
തിരുവനന്തപുരം: തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപാതയുടെ പദ്ധതിരേഖ (ഡി.പി.ആർ) മേയ് അവസാനത്തോടെ തയ്യാറാക്കുമെന്നും കേന്ദ്രാനുമതി നേടിയെടുത്ത് 5വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നും ഇ.ശ്രീധരൻ. നിലവിലെ റെയിൽവേ ലൈനുമായി ബന്ധമുണ്ടാവില്ല. എന്നാൽ റെയിൽവേ സ്റ്റേഷനുകൾക്കടുത്തായിരിക്കും അതിവേഗ റെയിലിലെയും സ്റ്റേഷനുകൾ.
മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 180കി.മി വേഗമുള്ള പാതയിൽ 20- 30കി.മി ഇടവിട്ട് രണ്ട് ടെർമിനൽ സ്റ്റേഷനുകളടക്കം 20 സ്റ്റേഷനുകളുണ്ടാവും. 465കി.മി ദൂരം 3.20മണിക്കൂർ കൊണ്ടെത്താം. എ.സി ചെയർകാറിലും വന്ദേഭാരതിലും കുറഞ്ഞ നിരക്കായിരിക്കും. കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ മൂന്ന് മാസത്തിനകം നിർമ്മാണം തുടങ്ങുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയേഴ്സ് ഹാളിൽ നടത്തിയ പ്രഭാഷണത്തിൽ ഇ.ശ്രീധരൻ പറഞ്ഞു.
54000കോടിയാണ് ചെലവ്. നടത്തിപ്പിന് കേന്ദ്രത്തിന് 51%, സംസ്ഥാനത്തിന് 49% ഓഹരിയുള്ള കമ്പനിയുണ്ടാക്കും. ചെയർമാൻ കം മാനേജിംഗ് ഡയറക്ടർ കേന്ദ്രസർക്കാർ നോമിനിയായിരിക്കും. ചെലവിന്റെ 70% കേന്ദ്ര-സംസ്ഥാന വിഹിതമാണ്. 30% വായ്പയായും ബോണ്ടിറക്കിയും സമാഹരിക്കും. കേന്ദ്രസർക്കാർ 20171കോടിയും സംസ്ഥാനം 19380കോടിയും മുടക്കണം. കേന്ദ്രത്തിന് പ്രതിവർഷം 4034കോടിയുടെയും സംസ്ഥാനത്തിന് 3876കോടിയുടെയും ബാധ്യതയുണ്ടാവും.
തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം വിമാനത്താവളം, വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല, കോട്ടയം, വൈക്കം, എറണാകുളം ബൈപ്പാസ്, നെടുമ്പാശേരി വിമാനത്താവളം, തൃശൂർ, പട്ടാമ്പി, മലപ്പുറം, കരിപ്പൂർ വിമാനത്താവളം, കോഴിക്കോട്. കൊയിലാണ്ടി, വടകര, തലശേരി, കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റേഷനുകളുണ്ടാവും. സ്റ്റാൻഡേർഡ് ഗേജിൽ ഇരട്ടപ്പാതയായിരിക്കും. 445കിലോമീറ്റർ പാതയിൽ 20കിലോമീറ്റർ ഭൂഗർഭ പാതയാണ്. 180കി.മി വേഗതയിൽ ട്രെയിനോടിക്കാം. ശരാശരി വേഗത 158കിലോമീറ്ററായിരിക്കും. ഭൂഗർഭ പാതയ്ക്കല്ലാതെ ഭൂമിയേറ്റെടുക്കൽ ആവശ്യമില്ല. എലിവേറ്റഡ് പാതയ്ക്ക് 20മീറ്റർ വീതിയിൽ ഭൂമി മതിയാവും. നിർമ്മാണം പൂർത്തിയാക്കിയാൽ ഭൂമി ഉടമയ്ക്ക് തിരികെ നൽകും.
എട്ട് കോച്ചുകളുള്ള ട്രെയിനാണോടിക്കുക. 560പേർക്ക് യാത്രചെയ്യാം.തിരക്കുള്ള സമയത്ത് 30മിനിറ്റ്, അല്ലാത്തപ്പോൾ ഒരുമണിക്കൂർ ഇടവിട്ട് ട്രെയിനുകളോടിക്കും.
രണ്ടാംഘട്ടത്തിൽ
പാറശാലയിലേക്കും
രണ്ടാംഘട്ടത്തിൽ കണ്ണൂരിൽ നിന്ന് മംഗളുരുവിലേക്കും കോഴിക്കോട്ട് നിന്ന് കൽപ്പറ്റയിലേക്കും പട്ടാമ്പിയിൽ നിന്ന് പാലക്കാട്ടേക്കും തൃശൂരിൽ നിന്ന് പാലക്കാട്ടേക്കും ഗുരുവായൂരിലേക്കും പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്കും തിരുവനന്തപുരത്ത് നിന്ന് പാറശാലയിലേക്കും പാത നീട്ടാം. ഇതിന് 35000കോടി ചെലവുണ്ടാവും.
ടിക്കറ്റ് നിരക്ക്
(ബ്രായ്ക്കറ്റിൽ യാത്രാസമയം)
തിരുവനന്തപുരം- കോഴിക്കോട്.......................... 640 (2.2മണിക്കൂർ)
തിരുവനന്തപുരം- എറണാകുളം........................440 (1.2)
എറണാകുളം- കോഴിക്കോട്..................................420 (1.10)
കോഴിക്കോട്-കണ്ണൂർ.................................................305 (50മിനിറ്റ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |