ലക്‌നൗ: കോടതിയുടെ പുറത്ത് ഭർത്താവിനെ ചെരുപ്പുകൊണ്ട് തല്ലി യുവതി. ഉത്തർപ്രദേശിലെ റാംപൂരിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മുത്തലാഖ് ചൊല്ലിയതോടെയാണ് ഭർത്താവിനെ മർദിച്ചതെന്നാണ് യുവതിയുടെ വിശദീകരണം.
2018ലായിരുന്നു തന്റെ വിവാഹമെന്ന് യുവതി പറയുന്നു. അധികം വൈകാതെ തന്നെ സ്ത്രീധനം ആവശ്യപ്പെട്ടും മറ്റും ഭർത്താവ് മർദിക്കാൻ തുടങ്ങി. രണ്ട് പെൺമക്കളെ പ്രസവിച്ചതിന് പിന്നാലെ വീട്ടിൽ നിന്ന് പുറത്താക്കി. പിന്നീട് ജീവനാംശത്തിനായി കേസ് കൊടുത്തപ്പോൾ മക്കളെ കൂട്ടിക്കൊണ്ടുപോയെന്നും യുവതി ആരോപിക്കുന്നു.
ഭർത്താവിൽ നിന്ന് ജീവനാശം തേടിയുള്ള കേസിൽ കഴിഞ്ഞ വെള്ളിയാഴ്ച കോടതി വാദം കേട്ടിരുന്നു. യുവതി അമ്മായിയോടൊപ്പമാണ് കോടതിയിലെത്തിയത്. ഭർത്താവിനൊപ്പം അയാളുടെ പിതാവും കോടതിയിൽ എത്തിയിരുന്നു. വാദം കഴിഞ്ഞ് കോടതിയിൽ നിന്ന് ഇറങ്ങിയപ്പോൾ, ഭർത്താവും ഭർതൃപിതാവും തന്നെ പിന്തുടരുകയും അസഭ്യം പറയുകയും കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. പിതാവിന്റെ പ്രേരണയാൽ ഭർത്താവ് മൂന്ന് തവണ തലാഖ് ചൊല്ലിയെന്നും അതിനുപിന്നാലെയാണ് താൻ മർദിച്ചതെന്നും യുവതി വ്യക്തമാക്കി.
ഭർത്താവിന്റെ വസ്ത്രത്തിൽ പിടിച്ചുനിർത്തി , യുവതി ചെരുപ്പൂരി അയാളെ തുടർച്ചയായി അടിക്കുകയായിരുന്നു. യുവതിയുടെ ആക്രമണത്തിൽ ഭർത്താവിന്റെ വസ്ത്രം കീറിപ്പോയി. സംഭവം കണ്ട് ആളുകൾ തടിച്ചുകൂടി. അവിടെയുണ്ടായിരുന്ന ആരോ ആണ് വീഡിയോ പകർത്തിയത്. തുടർന്ന് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |