ധാക്ക: രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബംഗ്ലാദേശ് ഉന്നത സൈനിക ഉദ്യോഗസ്ഥൻ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരും സൈന്യവും തമ്മിലുള്ള വിള്ളൽ ശക്തമാകുന്നെന്ന അഭ്യൂഹങ്ങൾക്കിടയിലാണിത്. തിങ്കളാഴ്ച ധാക്കയിൽ നടന്ന പത്രസമ്മേളനത്തിൽ ബംഗ്ലാദേശ് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ എം.ഡി നസിം-ഉദ്-ദൗളയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ ക്ഷേമത്തിനും പരമാധികാരത്തിനുമായി സുരക്ഷ നിലനിറുത്താൻ ശ്രമിക്കും. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അതിന് തുല്യ ഉത്തവാദിത്വമാണുള്ളത്. മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തേക്ക് ഐക്യ രാഷ്ട്രസഭ നിർദ്ദേശിച്ച മാനുഷിക ഇടനാഴിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവേ, സർക്കാരും സൈന്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടക്കുന്ന ചർച്ചകളെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു ഊഹാപോഹത്തിന് ഇവിടെ സ്ഥാനമില്ലെന്നും സർക്കാരും സൈന്യവും പരസ്പരം ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുമെന്നെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ അട്ടിമറി നീക്കത്തിന് സൈന്യം പദ്ധതിയിടുന്നതായി അഭ്യൂഹങ്ങൾക്കിടയിലാണിത്. ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള എല്ലാ മാർഗ്ഗങ്ങളും പരിശോധിക്കാൻ സൈനിക മേധാവി ജനറൽ വാക്കർ-ഉസ്-സമൻ തീരുമാനിച്ചതായി ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. 2025 അവസാനത്തോടെ യൂനുസിനെ സൈന്യം സമ്മർദ്ദത്തിലാക്കുന്നണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.യൂനുസ് തിരഞ്ഞെടുപ്പ് നടത്താതെ അധികാരത്തിൽ കടിച്ചുതൂങ്ങുന്നതിനോട് വാക്കറിന് അതൃപ്തിയുണ്ട്.എന്നാൽ ഇതുവരെ യൂനുസ് ഇതിന് പ്രതികരിച്ചിട്ടില്ല.ഇത് അംഗീകരിക്കാൻ വാക്കർ തയ്യാറല്ല.
ഇടക്കാല സർക്കാരിനെ വെല്ലുവിളിക്കാൻ ഭരണഘടനാപരമായ സാദ്ധ്യതകൾ ഉപയോഗിക്കുന്നത് വാക്കറിന്റെ പരിഗണനയിലുണ്ട്. പാർലമെന്റ് പിരിച്ചുവിട്ടാൽ 90 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഭരണഘടനയിൽ പറയുന്നുണ്ട്. അതിനാൽ ഇടക്കാല സർക്കാരിന്റെ നിയമപരമായ അടിത്തറ ദുർബലമാണ്.
തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികളെ മുന്നിൽ കൊണ്ടുവരാനും വാക്കറിന് പദ്ധതിയുണ്ട്. മുൻ പ്രധാനമന്ത്റി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) സർക്കാരിനെതിരെ പ്രതിഷേധവുമായി കഴിഞ്ഞ ആഴ്ച തെരുവിലിറങ്ങിയിരുന്നു. യൂനുസിൽ നിന്ന് അധികാര കൈമാറ്റം സാദ്ധ്യമായില്ലെങ്കിൽ ബംഗ്ലാദേശ് രാഷ്ട്രീയത്തിന്റെ താത്കാലിക നിയന്ത്രണം സൈന്യം ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |