടപടിയുമെടുത്തില്ല. തുടർന്ന് ശനിയാഴ്ചയാണ് വിദ്യാർത്ഥിനി സ്വയം തീകൊളുത്തിയത്. രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ട് സഹപാഠികൾക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ഭുവനേശ്വറിലെ എയിംസിലാണ് 20കാരി ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഇവിടെയെത്തി ഡോക്ടർമാരുമായി സംസാരിച്ചു. സമീർ കുമാർ സാഹുവിനെ കഴിഞ്ഞ ദിവസം കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് കോളേജ് പ്രിൻസപ്പിലിനെയും സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |