പൊൻകുന്നം: ഹോട്ടലുകളിലടക്കം കേരളത്തിലെ വിവിധ തൊഴിൽ മേഖലകളിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ചിലർ സ്ഥിരം തലവേദനയാകുന്നുവെന്ന് ആക്ഷേപം. ഇവർ ഉണ്ടാക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും സമാധാനം പറയേണ്ടത് തൊഴിലുടമകളാണ്.കഴിഞ്ഞദിവസം ഈരാറ്റുപേട്ടയിലെ ഒരു ഹോട്ടലിൽ കൂടെ ജോലിചെയ്യുന്ന തൊഴിലാളിയുടെ പണവും മൊബൈൽഫോണും മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ ഹോട്ടൽ ഉടമ കയ്യോടെ പിടികൂടി പൊലീസിൽ ഏല്പിച്ചു. പതിവ് സംഭവം എന്നതിലപ്പുറം ഇതിനെ ആരും അത്ര ഗൗരവമായി കാണാറില്ല.
ഈരാറ്റുപേട്ടയിലെ ബ്രദേഴ്സ് എന്ന ഹോട്ടലിലായിരുന്നു സംഭവം.അന്യസംസ്ഥാനതൊഴിലാളികളാണ് ഇരുവരും. മോഷ്ടിച്ച് കടന്നത് ഹോട്ടലിൽ പൊറോട്ട അടിക്കുന്നയാളാണ്. തലേന്ന് ഹോട്ടലുടമ വഴക്കുപറഞ്ഞതാണ് രാവിലെ മോഷണം നടത്തി സ്ഥലം വിടാൻ കാരണം. അന്നേ ദിവസം കട തുറക്കാനായില്ല. ഹോട്ടലിലലെ മറ്റ് തൊഴിലാളികൾക്ക് പണിയില്ലാതായി. ഒരുക്കിവെച്ച സാധനങ്ങൾ അത്രയും നഷ്ടം.കേസിന് പുറകേ ഹോട്ടൽ ഉടമയും നടക്കണം.നാട്ടുകാരായ തൊഴിലാളികളെ കിട്ടാനില്ലാത്തതുകൊണ്ടാണ് അന്യസംസ്ഥാനതൊഴിലാളികൾക്ക് അവസരം നൽകുന്നത്.
തമ്മിലടി,മോഷണം,പ്രേമം,മദ്യപാനം,ലഹരിഉപയോഗം,അനാശാസ്യപ്രവർത്തനങ്ങൾ തുടങ്ങി ഇവർ ഉണ്ടാക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും തൊഴിലുടമ ഉത്തരം പറയേണ്ടിവരും.ഒപ്പം ധനനഷ്ടവും സമയനഷ്ടവും മറ്റ് കഷ്ടപ്പാടുകളും.ഈരാറ്റുപേട്ടയിലെ സംഭവത്തിൽ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ ജില്ലാ നേതാക്കൾവരെ ഇടപെട്ടു.അവരുടെ സമയവും നഷ്ടപ്പെട്ടു എന്നതല്ലാതെ അതുകൊണ്ട് ഒരുഫലവും ഉണ്ടാകുന്നില്ലെന്നും പരാതി ഉയരുന്നു.
ഏറെയും നല്ലവർ, ക്രിമിനലുകളെ പൂട്ടണം
വിശ്വസിച്ച് ഒരു പണി ഏല്പിച്ചാൽ അത് കൃത്യമായും ഉത്തരവാദിത്വത്തോടെയും ചെയ്യുന്ന നല്ല തൊഴിലാളികളാണ് അന്യസംസ്ഥാനക്കാരിലേറെയും.ഒപ്പം ചിലക്രിമിനലുകളും ഉണ്ട്.വളരെ ചെറിയ ശതമാനമാണെങ്കിലും ഇവരെ തിരിച്ചറിയാൻകഴിയണം.കുറ്റകൃത്യങ്ങൾ ഉണ്ടാകാതിരിക്കണം. ഇതിനൊരു ശാശ്വതപരിഹാരം കാണുന്നതിനുള്ള നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |