തിരുവനന്തപുരം: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ശുഭാംശു ശുക്ളയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര വീണ്ടും മാറ്റി. ക്രൂഡ്രാഗൺ പേടകത്തെ ബഹിരാകാശത്ത് എത്തിക്കുന്ന സ്പെയ്സ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഇന്ധനച്ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണിത്. ഇന്നലെ വൈകിട്ട് 5.30നായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. നാലാം തവണയാണ് യാത്ര മാറ്റുന്നത്.
പുതിയ തീയതി വൈകിയേക്കും. റോക്കറ്റിന്റെ തകരാർ പരിഹരിക്കാനെടുക്കുന്ന സമയം വ്യക്തമല്ലാത്തതും പുതിയ ലോഞ്ച് വിൻഡോയുടെ കാര്യത്തിൽ തീരുമാനമാകാത്തതുമാണ് കാരണം. ജൂൺ 30വരെ ലോഞ്ച് വിൻഡോ കിട്ടാൻ പ്രയാസമാണെന്നാണ് സൂചന. ജൂലായ് ആദ്യവാരം റഷ്യൻ ബഹിരാകാശ ചരക്ക് പേടകമായ പ്രോഗ്രസ് വിക്ഷേപിക്കുന്നതിന് ലോഞ്ച് വിൻഡോ അനുവദിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് ജൂലായ് രണ്ടാംവാരം അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ.
മറ്റ് രാജ്യങ്ങൾ വിക്ഷേപണം നടത്തുന്ന തീയതികൾ കണക്കിലെടുത്തും ബഹിരാകാശത്തെ വിവിധ ഭ്രമണപഥങ്ങളിലെ തിരക്ക്,സൂര്യന്റെ താപവ്യതിയാനങ്ങൾ, ബാഹ്യവസ്തുക്കളുടെ സഞ്ചാരപഥങ്ങൾ ഭൂമിക്ക് അടുത്തേക്ക് വരുന്നത് തുടങ്ങിയവ പരിഗണിച്ചുമാണ് ലോഞ്ച് വിൻഡോ നിശ്ചയിക്കുക. കമാൻഡറായ പെഗ്ഗി വിറ്റ്സൺ, സ്ലാവോസ് വിസ്നീവ്സ്കി, ടിബോർ കാപു എന്നിവരാണ് ശുഭാംശുവിന്റെ സഹയാത്രികർ.
മാറ്റിവയ്ക്കലും കാരണങ്ങളും
മേയ് 29- ഒരുക്കങ്ങൾ പൂർത്തിയായില്ല.
ജൂൺ 8 - പ്രതികൂല കാലാവസ്ഥ
ജൂൺ 10- പ്രതികൂല കാലാവസ്ഥ
ജൂൺ 11 - സാങ്കേതിക തകരാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |