ലോസ് ആഞ്ചലസ്: കുടിയേറ്റ നയത്തിനെതിരെ കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ ആരംഭിച്ച പ്രതിഷേധം തുടരുന്നതിനിടെ മറീനുകളെ (കരയിലും വെള്ളത്തിലും ഒരുപോലെ യുദ്ധം ചെയ്യുന്ന യു.എസ് നാവികസേനയുടെ കമാൻഡോ വിഭാഗം) വിന്യസിച്ച് യു.എസ്. പ്രതിഷേധം അടിച്ചമർത്താന്‍ ട്രംപ് നാഷണൽ ഗാർഡിനെ ഇറക്കിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതോടെയാണ് മറീനുകളെ വിന്യസിപ്പിച്ചത്. തിങ്കളാഴ്ച 700 പേർ വരുന്ന യു.എസ് മറീൻ സംഘത്തെ സംഘർഷം നടക്കുന്ന ലോസ് ആഞ്ചലസിലേക്ക് അയച്ചുവെന്ന് മുതിർന്ന യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാഷനൽ ഗാർഡിനെ സഹായിക്കുന്നതിന് വേണ്ടിയാണ് മറീനുകളെ അയച്ചതെന്നും സംഘർഷം തുടർന്നാൽ ഇവരുടെ എണ്ണം 2000 ആയി ഉയർത്തിയേക്കാം. നാഷ്ണൽ ഗാർഡിലെ 2000 സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി അധികമായി വിന്യസിക്കുമെന്നും റിപ്പോർട്ടുണ്ട്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ലോസ് ആഞ്ചലസിൽ റെയ്ഡുകൾ ശക്തമാക്കിയതിനെ തുടർന്ന് നിരവധി പേർ കുടിയേറ്റ നിയമം ലംഘിച്ചെന്ന പേരിൽ അറസ്റ്റിലായി. ഇതോടെയാണ് വെള്ളിയാഴ്ചയാണ് പാരാമൗണ്ട് അടക്കമുള്ള ഭാഗങ്ങളിൽ ലാറ്റിൻ വംശജരുടെ നേതൃത്വത്തിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
പ്രതിഷേധക്കാർ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും ഫെഡറൽ കെട്ടിടങ്ങളെയും പൊലീസുകാരെയും ആക്രമിക്കുകയും ചെയ്തിതിന് പിന്നാലെ ട്രംപ് സൈന്യത്തെ ഇറക്കി. സംസ്ഥാന ഗവർണർമാരാണ് റിസേർവ് സേനാ വിഭാഗത്തിൽപ്പെട്ട നാഷണൽ ഗാർഡിനെ സാധാരണ വിന്യസിക്കുന്നത്. നിയമപരമായ പ്രത്യേക വ്യവസ്ഥ അടിസ്ഥാനമാക്കിയാണ് ട്രംപ് ന്യൂസത്തിന്റെ എതിർപ്പ് മറികടന്ന് നാഷണൽ ഗാർഡിനെ വിന്യസിച്ചത്.
അതേസമയം, ചെറിയ തോതിൽ തുടങ്ങിയ പ്രതിഷേധങ്ങൾ സൈനിക ഇടപെടലിലൂടെ ആളിക്കത്തിക്കാനാണ് ട്രംപിന്റെ ശ്രമമെന്ന് ആരോപണമുണ്ട്. ഞായറാഴ്ചയും പ്രതിഷേധക്കാരും പൊലീസും തമ്മിൽ കല്ലേറും കണ്ണീർവാതക പ്രയോഗങ്ങളുമുണ്ടായി. നിരവധിപേർ അറസ്റ്റിലായി. ചിലയിടങ്ങളിൽ വാഹനങ്ങൾ കത്തിച്ചു. റെയ്ഡുകൾ അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരുമെന്ന് വിവിധ സംഘടനകൾ അറിയിച്ചു. പലയിടത്തും പ്രതിഷേധം ഏറ്റുമുട്ടലിൽ കലാശിച്ചതോടെ പാരമൗണ്ട് ഉൾപ്പെടെയുള്ള സംഘര്‍ഷബാധിത മേഖലകളിൽ കൂട്ടംചേരൽ നിരോധിച്ചു.
പ്രതിഷേധം പല സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതായാണ് റിപ്പോർട്ട്. സാന്താ അന, സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് സിറ്റി, അറ്റ്ലാന്റ, ലൂയിസ്‌വില്ലെ, കെന്റക്കി, ഡാളസ്, ബോസ്റ്റൺ, പിറ്റ്‌സ്ബർഗ്, ഷാർലറ്റ്, സിയാറ്റിൽ, വാഷിംഗ്ടൺ, കണക്റ്റിക്കട്ട് എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യൻ വിദ്യാർത്ഥിയോട് ക്രൂരത
ന്യൂജേഴ്‌സി: ന്യൂവാർക്ക് വിമാനത്താവളത്തിൽ വച്ച് ഇന്ത്യൻ വിദ്യാർത്ഥിയെ അധികൃതർ കൈയാമം വയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വൻ പ്രതിഷേധം. ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ കുനാൽ ജെയിൻ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജൂൺ ഏഴിന് സംഭവം. താൻ യാത്ര ചെയ്യുന്ന അതേ വിമാനത്തിൽ കയറേണ്ടിയിരുന്ന വിദ്യാർത്ഥിയെ വിമാനത്തിൽ കയറ്റാതെ പിന്നീട് നാടുകടത്തുകയായിരുന്നുവെന്ന് ജെയിൻ പറയുന്നു. വിഷയത്തിൽ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇടപെട്ട് വിദ്യാർത്ഥിക്ക് സഹായം നൽകണമെന്നും വിദ്യാർത്ഥി ഹരിയാനവി സംസാരിക്കുന്നതായി തോന്നിയെന്നും ജെയിൻ കൂട്ടിച്ചേർത്തു.
ആൾക്കൂട്ടത്തിൽ വെച്ച് പൊലീസുകാർ യുവാവിനെ നിലത്തേക്ക് വലിച്ചിട്ട് കമഴ്ത്തി കിടത്തിയ ശേഷം വിലങ്ങ് വെയ്ക്കുന്നത് വീഡിയോയിൽ കാണാം. നാല് പൊലീസുകാർ ചേർന്നാണ് യുവാവിനെ ബലം പ്രയോഗിച്ച് നിലത്തേക്ക് ചേർത്ത് അമർത്തുന്നത്. രണ്ട് പൊലീസുകാർ കാൽമുട്ട് യുവാവിന്റെ ശരീരത്തിൽ വെച്ച് അമർത്തിപ്പിടിക്കുകയും തുടർന്ന് യുവാവിന്റെ കൈകളും കാലുകളും ബന്ധിപ്പിക്കുകയായിരുന്നു.
വിഷയത്തിൽ പ്രതികരണവുമായി ഇന്ത്യൻ എംബസി രംഗത്തെത്തി. നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യക്കാരന് നേരെയുണ്ടായ ആക്രമണം കണ്ടെന്നും ഇക്കാര്യത്തിൽ അധികൃതരുമായി ബന്ധപ്പെടുകയാണെന്നും ഇന്ത്യക്കാരുടെ ക്ഷേമത്തിൽ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്നും കോൺസുലേറ്റ് വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |