വാഷിംഗ്ടൺ : ശതകോടീശ്വരനും ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോൺ മസ്‌കിനെതിരെ നാടുകടത്തൽ ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന ടാക്സ്-ബഡ്ജറ്റ് ബില്ലിനെ മസ്ക് വിമർശിക്കുന്നത് തുടരുന്നതിനിടെയാണ് ട്രംപ് രംഗത്തെത്തിയത്. മസ്കിനെ നാടുകടത്തുമോ എന്ന ചോദ്യത്തിന് 'തനിക്ക് അറിയില്ല, നമുക്ക് നോക്കേണ്ടി വരും" എന്നാണ് ട്രംപ് ഇന്നലെ പ്രതികരിച്ചത്.
മസ്ക് കട അടച്ച് ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു പോകേണ്ടി വരുമെന്ന് സോഷ്യൽ മീഡിയയിലൂടെയും ട്രംപ് വിമർശിച്ചിരുന്നു. അമേരിക്കൻ, ദക്ഷിണാഫ്രിക്കൻ പൗരത്വം മസ്കിനുണ്ട്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്ക് കാനഡയിലേക്കും പിന്നീട് യു.എസിലേക്കും കുടിയേറുകയായിരുന്നു. ബില്ല് പ്രാബല്യത്തിൽ വന്നാൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സർക്കാർ സബ്സിഡി ഇല്ലാതാകും.
മസ്കിന്റെ ടെസ്‌ലയെ ഇത് ബാധിക്കും. ഇക്കാരണത്താൽ ട്രംപിനെതിരെ രംഗത്തെത്തിയ മസ്ക്, ബില്ല് ഖജനാവ് കാലിയാക്കുമെന്നും ആരോപിക്കുന്നു. ബില്ലിനെ അനുകൂലിക്കുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും മസ്കും ഭീഷണി മുഴക്കിയിട്ടുണ്ട്. ബില്ലിന്റെ പേരിൽ മസ്കും ട്രംപും കഴിഞ്ഞ മാസവും സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ വാക്ക്‌പോര് നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |