ഗാസ സിറ്റി: ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. സഹായ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. ഒരു മാദ്ധ്യമപ്രവർത്തകനും മൂന്ന് ആരോഗ്യപ്രവർത്തകരും കൊല്ലപ്പെട്ടു.
പടിഞ്ഞാറൻ റഫയിൽ യു.എസ് പിന്തുണയോടെ പ്രവർത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായ കേന്ദ്രത്തിന് നേരെയുണ്ടായ ഇസ്രയേൽ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടു. സെൻട്രൽ ഗാസയിലും സഹായ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 92 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം പിടികൂടിയ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിനെയും സംഘത്തെയും സൈന്യം കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു. ചൊവ്വാഴ്ച്ച രാവിലെയോടെ ഫ്രാൻസിലേക്ക് സംഘത്തെ നാടുകടത്തുകയായിരുന്നു. അന്താരാഷ്ട്ര ജലാശയത്തിൽ വെച്ച് ഇസ്രായേൽ തന്നെയും പലസ്തീൻ അനുകൂല പ്രവർത്തകരെയും തട്ടിക്കൊണ്ടുപോയതായും നാടുകടത്തുന്നതിന് മുമ്പ് നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതായി വ്യക്തമാക്കുന്ന രേഖയിൽ ഒപ്പിടാൻ താൻ വിസമ്മതിച്ചതായും ഗ്രേറ്റ പറഞ്ഞു.ഇസ്രയേലിൽ നിന്ന് നാട് കടത്തപ്പെട്ടതിന് ശേഷം പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലെ ആഗമന വിഭാഗത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ഗാസയിൽ സഹിയം എത്തിക്കാൻ ശ്രമിച്ചത് പ്രശസ്തിക്ക് വേണ്ടിയാണെന്ന തരത്തിലെ വാർത്തകൾ തെറ്റാണെന്നും മറ്റ് പ്രതികരണങ്ങൾക്ക് താനില്ലെന്നും നല്ലപോലെ ഉറങ്ങാനാണ് താനിപ്പോൾ ആഗ്രഹിക്കുന്നതെന്നും ഗ്രേറ്റ പറഞ്ഞു. തിങ്കളാഴ്ച്ച ഈജിപ്ഷ്യൻ തീരത്തിന് സമീപത്ത് നിന്നാണ് ഗ്രേറ്റ തുൻബർഗും സംഘവും ഗാസയിലേക്ക് സഹായ വിതരണവുമാ.യി പുറപ്പെട്ട 'മാഡ്ലീൻ " എന്ന കപ്പൽ ഇസ്രയേൽ സൈന്യം പിടിച്ചെടുത്തത്. കടൽ ഉപരോധം ലംഘിക്കരുതെന്ന മുന്നറിയിപ്പിന് പിന്നാലെ തിങ്കളാഴ്ച പുലർച്ച മൂന്നോടെയാണ് ഇസ്രായേൽ നാവിക സേനയും അതിർത്തി സുരക്ഷസേനയും മാഡ്ലീൻ " കപ്പൽ പിടിച്ചെടുത്തത്. കപ്പൽ ഇസ്രയേലിലെ അഷ്ദോദ് തുറമുഖത്തേക്ക് മാറ്റുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |