
ശിവഗിരി: ശിവഗിരി മഠവും രാജീവ്ഗാന്ധി പഠനഗവേഷണകേന്ദ്രവും സംയുക്തമായി നാളെ കൊല്ലത്തു സംഘടിപ്പിക്കുന്ന ഗുരു-ഗാന്ധി സമാഗമ ശതാബ്‌ദി ആഘോഷ സമ്മേളന വേദിയിൽ ജ്വലിപ്പിക്കാനുള്ള ദീപശിഖാജാഥ ശിവഗിരി മഹാസമാധിയിൽ നിന്ന് ഇന്ന് പുറപ്പെടും. പ്രത്യേകപ്രാർത്ഥനകൾക്കു ശേഷം രാവിലെ 11ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജാഥാക്യാപ്ടനും കെ.പി.സി.സി - ഒ.ബി.സി വിഭാഗം സംസ്ഥാന ചെയർമാനും ഗുരുധർമ്മപ്രചരണസഭ- യുവജനസഭ ചെയർമാനുമായ രാജേഷ് സഹദേവന് ദീപശിഖ കൈമാറും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിക്കും. വർക്കല മൈതാനം, റെയിൽവേസ്റ്റേഷൻ, അയിരൂർ , പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം വഴി വൈകിട്ട് അഞ്ചിന് ചിന്നക്കടയിലെത്തും. ദീപശിഖായാത്രയും ഛായാചിത്ര ജാഥയും കൊടിമരപതാക ജാഥയും സംഗമിച്ച് വൈകിട്ട് ആറിന് സമ്മേളനം നടക്കുന്ന ആശ്രാമം മൈതാനത്തെത്തും.നാളെ രാവിലെ 11ന് സമാഗമശതാബ്‌ദി സമ്മേളനം ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |