കൊല്ലം: മിഥുൻ ഇന്നലെ രാവിലെയാണ് മരിച്ചത്. വിദേശത്തുള്ള അമ്മ സുജ അറിഞ്ഞത് ഇന്നലെ വൈകിട്ട്. കടലിനക്കരെയിരുന്ന് പൊന്നുമോനേ... എന്ന് നിലവിളിക്കുകയാണ് ആ അമ്മ. കുവൈറ്റിൽ ഹൗസ് മെയ്ഡായി ജോലി ചെയ്യുന്ന സുജ ആ വീട്ടുകാർക്കൊപ്പം തുർക്കിയിലേക്ക് പോയതാണ്. തുച്ഛമായ ശമ്പളം. സുജയുടെ ഫോണിൽ തുർക്കിയിലെ സിം കാർഡില്ല. രണ്ട് ദിവസം കൂടുമ്പോൾ വൈഫൈ കണക്ട് ചെയ്താണ് വീട്ടിലേക്ക് വിളിച്ചിരുന്നത്. കുവൈറ്റിലുള്ള ബന്ധുവായ സ്ത്രീ വഴി സുജ ജോലി ചെയ്യുന്ന കുടുംബത്തെ ബന്ധപ്പെട്ടാണ് വിവരം അറിയിച്ചത്. ഇന്ന് കുവൈറ്റിലെത്തുന്ന സുജ, നാളെ പൊന്നുമകനെ അവസാനമായി കാണാൻ നാട്ടിലെത്തും.
12 വർഷം മുമ്പ് ഇ.എം.എസ് ഭവന പദ്ധതിയിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെ നിർമ്മിച്ചതാണ് പടിഞ്ഞാറെ കല്ലട വിളന്തറയിലുള്ള മനുവിന്റെ വീട്. ഓടുകൾ പലതും തകർന്ന് ചോർന്നൊലിക്കുകയാണ്. സഹോദരിയുടെ വിവാഹത്തിന് മനു ഈ വീടും ഭൂമിയും പണയപ്പെടുത്തി സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പ ലക്ഷങ്ങളായി പെരുകി. കൽപ്പണിക്കാരനായ മനുവിന് കിട്ടുന്ന കൂലി കഷ്ടിച്ച് വീട് പുലർത്താനെ തികയൂ. വായ്പയുടെ പലിശ പെരുകി കിടപ്പാടം ജപ്തിയാകാതിരിക്കാനാണ് ആറുമാസം മുമ്പ് സുജ മനസില്ലാ മനസോടെ കുവൈറ്റിലേക്ക് പോയത്.
എന്റെ പൊന്നുമോനെ ഇങ്ങ് വിളിച്ചോണ്ട് വാ... എന്ന് നെഞ്ചത്തടിച്ച് നിലവിളിക്കുന്ന മിഥുന്റെ അച്ചാമ്മ മണിയമ്മയെ ആശ്വാസിപ്പിക്കാനാകാതെ ബന്ധുകളും തേങ്ങുകയാണ്. കരഞ്ഞുതളർന്ന് അയൽവീടിന്റെ തിണ്ണയിൽ തലയിൽ കൈവച്ചിരിക്കുകയാണ് മനു. അടിപിടി കൂടാൻ ചേട്ടനില്ലാതെ ഇരുട്ട് നിറഞ്ഞ മുറിക്കുള്ളിൽ ആരും കാണാതെയിരിക്കുകയാണ് അനുജൻ സുജിൻ.
അച്ഛന് ഉമ്മ നൽകി
അവസാന യാത്ര
എല്ലാദിവസവും രാവിലെ ഏഴിന് മിഥുൻ ട്യൂഷൻ സെന്ററിലേക്ക് പോകും. അച്ഛന് പണിയില്ലാത്ത ദിവസങ്ങളിൽ സ്കൂട്ടറിൽ കൊണ്ടാക്കും. ഒരു സൈക്കിൾ വേണമെന്ന് മിഥുൻ രണ്ട് വർഷമായി പറയുന്നുണ്ടെങ്കിലും കടമൊഴിയാത്ത അച്ഛന് വാങ്ങിനൽകാനായില്ല. അച്ഛൻ പണിക്ക് പോകുന്ന ദിവസങ്ങളിൽ കൂട്ടുകാർക്കൊപ്പം നടന്നാണ് പോകുന്നത്. ഇന്നലെ മഴയായതിനാൽ മനുവിന് പണിയില്ലായിരുന്നു. അതുകൊണ്ട് സ്കൂട്ടറിൽ മിഥുനെ ട്യൂഷൻ സെന്ററിലാക്കി. പോകുന്നതിനുമുമ്പ് മനുവിന്റെ നെറുകയിൽ ഒരു ഉമ്മ നൽകുന്നത് പതിവാണ്. ഇന്നലെ അവസാന ഉമ്മ നൽകി മിഥുൻ പോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |