ടെൽ അവീവ്: പട്ടിണി മൂലം മരണങ്ങൾ തുടരുന്നതിനിടെ,ഗാസയിൽ ഭക്ഷ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിരുകളില്ലാതെ ആളുകൾക്ക് ഇവിടേക്ക് കടന്നു ചെല്ലാൻ കഴിയുമെന്നും ട്രംപ് വ്യക്തമാക്കി. യു.എസ് പദ്ധതിയെ പിന്തുണയ്ക്കുമെന്ന് യു.കെയും അറിയിച്ചു.
ഗാസ കടുത്ത ക്ഷാമത്തിലൂടെയാണ് നീങ്ങുന്നതെന്ന് സമ്മതിച്ച ട്രംപ്,ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചില്ലെങ്കിൽ ചില ബദൽ മാർഗ്ഗങ്ങൾ നടപ്പാക്കുമെന്നും പറഞ്ഞു. സ്കോട്ട്‌ലൻഡിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഇന്നലെ 14 പേർ കൂടി മരിച്ചതോടെ ഗാസയിൽ മതിയായ ഭക്ഷണം കിട്ടാതെ മരിച്ചവരുടെ എണ്ണം 147 ആയി.
അതേസമയം, സാധാരണക്കാരിലേക്ക് ഭക്ഷണവും മരുന്നും എത്തിക്കാനായി ഇസ്രയേൽ പ്രഖ്യാപിച്ച ഇളവുകൾ ഗാസയിൽ നടപ്പാക്കിത്തുടങ്ങി. സഹായവിതരണം ലക്ഷ്യമിട്ട് ഞായറാഴ്ച മുതൽ അൽ-മവാസി, ദെയ്ർ അൽ-ബലാഹ്, ഗാസ സിറ്റി മേഖലകളിൽ രാവിലെ 10 മുതൽ രാത്രി 8 വരെ ഇസ്രയേൽ ആക്രമണം നിറുത്തിവയ്ക്കുന്നുണ്ട്. വിദേശ രാജ്യങ്ങളും ഇസ്രയേലും ഭക്ഷണം അടക്കം സഹായ പാക്കേജുകൾ വിമാനങ്ങളിൽ നിന്ന് എയർഡ്രോപ്പും ചെയ്യുന്നുണ്ട്.
സഹായ വിതരണത്തിനുണ്ടായിരുന്ന ഏതാനും നിയന്ത്രണങ്ങൾ നീങ്ങിയെന്ന് യു.എന്നിന്റെ സഹായ ഏജൻസി സ്ഥിരീകരിച്ചു. പ്രതിദിനം 600 സഹായ ട്രക്കുകളെങ്കിലും ഗാസയിലേക്ക് എത്തിയാൽ മാത്രമേ ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണാൻ സാധിക്കൂ. ഞായറാഴ്ച യു.എന്നിന്റെ 120ലേറെ ട്രക്കുകൾ ഗാസയിലെത്തിയിരുന്നു. അതേസമയം, ഇന്നലെ 65 പേരാണ് ഗാസയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ആകെ മരണം 59,920 കടന്നു.
ഗാസയിലേക്ക് കൂടുതൽ സഹായങ്ങൾ അനുവദിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനം സ്വാഗതാർഹമാണ്. എന്നാലും, ഇപ്പോഴത്തെ സഹായ വിതരണം സമുദ്രത്തിലെ ഒരു തുള്ളി ജലത്തിന് സമാനമാണ്. വരും ദിവസങ്ങൾ നിർണായകമാണ്.
- ടോം ഫ്ലെച്ചർ,
യു.എൻ മാനുഷിക സഹായ വിഭാഗം മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |